Trending Now

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍: മുന്നൊരുക്കങ്ങള്‍ 28 ന് പൂര്‍ത്തിയാകും

പത്തനംതിട്ട ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ ഈ മാസം 28 ന് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ജില്ലയിലെ വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായുള്ള അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

മേയ് രണ്ടിന് രാവിലെ 8 മുതല്‍ പോസ്റ്റ് ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. 8:30 മുതല്‍ ഇവിഎം എണ്ണിത്തുടങ്ങും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. വോട്ടെണ്ണലിന് മുമ്പായി വോട്ടിംഗ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റ് പരിശോധിച്ച് കേടുപാടില്ലെന്നും സീലുകളെല്ലാം ഭദ്രമാണെന്നും ഉറപ്പുവരുത്തും.

വോട്ടെണ്ണല്‍ കേന്ദ്രത്തിന് ത്രിതല സുരക്ഷ ഒരുക്കും. ലോക്കല്‍ പോലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവരാണ് സുരക്ഷയൊരുക്കുക. റിട്ടേണിങ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, കൗണ്ടിങ് സ്റ്റാഫ്, സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ കൗണ്ടിംഗ് ഏജന്റുമാര്‍, ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചവര്‍ എന്നിവര്‍ക്കല്ലാതെ മറ്റാര്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനമില്ല. കൗണ്ടിങ് ഹാളിന് പുറത്ത് വോട്ടെണ്ണലിന്റെ വിവരങ്ങള്‍ നല്‍കാനായി മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കും. കൂടാതെ വോട്ടെണ്ണല്‍ ഫലം തല്‍സമയം അപ്‌ലോഡ് ചെയ്യുന്നതിനുള്ള സുവിധ ആപ്ലിക്കേഷന്റെ പ്രത്യേക കേന്ദ്രവും ഉണ്ടാകും.

മൊബൈല്‍ ഫോണുകള്‍ കൗണ്ടിംഗ് സെന്ററുകളില്‍ അനുവദിക്കില്ല. തപാല്‍ വോട്ട് എണ്ണുന്ന ഓരോ കൗണ്ടിംഗ് ടേബിളുകളിലും എ.ആര്‍.ഒ മാര്‍ ഉണ്ടാകണം. ഇവിഎം കൗണ്ടിംഗിനു ശേഷം വി.വി.പാറ്റുകള്‍ എണ്ണിത്തുടങ്ങും. കൗണ്ടിംഗ് സെന്ററുകളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പുവരുത്തും. പ്രിന്റര്‍, സ്‌കാനര്‍, ജനറേറ്റര്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. അഞ്ചു കേന്ദ്രങ്ങളിലും 21 ടേബിളുകളിലായാണ് ഓരോ റൗണ്ടിലും കൗണ്ടിംഗ് നടക്കുക. കൗണ്ടിംഗ് ജോലികള്‍ക്കായുള്ള ജീവനക്കാരെ ഉടന്‍ നിയമിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ചന്ദ്രശേഖരന്‍ നായര്‍, റിട്ടേണിംഗ് ഓഫീസര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!