Trending Now

പത്തനംതിട്ട ജില്ലയിലെ കോവിഡുമായി ബന്ധപ്പെട്ട ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (12/05/2021 )

പന്തളം നഗരസഭയില്‍ കോവിഡ് വാര്‍ റൂം ആരംഭിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പന്തളം നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഹെല്‍പ് ഡെസ്‌കും വാര്‍ റൂമും സജ്ജീകരിച്ചു. കോവിഡ് പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏഴ് ടീമുകളായി തിരിഞ്ഞാണ് നഗരസഭയില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്. പ്രവര്‍ത്തനങ്ങളുടെ ദൈനംദിന അവലോകനവും നഗരസഭാതലത്തില്‍ വിലയിരുത്തുന്നുണ്ട്.

സിഎഫ്എല്‍ടിസിയില്‍ 250 കിടക്കകളും സ്വകാര്യ ആശുപത്രികളില്‍ 56 കിടക്കകളും സജ്ജീകരിച്ചു

പന്തളം നഗരസഭയുടെ പരിധിയില്‍ വരുന്ന സിഎഫ്എല്‍ടിസിയില്‍ 250 കിടക്കകളും സ്വകാര്യ ആശുപത്രികളില്‍ 56 കിടക്കകളും സജ്ജീകരിട്ടുണ്ട്. ഇതുകൂടാതെ 14 ഓക്‌സിജന്‍ ബെഡുകള്‍, 23 ഐസിയു ബെഡുകള്‍, ആറ് വെന്റിലേറ്ററുകള്‍, 131 ഓക്‌സിജന്‍ സിലിണ്ടറുകള്‍, മൂന്ന് ആംബുലന്‍സ് സേവനവും എട്ട് ഓട്ടോറിക്ഷാ സേവനങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം തടയുന്നതിനായി വാര്‍ഡ്തല ജാഗ്രത സമിതികളും രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നഗരസഭാ ഹെല്‍പ് ഡെസ്‌ക് നമ്പര്‍: 04734-252251, 9544295412, 9188112621, 9188112587, 9656405261

തിരുവല്ല നഗരസഭയില്‍ കോവിഡ് കണ്‍ട്രോള്‍ റൂം,ഹെല്‍പ് ഡെസ്‌ക്, ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കോവിഡ് കണ്‍ട്രോള്‍ റൂം, ഹെല്‍പ് ഡെസ്‌ക്, ആംബുലന്‍സ് സര്‍വീസ് എന്നിവയുടെ പ്രവര്‍ത്തനം തിരുവല്ല നഗരസഭയില്‍ ആരംഭിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍ കോവിഡ് വാര്‍ റൂം, ഹെല്പ് ഡെസ്‌ക് ,ആംബുലന്‍സ് സര്‍വീസ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
കോവിഡ് പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ പ്രവത്തനങ്ങളും നഗരസഭാ കോര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദിവസവും അവലോകനം ചെയ്തു വരുന്നു. കോവിഡ് വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അറിയുന്നതിനും വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്കിന്റെ സേവനം ജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
ആശാ പ്രവര്‍ത്തകരുടെ സേവനം, വയോജനങ്ങള്‍ക്ക് വേണ്ടിയുള്ള മരുന്ന്, ടെലി മെഡിസിന്‍, ചികിത്സ, പാലിയേറ്റീവ് പരിചരണം, വാക്സിനേഷന്‍ വിവരങ്ങള്‍, കോവിഡ് ടെസ്റ്റിംഗ് വിവരങ്ങള്‍, അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്‍, ആംബുലന്‍സ് സേവനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനും ഹെല്‍പ്ഡെസ്‌കിന്റെ 0469 2701315, 2638206 എന്നീ നമ്പറുകളിലേയ്ക്ക് വിളിക്കാം.
ലോക്ക് ഡൗണ്‍ കാരണം ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു ജനകീയ ഹോട്ടല്‍ മുഖാന്തിരം ഭക്ഷണം നല്‍കി വരുന്നു. ബിലീവിയേഴ്‌സ് ചര്‍ച് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചിട്ടുള്ളത്. ആര്‍.ഡി.ഒ:പി സുരേഷ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരിലാല്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് നടന്ന അവലോകന യോഗത്തില്‍ മല്‍സ്യ മാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിയന്ത്രണം വരുത്തുന്നതിനും ആവശ്യമായ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ സെക്രട്ടറി മുഹമ്മദ് ഷാഫി, ബിലീവിയേഴ്‌സ് ചര്‍ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ മാനേജര്‍ ഫാദര്‍ സിജോ പന്തപ്പള്ളില്‍, ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനു ജോര്‍ജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി വട്ടശ്ശേരില്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷീജ കരിമ്പിന്‍കാല, പ്രതിപക്ഷ നേതാവ് പ്രദീപ് മാമ്മന്‍, കൗണ്‍സിലര്‍മാരായ ജോസ് പഴയിടം, ശ്രീനിവാസ് പുറയാട്ട്, സജി എം മാത്യു, രാഹുല്‍ ബിജു, ലെജു എം സക്കറിയ, ഷിനു ഈപ്പന്‍, ശോഭാ വിനു, ജേക്കബ് ജോര്‍ജ് മനയ്ക്കല്‍, സബിത സലിം, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സമില്‍ ബാബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അജി എസ് കുമാര്‍, ഷാജഹാന്‍, സൂപ്രണ്ട് സുനു ആര്‍, എസ്.അജിത് എന്നിവര്‍ പങ്കെടുത്തു.

