Trending Now

ഒന്നിലേറെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കും

 

വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം പേര് വന്നിട്ടുള്ള വോട്ടര്‍മാര്‍ ഒന്നിലേറെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതു ഗുരുതരമായ കുറ്റമായി കണക്കാക്കി ഇന്ത്യന്‍ ശിക്ഷാ നിയമം 171 ഡി പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്ന ആള്‍ക്ക് ഒരു വര്‍ഷത്തോളമാകാവുന്ന കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കില്‍ രണ്ടും കൂടിയോ നല്‍കി ശിക്ഷിക്കപ്പെടും.
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടര്‍പട്ടികയില്‍ ഇരട്ടിപ്പായി വന്നിട്ടുള്ള വോട്ടര്‍മാര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളു എന്ന് ഉറപ്പാക്കുന്നതിന്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഇത്തരത്തില്‍ ഇരട്ടിപ്പായി വന്നിട്ടുള്ള വോട്ടര്‍മാരുടെ പട്ടിക എ.എസ്.ഡി ലിസ്റ്റായി തയാറാക്കി പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കു നല്‍കി. ബിഎല്‍ഒമാര്‍ ഫീല്‍ഡ് പരിശോധന നടത്തി സമര്‍പ്പിച്ചിട്ടുള്ള എ.എസ്.ഡി ലിസ്റ്റും, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് പോളിംഗ് സാമഗ്രികളോടൊപ്പം വിതരണം ചെയ്തു.

ഇത്തരത്തിലുള്ള എ.എസ്.ഡി ലിസ്റ്റില്‍പ്പെട്ടവരുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും രേഖാമൂലം നല്‍കിയിട്ടുണ്ട്്. ഈ ലിസ്റ്റില്‍പ്പെട്ടവര്‍ വോട്ട് ചെയ്യാന്‍ എത്തുമ്പോള്‍ വോട്ടര്‍മാരുടെ ഒപ്പും, വിരലടയാളവും, സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തേണ്ടതും ഇത് സംബന്ധിച്ച് പ്രിസൈഡിംഗ് ഓഫീസര്‍ പ്രസ്തുത വോട്ടര്‍മാരെ വിവരങ്ങള്‍ മുഖദാവില്‍ ധരിപ്പിക്കണം. മൈക്രോ ഒബ്‌സര്‍വര്‍മാര്‍ ഉള്ള ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച പ്രകാരമുള്ള കാര്യങ്ങള്‍ നടന്നെന്ന് ഉറപ്പുവരുത്തണം. ഇതിനൊപ്പം ഒബ്‌സര്‍വര്‍മാര്‍ക്ക് പ്രത്യേകമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കൂടാതെ ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് പേരുള്ള വോട്ടര്‍മാര്‍ വോട്ടുള്ള ബൂത്തുകളില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ (തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്ന 11 ഇനത്തില്‍പ്പെട്ടവ) ഹാജരാക്കണം.

ഇത്തരത്തില്‍ ഇരട്ടിപ്പ് പട്ടികയില്‍ ഉള്‍പ്പെട്ട വോട്ടര്‍ പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ എത്തിച്ചേര്‍ന്നാല്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ പ്രസ്തുത വോട്ടറുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് വോട്ടറെ ഉറപ്പുവരുത്തുന്നതും, പ്രസ്തുത വോട്ടറില്‍ നിന്ന് നിശ്ചിത ഫോറത്തില്‍ സത്യവാങ്മൂലം എഴുതി വാങ്ങുന്നതും, കൂടാതെ പ്രസ്തുത വോട്ടറുടെ കൈ അടയാളം പതിപ്പിക്കുകയും, വോട്ടറുടെ ഫോട്ടോ എടുത്ത് പ്രിസൈഡിംഗ് ഓഫീസര്‍ സൂക്ഷിക്കുന്നതുമാണ്. വോട്ടറുടെ കൈയില്‍ രേഖപ്പെടുത്തിയിട്ടുള്ള മഷി അടയാളം ഉണങ്ങി എന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കുകയുള്ളു. ഇരട്ടവോട്ട് തടയുന്നതിലേക്ക് ജില്ലയില്‍ വിപുലവും കുറ്റമറ്റതുമായ ക്രമീകരണം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇരട്ടവോട്ട് തടയുന്നതിനായി
എ.എസ്.ഡി മോനിട്ടര്‍ ആപ്പ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടവോട്ട് തടയുന്നതിനായി എ.എസ്.ഡി മോനിട്ടര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായാണ് ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്. ആബ്്സെന്റീസ്, ഷിഫ്റ്റ്, ഡെത്ത് (എ.എസ്.ടി) വിഭാഗത്തിലുള്ള ആളുകളുടെ വോട്ടര്‍പട്ടിക എല്ലാ നിയോജകമണ്ഡലങ്ങളിലെയും ബൂത്തടിസ്ഥാനത്തില്‍ ബി.എല്‍.ഒമാര്‍ വഴി തയാറാക്കിയിരുന്നു.

റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഇരട്ടവോട്ടുളള ആളുകളുടെ ലിസ്റ്റ് അതത് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറുകയും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ലിസ്റ്റില്‍ പേരുള്ള വോട്ടര്‍മാര്‍ വോട്ട് ചെയ്യാനെത്തിയാല്‍ അയാളുടെ വോട്ടര്‍ പട്ടികയുടെ സീരിയല്‍ നമ്പര്‍, വോട്ടറുടെ ഫോട്ടോ എന്നിവ എടുത്ത് എ.എസ്.ഡി മോനിട്ടര്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്യും. ഇത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍, റിട്ടേണിംഗ് ഓഫീസര്‍ എന്നിവര്‍ കണ്‍ട്രോള്‍ റൂമില്‍ മോണിറ്റര്‍ ചെയ്യും. കേരള ഹൈക്കോടതിയുടെ ഇരട്ടവോട്ട് തടയുന്നത് സംബന്ധിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ നേതൃത്വത്തിലാണ് എ.എസ്.ഡി മോനിട്ടര്‍ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

error: Content is protected !!