കോന്നി മെഡിക്കല്‍ കോളേജിലും ലോക നേഴ്സ് ദിനം പ്രതിജ്ഞാ ദിനമായി ആചരിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നഴ്സുമാർക്കായി ഒരു ദിനം. ഇന്ന് ലോക നഴ്സസ് ദിനം.കോന്നി മെഡിക്കല്‍ കോളേജിലും ലോക നേഴ്സ് ദിനം പ്രതിജ്ഞാ ദിനമായി ആചരിച്ചു . കോവിഡ് പ്രതിസന്ധി ആഗോളതലത്തിൽ പിടിമുറുക്കിയിരിക്കുന്ന ഈ സാഹചര്യത്തിലാണ് വീണ്ടും ഒരു നഴ്സസ് ദിനം കൂടി എത്തുന്നത്. കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നഴ്സുമാരുടെ ഈ ദിനം കോവിഡ് മഹാമാരിക്കെതിരായ പ്രതിജ്ഞാ ദിനമായി ആചരിക്കാനാണ് കേരള ഗവ. നഴ്സസ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്.
ലോക നഴ്സസ് ദിനം:
നഴ്സുമാരെ ആദരിക്കുന്നതിന്‍റെ ഭാഗമായി എല്ലാവർഷവും മെയ് 12നാണ് ലോക നഴ്സസ് ദിനം ആചരിക്കുന്നത്. നഴ്സുമാര്‍ക്കായി ഒരു ദിനം വേണമെന്ന ആശയം 1953 ൽ യുഎസ് ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥനായ ഡൊറോത്തി സണ്ടർലാൻഡ് പ്രസിഡന്റ് ഡ്വൈറ്റ് ഡി. ഐസൻഹോവറിന് മുന്നിൽ വച്ചെങ്കിലും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. 1965 ലാണ് ഇന്‍റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് ആദ്യമായി ഈ ദിനം കൊണ്ടാടിയത്.
മോഡേൺ നഴ്സിംഗിന്‍റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്‍റെ ജന്മദിനമായ മെയ് 12 നഴ്സുമാരുടെ ദിനമായി ആചരിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത് 1974ലാണ്.
ആരാണ് ഫ്ലോറൻസ് നൈറ്റിംഗേൽ?
ഒരു നഴ്‌സ് എന്നതിനു പുറമെ, ഒരു സാമൂഹിക പരിഷ്കർത്താവ് കൂടിയായിരുന്നു ഫ്ലോറൻസ് നൈറ്റിംഗൽ. ക്രിമിയൻ യുദ്ധസമയത്ത് ഒരു നഴ്സെന്ന നിലയിൽ അവര്‍ നടത്തിയ സേവനങ്ങളിലൂടെയാണ് ഫ്ലോറൻസ് ശ്രദ്ധിക്കപ്പെടുന്നത്. യുദ്ധസമയത്ത് നഴ്സുമാരുടെ മാനേജർ, പരിശീലക എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച അവർ കോൺസ്റ്റാന്റിനോപ്പിളിൽ പരിക്കേറ്റ സൈനികർക്ക് പരിചരണം സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഈ പരിശ്രമം നഴ്സിംഗ് മേഖലയ്ക്ക് തന്നെ മികച്ച ഒരു പേര് നല്‍കുന്നതിന് സഹായകമായി. വിക്ടോറിയൻ സംസ്കാരത്തിന്റെ പ്രതിരൂപമായി നൈറ്റിംഗേൽ മാറുകയും ചെയ്തു. 1860 ൽ ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ ഒരു നഴ്സിംഗ് സ്കൂൾ സ്ഥാപിച്ച നൈറ്റിംഗേൽ, ആധുനിക നഴ്സിങ്ങിന്റെ അടിത്തറ പാകുകയാണ് ചെയ്തത്.
ലോകത്തിലെ തന്നെ ആദ്യത്തെ മതേതര നഴ്സിംഗ് സ്കൂളായിരുന്ന ഇത്, പിന്നീട് ലണ്ടനിലെ കിംഗ്സ് കോളേജിന്റെ ഭാഗമായി. നഴ്സിംഗ് മേഖലയിൽ നൈറ്റിംഗലിന്‍റെ മികവുറ്റ സംഭാവനകൾ കണക്കിലെടുത്ത് നഴ്‌സുമാർക്ക് നൽകപ്പെടുന്ന ഏറ്റവും ഉയർന്ന അന്താരാഷ്ട്ര അംഗീകാരം ‘ഫ്ലോറൻസ് നൈറ്റിംഗേൽ മെഡൽ’ എന്ന് നാമകരണം ചെയ്യപ്പെട്ടു. ഇതിനൊപ്പം തന്നെ അവരോടുള്ള ആദരസൂചകമായി നഴ്‌സുമാർ എടുക്കുന്ന പ്രതിജ്ഞയും അവരുടെ പേരിൽ തന്നെ അറിയപ്പെട്ട് തുടങ്ങി.
ബ്രിട്ടീഷ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഫ്ലോറൻസ് നൈറ്റിംഗേൽ നടത്തിയിരുന്നു. ഒപ്പം ഇന്ത്യയിലെ പട്ടിണി പരിഹാരത്തിനായി വാദിക്കുകയും സ്ത്രീകൾക്ക് പരുഷമായി കണക്കാക്കപ്പെടുന്ന ബ്രിട്ടനിലെ വേശ്യാവൃത്തി നിയമങ്ങൾ നിർത്തലാക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു.
നഴ്സസ് ദിനത്തിന്‍റെ പ്രാധാന്യം
2020, 2021 വർഷങ്ങളിലായി കോവിഡ് മഹാമാരി ഉയർത്തിയ കടുത്ത വെല്ലുവിളികളിലൂടെയാണ് ലോകം കടന്നു പോകുന്നത്. ആഗോളതലത്തിൽ വ്യാപിച്ച ഈ മഹാമാരി ലക്ഷക്കണക്കിന് പേരുടെ ജീവനാണെടുത്തത്. ആരോഗ്യമേഖലയെ കടുത്ത വെല്ലുവിളികളിലേക്കും ഇത് തള്ളിവിട്ടു. ഈ കടുത്ത പ്രതിസന്ധിയിലും ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെയുള്ള നമ്മുടെ ആരോഗ്യ പ്രവർത്തകർ വൈറസിനെതിരെ പോരാടുന്നതിലും ആളുകളുടെ ജീവൻ രക്ഷിക്കുന്നതിലും മുൻപന്തിയിലാണ്. സ്വന്തം ജീവൻ പോലും പണയം വച്ച് ഈ പ്രതിസന്ധി വേളയിലെ മുന്നണിപ്പോരാളികളായി തുടരുന്ന നഴ്സുമാർ നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ നട്ടെല്ല് തന്നെയെന്ന് വേണമെങ്കില്‍ പറയാം.
ഇന്‍റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് കണക്കനുസരിച്ച്. 2020 ഡിസംബർ 31 വരെ 34 രാജ്യങ്ങളിലായി 1.6 ദശലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് -19 ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, ലോകമെമ്പാടുമുള്ള നഴ്‌സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദിയർപ്പിക്കുക എന്ന കാര്യം കൂടി കണക്കിലെടുത്ത് 2021 ലെ അന്താരാഷ്ട്ര നഴ്‌സസ് ദിനം വലിയ പ്രാധാന്യം അർഹിക്കുന്നു