ലോക്ഡൗണില്‍ ആശ്വാസമായി തിരുവല്ല നഗരസഭ

ലോക്ഡൗണില്‍ ഭക്ഷണം ഇല്ലാതെ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് കൈത്താങ്ങായി തിരുവല്ല നഗരസഭ. ലോക്ക് ഡൗണ്‍ സാഹചര്യത്തിലാണ് ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമായി നഗരസഭയുടെ ആഭിമുഖ്യത്തില്‍ സൗജന്യ ഭക്ഷണ വിതരണം കുടുംബശ്രീ ജനകീയ ഹോട്ടലുകളിലൂടെ ആരംഭിച്ചത്. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു ജനകീയ ഹോട്ടലുകളിലൂടെയാണ് നഗരപരിധിയില്‍ താമസിക്കുന്ന ഏറ്റവും അര്‍ഹരായവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നത്. വാര്‍ഡ്തല സമിതികളും വാര്‍ഡ് കൗണ്‍സിലര്‍മാരും ചേര്‍ന്നു കണ്ടെത്തിയവര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്.
പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ജനകീയ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സൗജന്യ ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ ജിജി വട്ടശ്ശേരിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റ ചെയര്‍പേഴ്‌സണ്‍ അനു ജോര്‍ജ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജാ കരിമ്പിന്‍കാല, കൗണ്‍സിലര്‍മാരായിട്ടുള്ള ജാസ് നാലില്‍ പോത്തന്‍, അനു സോമന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സമില്‍ ബാബു, നോഡല്‍ ഓഫീസര്‍ അജിത്.എസ്, ഈസ്റ്റ് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രമണി സുരേഷ് എന്നിവര്‍ പങ്കെടുത്തു.
വീട്ടില്‍ ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്ത തീരെ അവശരായവരും ഒറ്റയ്ക്ക് കഴിയുന്നവരുമായിട്ടുള്ളവര്‍, വീട്ടിലെ എല്ലാ അംഗങ്ങളും കോവിഡ് പോസിറ്റീവ് ആയവരും നിരീക്ഷണത്തില്‍ കഴിയുന്നതുമായ ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവര്‍, തെരുവില്‍ അലഞ്ഞു തിരിയുന്നവര്‍, യാചകര്‍ എന്നിവര്‍ക്കാണ് നഗരസഭ സൗജന്യ ഭക്ഷണം നല്‍കുന്നത്. കുടുംബശ്രീ ഈസ്റ്റ് സി.ഡി.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ജനകീയ ഹോട്ടല്‍, വെസ്റ്റ് സി.ഡി.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൃപാഞ്ജന ജനകീയ ഹോട്ടല്‍ എന്നീ യൂണിറ്റുകളാണ് ഭക്ഷണം തയ്യാറാക്കുന്നത്. എല്ലാ വാര്‍ഡുകളിലേക്കും സൗജന്യ ഭക്ഷണ വിതരണം ആരംഭിക്കുമെന്നും നഗരസഭ പരിധിയില്‍ ഭക്ഷണം ഇല്ലാതെ ഒരാളും ബുദ്ധിമുട്ടനുഭവിക്കാന്‍ പാടില്ലായെന്നുള്ളതാണു നഗരസഭയുടെ ലക്ഷ്യമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുത്തിട്ടുള്ള വോളന്റീയര്‍മാര്‍ ആണ് ജനകീയ ഹോട്ടലില്‍ നിന്നും ഭക്ഷണം ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്. എല്ലാ ദിവസവും മൂന്നു നേരവും ഭക്ഷണം വിതരണം ചെയ്യും.
ലോക്ക് ഡൗണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും മറ്റു ആവശ്യക്കാര്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ 25 രൂപ നിരക്കില്‍ ജനകീയ ഹോട്ടലുകളില്‍ നിന്നും നേരിട്ട് ഭക്ഷണം ലഭിക്കും.

