പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആളുകള്‍ കൂടുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇഫ്താര്‍ വിരുന്നുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. ബസുകളില്‍ നില്‍പ് യാത്ര അനുവദിക്കില്ല. കൊവിഡ് രോഗം കൂടുന്ന സ്ഥലങ്ങളില്‍ 144 പ്രഖ്യാപിക്കും.
യോഗങ്ങള്‍ നാലാഴ്ച നീട്ടിവയ്ക്കണം അല്ലെങ്കില്‍ ഓണ്‍ലൈനായി നടത്താന്‍ ശ്രമിക്കണം. രണ്ട് മണിക്കൂര്‍ പൊതുപരിപാടി നടത്താം. 200 പേര്‍ക്കാണ് തുറന്ന ഇടങ്ങളില്‍ പൊതുപരിപാടിക്ക് പ്രവേശനം. അടച്ചിട്ട ഇടങ്ങളില്‍ 100 പേര്‍ക്കും പ്രവേശിക്കാം.
ഹോട്ടലുകള്‍ 9 മണി വരെ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. പാര്‍സല്‍ നല്‍കുന്നത് പ്രോത്സാഹിപ്പിക്കണം. പൊതുഗതാഗത സംവിധാന നിയന്ത്രണം, ടെലി ഡോക്ടര്‍ സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം, വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം വേണം എന്നിവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.
കോവിഡ് : നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. അടച്ചിട്ട മുറികളില്‍ നടക്കുന്ന യോഗം, പരിപാടികള്‍ തുടങ്ങിയവയില്‍ പരമാവധി 100 പേരും തുറസായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പരമാവധി 200 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുവാദം. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കണമെങ്കില്‍ സംഘാടകര്‍ ചടങ്ങില്‍ പാസ് സംവിധാനം ഏര്‍പ്പെടുത്തണം.
72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍/സലൈവ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവായവര്‍ക്കും ആദ്യ ഘട്ട വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്കും മാത്രമെ പ്രവേശനം അനുവദിക്കാവു. വിവാഹം, മരണാനന്തര ചടങ്ങ്, സാംസ്‌കാരിക പരിപാടി, കായിക പരിപാടി, ഉത്സവങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമാണ്. പരിപാടികള്‍ രണ്ടു മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കണം. പരിപാടികളില്‍ കഴിയാവുന്നതും പാക്ക് ചെയ്തതോ ടേക്ക് എവെ രീതിയിലോ ആകണം ആഹാരം വിതരണം ചെയ്യേണ്ടത്.
ഇഫ്താര്‍ ചടങ്ങുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് മതനേതാക്കളും ജില്ലാ ഭരണകൂടവും ജനങ്ങളെ പ്രേരിപ്പിക്കണം.
കച്ചവട സ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും രാത്രി ഒന്‍പത് മണി വരെ പ്രവര്‍ത്തിക്കാനാണ് അനുമതി. സ്ഥാപനങ്ങള്‍ ഡോര്‍ ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണം. കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്ന ഷോപ്പിംഗ് മേളകളും മെഗാ സെയിലുകളും രണ്ട് ആഴ്ചത്തെക്കോ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നതുവരെയോ മാറ്റിവയ്ക്കണം.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തിരക്ക് ഒഴിവാക്കാനായി ടേക്ക്് എവെ, ഹോം ഡെലിവെറി സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കണം. ഹോട്ടലുകള്‍, റസ്സോറന്റ്, സിനിമ തീയറ്റര്‍ എന്നിവിടങ്ങളില്‍ അന്‍പത് ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. സ്ഥാപനങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സംവിധാനമുള്ള സ്ഥലങ്ങളില്‍ ( മാള്‍, തീയറ്റര്‍, ഓഡിറ്റോറിയം) പ്രവേശനം നിയന്ത്രിക്കുകയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും പ്രവേശന കവാടങ്ങളില്‍ തെര്‍മല്‍ സ്‌കാനിംഗ് ഏര്‍പ്പെടുത്തുകയും വേണം.
ബസുകളില്‍ യാത്രക്കാരെ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല. മോട്ടോര്‍ വാഹന വകുപ്പ് ഇത് ഉറപ്പാക്കും. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി യോഗങ്ങള്‍ പരമാവധി ഓണ്‍ലൈനിലൂടെയാക്കാനും നിര്‍ദ്ദേശമുണ്ട്. ആശുപത്രി ഒ.പി കളിലെ തിരക്ക് ഒഴിവാക്കാനായി ആരോഗ്യ വകുപ്പിന്റെ ഇ-സഞ്ജീവനി സംവിധാനം ഉപയോഗിക്കാന്‍ പ്രോത്സാഹനം നല്‍കണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) ഉയരുന്ന തദ്ദേശ ഭരണസ്ഥാപന പരിധിയില്‍ ജില്ലാ മജിസ്‌ട്രേറ്റിന് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഉത്തരവില്‍ പറയുന്നു. കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇഫ്താര്‍ വിരുന്നുകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹു ഗാരി തേജ് ലോഹിത് റെഡ്ഡി അഭ്യര്‍ഥിച്ചു.
സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പരിശോധനയും
വാക്‌സിനേഷനും വര്‍ധിപ്പിക്കണം: ജില്ലാ കളക്ടര്‍
ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പരിശോധനയും വാക്‌സിനേഷനും വര്‍ധിപ്പിക്കുകയും ചികിത്സയില്‍ പങ്കാളികളാകുകയും ചെയ്യണമെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ഐ.എം.എ- റോട്ടറി പ്രതിനിധികള്‍, ജില്ലയിലെ സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ എന്നിവരുമായി കളക്ടറേറ്റില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലും രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന കോവിഡ് രോഗികള്‍ക്ക് അതത് ആശുപത്രികളില്‍ തന്നെ ചികിത്സ ഒരുക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രിയില്‍ എത്തുന്ന കോവിഡ് ലക്ഷണങ്ങളുള്ളവരെ നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയരാക്കണം. റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മേരിമാതാ സ്‌കൂള്‍, കോന്നി ഐ.എം.എ ഹാള്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ഒരുക്കും. 45 വയസിന് മുകളില്‍ പ്രായമായവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ, ഡിഎം ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ഐ. ജ്യോതിലക്ഷമി, ഡെപ്യൂട്ടി ഡി.എം.ഒ സി.എസ് നന്ദിനി, ആര്‍.സി.എച്ച്.ഓഫീസര്‍ ഡോ.സന്തോഷ് കുമാര്‍, ഐ.എം.എ, തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ്, പരുമല സെന്റ് ഗ്രിഗോറിയസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ്, കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റല്‍, പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റല്‍, തിരുവല്ല ടി.എം.എം ഹോസ്പിറ്റല്‍, റോട്ടറി ക്ലബ് എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.