കോവിഡ് പ്രതിരോധം : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (21/05/2021 )
ലോക്ക്ഡൗണ്‍ ഇളവുകളുടെ ലംഘനങ്ങള്‍ അനുവദിക്കില്ല: ജില്ലാ പോലീസ് മേധാവി
കോന്നി വാര്‍ത്ത : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ചില മേഖലകള്‍ക്ക് പ്രഖ്യാപിക്കപ്പെട്ട ഇളവുകള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി. പുതിയ ഇളവുകള്‍ പ്രകാരം വസ്ത്രശാലകള്‍, ജുവലറി ഷോപ്പുകള്‍ എന്നിവക്ക് പ്രവര്‍ത്തനുമതിയുണ്ട്, പക്ഷെ ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും മാത്രമാണ് അനുവദിച്ചിട്ടുള്ളത്. വളരെ ചുരുങ്ങിയ എണ്ണം സ്റ്റാഫുകളേ പാടുള്ളൂ. നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ ഉടമകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളും.
വിവാഹപാര്‍ട്ടികള്‍ക്ക് നേരിട്ടെത്തി പര്‍ച്ചേസ് ചെയ്യാം, പരമാവധി ഒരുമണിക്കൂര്‍ മാത്രം. സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ലഭ്യമാക്കല്‍, മാസ്‌ക് ഉപയോഗം എന്നിങ്ങനെയുള്ള നിബന്ധനകള്‍ കര്‍ശനമായും പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പാക്കും. പോലീസ് പട്രോളിങ് ഊര്‍ജിതമാക്കിയും മറ്റും നിരീക്ഷണം ശക്തമാക്കി നടപടികള്‍ കൈകൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
അതിഥി തൊഴിലാളികള്‍ക്ക് പൈനാപ്പിള്‍ ശേഖരിക്കുന്നതിനും ബന്ധപ്പെട്ട ജോലികള്‍ക്കും മൊബൈല്‍ ടവറുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയുണ്ട്. ടാക്‌സ് കന്‍സല്‍ട്ടന്റുമാര്‍, ജിഎസ്ടി പ്രാക്റ്റീഷണര്‍മാര്‍ എന്നിവര്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജോലിചെയ്യാനും അനുമതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലും ലംഘനങ്ങള്‍ ഉണ്ടാവാതെ നിരീക്ഷണം ശക്തമാക്കാനും നടപടി കൈക്കൊള്ളാനും ജില്ലയിലെ പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ലംഘനങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും കൈക്കൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കഴിഞ്ഞ രണ്ടുദിവസമായി കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 164 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 149 ആളുകളെ അറസ്റ്റ് ചെയ്തു. 25 വാഹനങ്ങള്‍ പിടിച്ചെടുത്തു. നാലു വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ക്വാറന്റീന്‍ ലംഘനത്തിന് ഒരു കേസെടുത്തു. മാസ്‌ക് കൃത്യമായി ഉപയോഗിക്കാത്തതിന് 739 പേര്‍ക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തതിന് 221 ആളുകള്‍ക്കെതിരെയും പെറ്റി കേസെടുക്കുകയോ നോട്ടീസ് നല്‍കുകയോ ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം വരെ ഇ പാസിന് 37059 പേര്‍ അപേക്ഷിച്ചു. ഇതില്‍ അനുവദിച്ചത് 7796 എണ്ണം മാത്രമാണ്. 29193 അപേക്ഷകള്‍ തള്ളി. 70 അപേക്ഷകള്‍ പരിഗണനയിലാണെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാലു ലക്ഷം രൂപ നല്‍കി ജീവനക്കാര്‍
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിന്‍ ചലഞ്ചിനായി നാലു ലക്ഷം രൂപ നല്‍കി ഉദ്യോഗസ്ഥര്‍. പത്തനംതിട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, മൂന്ന് പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റുകളിലേയും മുഴുവന്‍ ജീവനക്കാരും അവരുടെ ആറു ദിവസത്തെ ശമ്പളമായ 4,06,498 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.
കോവിഡിനെതിരെ പോരാടി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട ജില്ലയില്‍ കോവിഡ് രണ്ടാം തരംഗം വ്യാപിച്ചതു മുതല്‍ രോഗത്തെ പിടിച്ചുകെട്ടാന്‍ അശ്രാന്തപരിശ്രമം നടത്തുകയാണ് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വാര്‍ഡ്തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനത്തനം ശക്തമായി നടന്നു വരുന്നു. ഏതുഘട്ടത്തിലും പ്രവര്‍ത്തിക്കാന്‍ സജ്ജമായിട്ടുള്ള അഞ്ച് ആംബുലന്‍സുകള്‍ക്കു പുറമെ രണ്ടു ടാക്സി, മൂന്ന് ഓട്ടോറിക്ഷ, ഒരിപ്പുറം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ ബസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദ്യം ഡി.സി.സി ആരംഭിക്കുകയും എന്നാല്‍ പിന്നീട് അത് സി.എഫ്.എല്‍.ടി.സി ആയി മാറ്റുകയും ചെയ്തിരുന്നു.