102 കിടക്കളോടെ സിഎഫ്എല്‍ടിസിയും ആരംഭിച്ചു

കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗികള്‍ക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കുന്നതിന് വേണ്ടി തിരുവല്ല നഗരസഭയുടെ നേതൃത്വത്തില്‍ 102 കിടക്കളുടെ സൗകര്യത്തോടെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം(സിഎഫ്എല്‍ടിസി) മാര്‍ത്തോമ്മാ കോളേജ് പഴയ ലേഡീസ് ഹോസ്റ്റലില്‍ മാത്യു ടി തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍മാന്‍, സ്റ്റാന്റിംഗ് കമ്മിറ്റ ചെയര്‍മാന്മാര്‍, കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി, മറ്റുദ്യോഗസ്ഥര്‍, മാര്‍ത്തോമ്മാ കോളേജ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് 15 ലക്ഷം രൂപയുടെ പത്തിനം സാധനങ്ങള്‍ വാങ്ങും

കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുള്ള വാര്‍ഡുകളില്‍ തിരുവല്ല നഗരസഭയുടെ നേതൃത്വത്തില്‍ മുഴുവന്‍ സമയ അനൗണ്‍സ്മെന്റ്, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യവകുപ്പ്, പോലീസ് എന്നിവരുടെ സഹായത്തോടെയുള്ള ഇടപെടലുകള്‍ നടത്തിവരുന്നുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വാര്‍ഡുകളില്‍ വിതരണം ചെയ്യുന്നതിനാവശ്യമായ പള്‍സ് ഓക്‌സിമീറ്റര്‍, പൗണ്‍ സ്‌പ്രേയര്‍, പി.പി.ഇ.കിറ്റ്, സാനിറ്റൈസര്‍, സോഡിയം ഹൈപ്പോക്ലോറൈഡ്, സര്‍ജിക്കല്‍ മാസ്‌ക്, ഗ്ലൗസ്, ബോട്ടില്‍, എന്‍95 മാസ്‌ക്, ലോഷന്‍ എന്നിങ്ങനെ പതിനഞ്ചു ലക്ഷം രൂപയുടെ പത്തിനം സാധനങ്ങള്‍ വാങ്ങുന്നതിന് അടിയന്തര കൗണ്‍സില്‍ യോഗം അനുമതിയായിട്ടുണ്ട്.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് 630 പള്‍സ് ഓക്‌സീ മീറ്റര്‍ വിതരണം ചെയ്യും

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴു പഞ്ചായത്തുകളിലേയും വാര്‍ഡുകളിലേക്കായി 630 പള്‍സ് ഓക്‌സീ മീറ്റര്‍ വാങ്ങി വിതരണം ചെയ്യാന്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചതായി പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള അറിയിച്ചു. ഗ്രാമപഞ്ചായത്തുകളുടെ ഓരോ വാര്‍ഡിലും നാല് പള്‍സ് ഓക്‌സീ മീറ്റര്‍ വീതമാണു വിതരണം നടത്തുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്കിന്റെ പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകള്‍ക്കും ഒരോ ആംബുലന്‍സുകള്‍ വീതം മാസവാടകയ്ക്ക് എടുത്തുനല്‍കാനും ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. ഇതിന് ക്വട്ടേഷന്‍ ഉടന്‍ ക്ഷണിക്കും.
ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ആവശ്യമായ മരുന്ന് ലഭ്യത ഉറപ്പാക്കും. കോവിഡ് പശ്ചാത്തലത്തില്‍ ബ്ലോക്ക് പഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമ പഞ്ചായത്തിലെയും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിച്ച് വരുന്നു.ഈ വാട്‌സാപ്പ് ഗ്രൂപ്പ് കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഏകോപനം ഉറപ്പാക്കുന്നതിനും ഉപകരിക്കുന്നു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ന്മാര്‍ തങ്ങളുടെ ഡിവിഷന്‍ പരിധിയിലെ കോവിഡ് ജാഗ്രതാ സമിതികളില്‍ സജ്ജീവമായി പങ്കെടുത്തു വരുന്നു. ഇവര്‍ സാമൂഹ്യ അടുക്കള, ജനകീയ ഹോട്ടലുകള്‍ എന്നിവയിലൂടെ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്നു. വാര്‍ഡ്തല സമിതികള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജീവമായി ഇടപെട്ടുവരുന്നു. ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ഡൊമിസിലിയറി കെയര്‍ സെന്റര്‍ സജ്ജീകരിക്കുന്നതിന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വപരമായ പങ്ക് വഹിച്ചുവരുന്നതായി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള പറഞ്ഞു. ആവശ്യമെങ്കില്‍ കൂടുതല്‍ പിപി കിറ്റ്, മാസ്‌ക്ക് എന്നിവ ബ്ലോക്ക് പഞ്ചായത്ത് വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,21,843 രൂപ കൈമാറി

മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് പുതുശേരി അധ്യാപക സഹകരണ ബാങ്കിന്റെയും ബാങ്ക് ജീവനക്കാരുടേയും വിഹിതമായി 2,21,843 രൂപ കൈമാറി. പത്തനംതിട്ട കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിക്ക് ബാങ്ക് പ്രസിഡന്റ് കെ.എന്‍ അനില്‍കുമാര്‍ തുക അടങ്ങിയ ചെക്ക് കൈമാറി.

error: Content is protected !!