Trending Now

സ്ഥലം ഇല്ല : കോന്നി താലൂക്ക്ആശുപത്രിയിലെ വാക്സിനേഷന്‍ കേന്ദ്രം സ്കൂളിലേക്ക് മാറ്റും

തണ്ണിത്തോട്, കോന്നി പഞ്ചായത്തുകളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എം എല്‍ എ വിലയിരുത്തി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തണ്ണിത്തോട്, കോന്നി പഞ്ചായത്തുകളില്‍ അടിയന്തര യോഗം ചേര്‍ന്നു. രോഗികളുടെ എണ്ണവും ടിപിആറും ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് എംഎല്‍എ നേരിട്ട് യോഗം വിളിച്ചത്.

തണ്ണിത്തോട്ടില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ണീറ കോവിഡ് സെന്റര്‍ ഡൊമിസിലറി കെയര്‍ സെന്ററാക്കി മാറ്റി മേയ് 24 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് തീരുമാനിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം ചേരും.

 

എല്ലാ ദിവസവും തണ്ണിത്തോട് പഞ്ചായത്തില്‍ കോവിഡ് അവലോകനം നടത്തി നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. ആംബുലന്‍സ് ഉള്‍പ്പടെ അഞ്ചു വാഹനം യാത്രയ്ക്കായി പഞ്ചായത്ത് ക്രമീകരിക്കണം. സമൂഹ അടുക്കള ഉടന്‍ ആരംഭിക്കാനും തീരുമാനമായി. വോളന്റിയര്‍മാര്‍ക്ക് ബാഡ്ജ് നല്കി സേവനത്തിനിറക്കും. പഞ്ചായത്തിന്റെ ഭാഗത്ത് നല്ല ജാഗ്രത ഉണ്ടാകണമെന്നും വീഴ്ച ഉണ്ടായാല്‍ സ്ഥിതി അപകടകരമായി മാറുമെന്നും എംഎല്‍എ പറഞ്ഞു.

കോന്നി പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു. താലൂക്ക് അശുപത്രിയിലെ വാക്സിനേഷന്‍ കേന്ദ്രം സ്ഥലപരിമിതി മൂലം റിപ്പബ്ലിക്കന്‍ സ്‌കൂളിലേക്കു മാറ്റാന്‍ തീരുമാനിച്ചു. അതിഥി തൊഴിലാളികള്‍ക്കു രോഗം വന്നാല്‍ പ്രത്യേകം മാറ്റി സംരക്ഷണം ഒരുക്കണം. വാര്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും തീരുമാനമായി.

എംഎല്‍എയെ കൂടാതെ ഡെപ്യൂട്ടി കളക്ടര്‍ ജെസിക്കുട്ടി, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ എസ്.ശ്രീകുമാര്‍, കോന്നി തഹസീല്‍ദാര്‍ എ.എസ് നസിയ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എ കുട്ടപ്പന്‍, സുലേഖ.വി.നായര്‍, മറ്റ് ജനപ്രതിനിധികള്‍, പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗങ്ങളില്‍ പങ്കെടുത്തു.

error: Content is protected !!