Trending Now

അറബിക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറി

അറബിക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറി

തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് തീവ്രന്യൂനമർദം ആയി മാറി ലക്ഷദ്വീപിനടുത്ത് നിലകൊണ്ടിരിക്കുകയാണ്. . അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 80 കി.മീ തെക്ക്-തെക്ക് പടിഞ്ഞാറും കണ്ണൂർ തീരത്ത് നിന്ന് 360 കിമീ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിൽ ഇത് ശക്തിപ്രാപിച്ച് ഒരു അതിതീവ്ര ന്യൂനമർദമായി മാറുമെന്നും തുടർന്നുള്ള 12 മണിക്കൂറിൽ ഒരു ചുഴലിക്കാറ്റായും മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 62 കി.മീ മുതൽ 88 കി.മീ ആകുന്ന ഘട്ടത്തെ യാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും ഈ മാസം 18 നോട്‌ കൂടി ഗുജറാത്ത്‌ തീരത്തിനടുത്തെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്

നിലവിൽ പ്രവചിക്കപ്പെടുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും ന്യൂനമർദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ കേരളത്തിൽ മെയ് 14 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് , യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട് കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്

 

error: Content is protected !!