Trending Now

18-44 വയസ് മുന്‍ഗണനാ വിഭാഗത്തിന്‍റെ വാക്‌സിനേഷന്‍ ജില്ലയില്‍ തുടങ്ങി

18-44 വയസ് മുന്‍ഗണനാ വിഭാഗത്തിന്‍റെ വാക്‌സിനേഷന്‍ ജില്ലയില്‍ തുടങ്ങി

മെസേജ് ലഭിക്കുന്നതിനനുസരിച്ച് മാത്രം വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുക

കോന്നി വാര്‍ത്ത ഡോട്ട് കോം :പത്തനംതിട്ട ജില്ലയില്‍ 18 വയസുമുതല്‍ 44 വയസ് വരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ അറിയിച്ചു. ഈ പ്രായത്തിലുളള ഗുരുതര അനുബന്ധ രോഗങ്ങളുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഇവര്‍ രോഗാവസ്ഥ സൂചിപ്പിക്കുന്ന നിര്‍ദിഷ്ട മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഒരു അംഗീകൃത ഡോക്ടറെ കൊണ്ട് സര്‍ട്ടിഫൈ ചെയ്ത് വേണം രജിസ്റ്റര്‍ ചെയ്യാന്‍.

രജിസ്റ്റര്‍ ചെയ്യുന്ന വിധം:

ആദ്യം www.cowin.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കുക. നമ്പര്‍ നല്‍കുമ്പോള്‍ മൊബൈലില്‍ മെസേജ് ആയി ലഭിക്കുന്ന ഒടിപി നമ്പര്‍ സൈറ്റില്‍ രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്യുക. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന 14 അക്ക റഫറന്‍സ് ഐ.ഡി നമ്പര്‍ തുടര്‍ന്നുള്ള ഘട്ടത്തില്‍ ആവശ്യമാണ്.
തുടര്‍ന്ന് Covid19.kerala.gov.in/vaccine എന്ന വെബ്‌സൈറ്റില്‍ ആദ്യം നല്‍കിയ ഫോണ്‍ നമ്പര്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് തുടര്‍ന്നു ലഭിക്കുന്ന പേജില്‍ നിങ്ങളുടെ പേര് വിവരങ്ങള്‍, നേരത്തെ ലഭിച്ച 14 അക്ക റഫറന്‍സ് ഐ.ഡി നമ്പര്‍ തുടങ്ങിയവ നല്‍കുക.

മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള മാതൃക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത് ഒരു രജിസ്‌റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണറെ കൊണ്ട് സര്‍ട്ടിഫൈ ചെയ്ത് പി.ഡി.എഫ് അല്ലെങ്കില്‍ ജെ.പി.ഇ.എഫ് ഫോര്‍മാറ്റില്‍ സൈറ്റില്‍ അറ്റാച്ച് ചെയ്യുക. അംഗീകൃത ഫോര്‍മാറ്റില്‍ ലഭിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു.

വെബ്‌സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ ജില്ലാ തലത്തില്‍ പരിശോധിച്ചതിനു ശേഷം രോഗാവസ്ഥയുടെ മുന്‍ഗണനയും വാക്‌സിന്റെ ലഭ്യതയും അനുസരിച്ച് വാക്‌സിനേഷന്‍ ലഭ്യമാകുന്ന സ്ഥലവും തീയതിയും എസ്.എം.എസ് വഴി അറിയിക്കും.

നിര്‍ദിഷ്ട ഫോര്‍മാറ്റില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തതുമൂലം അപേക്ഷ നിരസിച്ച അര്‍ഹരായവര്‍ക്ക് മതിയായ രേഖങ്ങള്‍ സഹിതം വീണ്ടും രജിസ്റ്റര്‍ ചെയ്യാം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ അപ്പോയിന്റ്‌മെന്റ് എസ്.എം.എസ്, അംഗീകൃത തിരിച്ചറിയല്‍ രേഖ എന്നിവ കാണിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് കോവിഡ് രോഗബാധയുണ്ടാകാന്‍ സാധ്യത കൂടുതലായതിനാല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടുന്നത് അപകടകരമാണ്. ഫോണില്‍ മെസേജ് ലഭിക്കുന്ന സമയത്തു മാത്രമേ ഇവര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്താന്‍ പാടുള്ളു. കോവീഷില്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച 45 വയസിനു മുകളിലുള്ളവര്‍ക്ക് 84 ദിവസത്തിനു ശേഷമേ രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുകയുള്ളുവെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!