Trending Now

പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും

 

പത്തനംതിട്ട നഗരസഭാ പ്രദേശത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ അറിയിച്ചു. പോലീസ്, റവന്യൂ, നഗരസഭ, ലേബര്‍, ആരോഗ്യ വകുപ്പുകളുടെ സംയുക്തമായി നടത്തിയ യോഗത്തിലാണു തീരുമാനം.

കുമ്പഴയിലെ മത്സ്യ മൊത്ത വ്യാപാര കേന്ദ്രത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ലേലത്തിനായെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗില്‍ ക്രമീകരണമുണ്ടാകും. ലേലത്തിനു ശേഷം മാര്‍ക്കറ്റിലേക്കു വാഹനങ്ങള്‍ ഓരോന്നായി മാത്രമേ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. വ്യാപാരത്തിലേര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും പൂര്‍ണ സമയവും മാസ്്ക് ധരിക്കണം, കയ്യുറകള്‍ ഉണ്ടാകണം, സാമൂഹിക അകലം പാലിക്കുകയും സാനിട്ടൈസര്‍ ഉപയോഗിക്കുകയും വേണം. പോലീസ് എയ്ഡ് പോസ്റ്റ്, അനൗണ്‍സ്മെന്റ് എന്നിവ ക്രമീകരിക്കുന്നതിനും തീരുമാനമായി. മാര്‍ക്കറ്റില്‍ ആവശ്യത്തിനു പ്രകാശം ലഭ്യമാക്കാന്‍ നടപടികളുണ്ടാകും. നഗരത്തിലെ ജ്യുവലറികളും വസ്ത്രാലയങ്ങളും എസി പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കണം. സ്വകാര്യ സ്ഥാപനങ്ങളില്‍ 50% തൊഴിലാളികളെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തണം. അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളില്‍ നഗരസഭയും ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും. ടാസ്‌ക് ഫോഴ്സ് നഗരത്തില്‍ രൂപീകരിച്ചു. ടാസ്‌ക്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും

യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി, ഡി .വൈ.എസ്.പി:എ.പ്രദീപ്കുമാര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.വി വിനീഷ്ലാല്‍, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഡി.ബാബുലാല്‍, സെക്ടറല്‍ മജിസ്ട്രേറ്റ് രാംകുമാര്‍, ജെ.ആര്‍.അസി.ലേബര്‍ ഓഫീസര്‍ ജി.സുരേഷ്, മുനിസിപ്പല്‍ എഞ്ചിനീയര്‍ രമ്യ സുധീര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.ബാബുകുമാര്‍, മത്സ്യ വ്യാപാരി പ്രതിനിധികളായ ഷെഫീഖ്, സക്കീര്‍, രാംകുമാര്‍, നജീം രാജന്‍, ബുഹാരി, അയൂബ്ഖാന്‍, അന്‍സാരി, റിയാസ് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!