Trending Now

കോവിഡ് പ്രതിരോധം: കോന്നി, തണ്ണിത്തോട് പഞ്ചായത്തുകളില്‍ എം എല്‍ എ അടിയന്തര യോഗം വിളിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജക മണ്ഡലത്തിലെ കോന്നി, തണ്ണിത്തോട് ഗ്രാമപഞ്ചായത്തുകളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഇതിനായി (21 വെള്ളി) രണ്ടു പഞ്ചായത്തിലും എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരും.

കഴിഞ്ഞ ഒരാഴ്ചത്തെ കണക്ക് പരിശോധിക്കുമ്പോള്‍ കോന്നി നിയോജക മണ്ഡലത്തിലെ ഏറ്റവും അധികം കോവിഡ് ബാധിതരുള്ളത് കോന്നി ഗ്രാമപഞ്ചായത്തിലാണ്. 298 പേരാണ് കോന്നി പഞ്ചായത്തില്‍ രോഗികളായുള്ളത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കോന്നി നിയോജക മണ്ഡലത്തില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് തണ്ണിത്തോട് ഗ്രാമപഞ്ചായത്താണ്. 38.4 ശതമാനം ടിപിആര്‍ നിരക്കാണ് തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലുള്ളത്.

ലോക്ഡൗണ്‍ രണ്ടാഴ്ചയിലേക്ക് അടുക്കുമ്പോഴും കോന്നി, തണ്ണിത്തോട് പഞ്ചായത്തുകളില്‍ രോഗാവസ്ഥ ഉയര്‍ന്നു നില്ക്കുകയാണെന്ന് എംഎല്‍എ പറഞ്ഞു. കര്‍ശനമായ നിയന്ത്രണങ്ങളും നടപടികളും ഈ പഞ്ചായത്തുകളില്‍ ആവശ്യമാണ്. നിലവിലുള്ള പോരായ്മകള്‍ പരിഹരിച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കി രോഗവ്യാപന നിയന്ത്രണം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുന്നതിനായാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. തണ്ണിത്തോട്ടില്‍ രാവിലെ 10.30നും, കോന്നിയില്‍ ഉച്ചയ്ക്ക് 12 നുമാണ് യോഗം ചേരുന്നത്.
രണ്ട് യോഗങ്ങളിലും എംഎല്‍എയോടൊപ്പം നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, റവന്യൂ, പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോന്നി നിയോജക മണ്ഡലത്തിലെ പതിനൊന്ന് പഞ്ചായത്തുകളിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി മുന്നോട്ടു കൊണ്ടു പോകുകയാണെന്ന് എംഎല്‍എ പറഞ്ഞു. ഗവണ്‍മെന്റ് നിര്‍ദേശങ്ങള്‍ യഥാവിധി പാലിച്ചാല്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടു പോകുകയുള്ളു. ഇതിനായി എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും എംഎല്‍എ അഭ്യര്‍ഥിച്ചു.

error: Content is protected !!