പഞ്ചായത്ത്തലത്തില്‍ 10 പേര്‍ അടങ്ങുന്ന റാപിഡ് റെസ്പോണ്‍സ് ടീമും(ആര്‍.ആര്‍.ടി) വാര്‍ഡ്തലത്തില്‍ അഞ്ചുപേര്‍ അടങ്ങുന്ന ആര്‍.ആര്‍.ടിയും രൂപീകരിച്ചു പ്രവര്‍ത്തിച്ചുവരുന്നു. പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും കോള്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. സി.എഫ്.എല്‍.ടി.സിയില്‍ അഗ്‌നി സുരക്ഷ ഉപകരണം സ്ഥാപിക്കുകയും പഞ്ചായത്തിലെ 14 വാര്‍ഡുകളിലും രണ്ടു പള്‍സ് ഓക്സീമീറ്ററുകള്‍ വീതം നല്‍കുകയും ചെയ്തു. കോവിഡ് രോഗവുമായി ബന്ധപ്പെട്ട് രോഗികള്‍ക്ക് റാപിഡ് റെസ്പോണ്‍സ് ടീം മുഖേന ആയുര്‍വേദ മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എല്ലാ രണ്ടു ദിവസത്തിലും അവലോകന യോഗം ചേരുന്നു.
കോവിഡ് പ്രതിരോധം: പൊതു ഇടങ്ങളും രോഗം വന്നവരുടെ വീടും അണുവിമുക്തമാക്കി
റാന്നി ഗ്രാമ പഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് സോണായിരുന്ന പുതുശ്ശേരിമല ഏഴാം വാര്‍ഡിലെ കോവിഡ് പോസിറ്റീവ് ആയിരുന്നവരുടെ വീടുകളും പൊതുസ്ഥലങ്ങളും ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി.
റാന്നി ഗ്രാമപഞ്ചായത്ത് മുഖേന വാങ്ങിയ ഫോഗിംങ് മെഷീനും ബ്ലീച്ചിംഗ് പൗഡറും ഉപയോഗിച്ച് വാര്‍ഡിലെ സന്നദ്ധസേനാ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് അണുനശീകരണം നടത്തിയത്. വാര്‍ഡിലെ പൊതു ഇടങ്ങളായ റേഷന്‍ കട, വെയിറ്റിംഗ് ഷെഡ്, ബേദല്‍ മര്‍ത്തോമ ചര്‍ച്ച് എന്നിവിടങ്ങളും നേരത്തെ കോവിഡ് പോസിറ്റീവായ 23 പേരുടെ വീടുകളുമാണ് കോവിഡ് പ്രതിരോധ ജാഗ്രത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അണുനശീകരണം നടത്തിയത്.
റാന്നി ഗ്രാമപഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പുതുശ്ശേരിമല ഏഴാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി നേരത്തെ പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കോവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ ഇവിടെ കുറയ്ക്കാനായി.
ലോക്ക്ഡൗണിലും ആശ്വാസമേകി കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍
പത്തനംതിട്ട കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിലും ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ആശ്വാസമേകുന്നു. വിശപ്പ്‌രഹിത കേരളമെന്ന ആശയത്തോടെ സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ 52 തദ്ദേശ സ്ഥാപനങ്ങളിലായി 52 ജനകീയ ഹോട്ടലുകളാണ് ആരംഭിച്ചത്.
മേയ് 8 മുതല്‍ ആരംഭിച്ച ലോക്ക്ഡൗണിന് ശേഷം ജനകീയ ഹോട്ടലുകള്‍ 57,407 ഭക്ഷണപൊതികള്‍ വിതരണം ചെയ്തു. അതില്‍ 90 ശതമാനവും നേരിട്ട് വീട്ടിലെത്തിച്ച് നല്‍കി. 3087 പൊതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെ വിതരണം ചെയ്തു. കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമായി നേരിട്ടും സന്നദ്ധസേവകര്‍ വഴിയും ജനപ്രതിനിധികള്‍ വഴിയുമാണ് ഭക്ഷണ വിതരണം.
കൂടാതെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലേക്കും (ഡി.സി.സി)ജനകീയ ഹോട്ടലുകള്‍ വഴി ഭക്ഷണമെത്തിച്ചു വരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കി പ്രവര്‍ത്തനം ആരംഭിച്ച ജനകീയ ഹോട്ടലുകളില്‍ ഊണിന് 20 രൂപയും പാഴ്‌സലിന് 25 രൂപയുമാണ് ഈടാക്കുന്നത്. 10 രൂപാ സബ്‌സിഡി കുടുംബശ്രീ ജില്ലാ മിഷന്‍ വഴി വിതരണം ചെയ്യുന്നു.
അടൂരില്‍ പള്‍സ് ഓക്‌സീമീറ്ററുകള്‍ വിതരണം ചെയ്തു
അടൂര്‍ നഗരസഭയിലെ 28 വാര്‍ഡുകളിലും പള്‍സ് ഓക്‌സീമീറ്റര്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പള്‍സ് ഓക്‌സീമീറ്റര്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം നിയുക്ത ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.
ഓരോ കൗണ്‍സിലര്‍മാര്‍ക്കും മൂന്നു പള്‍സ് ഓക്‌സീ മീറ്ററുകള്‍ വീതമാണ് നല്‍കിയത്. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ക്ക് ആശാവര്‍ക്കര്‍ മുഖേന പരിശോധന നടത്തുന്നതിനായാണ് ഇവ ഉപയോഗിക്കുക.
നഗരസഭാ ചെയര്‍മാന്‍ ഡി.സജി അധ്യക്ഷനായിരുന്നു. വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യ റജി മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി ഭാരവാഹികള്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ അഡ്വ.ഷാജഹാന്‍, ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.