കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി കോന്നി ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രിയുമായി സഹകരിച്ച് താലൂക്ക് ആശുപത്രിയിൽ അടിയന്തിര ക്രമീകരണങ്ങൾ ചെയ്യുന്നതിന് തീരുമാനിച്ചു.
വാക്സിൻ ക്ഷാമം നിലനിൽക്കുന്നതിനാൽ ഓൺലൈനിൽ രജിസ്ടേഷൻ നടത്തി സമയക്രമം ലഭിച്ചവർ മാത്രം വാക്സിൻ എടുക്കുന്നതിനായി ആശുപത്രിയിലേക്ക് എത്തിയാൽ മതി. ഇങ്ങനെ വരുന്നവരുടെ സഹായത്തിനായി ഹെൽപ്പ് ഡെസ്ക്ക് കൗണ്ടർ സ്ഥാപിക്കുന്നതിനും കോന്നി ഗ്രാമ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വോളന്ററിയന്മാരുടെ സേവനം ഉറപ്പാക്കുന്നതിനും തീരുമാനിച്ചു.
കൂടാതെ കൂടുതൽ ആശ പ്രവർത്തകരുടെ സേവനവും ഉറപ്പു വരുത്തും. സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, യുവജന സംഘടനകൾ, വ്യാപാരി വ്യവസായികൾ, സേവന സന്നദ്ധരായ ജന സേവാ കേന്ദ്രങ്ങൾ വഴി പൊതു ജനങ്ങൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ വ്യാപിപ്പിക്കും കൂടാതെ വാക്സിൻ എടുക്കുന്നതിനായി എത്തിച്ചേരുന്നവർക്ക് ഇരിപ്പടങ്ങൾ സജ്ജീകരിക്കും. കുടിവെള്ളം ഉറപ്പു വരുത്തും വെയിലും മഴയും കണക്കിലെടുത്ത് അവയിൽ നിന്നും രക്ഷനേടുന്നതിനുള്ള സംവിധാനം ഒരുക്കും. വരും ദിവസങ്ങളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുവാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി എം.വി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രേസി,ആര്‍ എം ഒ ഡേ. അജയ്, വൈസ് പ്രസിഡന്റ് ആർ. ദേവകുമാർ ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജിജി സജി, കോന്നി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഫൈസൽ റ്റി.എച്ച് , ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ എന്നിവർ പങ്കെടുത്തു