Trending Now

പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ പൂര്‍ണ്ണം : ജില്ലാ കളക്ടര്‍

 

ജില്ലയിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ വിശദീകരിക്കുന്നതിന് കളക്ടറേറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പിനായി ഓരോരുത്തരും പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു. എഡിഎം ഇ. മുഹമ്മദ് സഫീര്‍ സന്നിഹിതനായിരുന്നു.
കോവിഡ് രോഗഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം രാഷ്ട്രീയ പാര്‍ട്ടികളുടെ കൊട്ടിക്കലാശം നിര്‍ത്തലാക്കിയിട്ടുണ്ട്.
ജില്ലയില്‍ 1530 ബൂത്തുകളാണ് ഉള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 891 ബൂത്തുകളായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നത്. കോവിഡ് സാഹചര്യത്തില്‍ ഒരു ബൂത്തില്‍ ആയിരത്തിലധികം വോട്ടര്‍മാര്‍ ഉണ്ടാകാന്‍ പാടില്ല എന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് എണ്ണം കൂട്ടിയത്. 453 ഓക്‌സിലറി ബൂത്തുകളാണ് പുതിയതായി സജ്ജീകരിക്കുന്നത്. ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പടെ തിരുവല്ല നിയോജക മണ്ഡലത്തില്‍ 311, റാന്നി നിയോജക മണ്ഡലത്തില്‍ 282, ആറന്മുള നിയോജക മണ്ഡലത്തില്‍ 338, കോന്നി നിയോജക മണ്ഡലത്തില്‍ 293, അടൂര്‍ നിയോജകമണ്ഡലത്തില്‍ 306 ബൂത്തുകളാണുള്ളത്.

ജില്ലയില്‍ 10,54,100 വോട്ടര്‍മാര്‍
വോട്ടര്‍ പട്ടിക പ്രകാരം പത്തനംതിട്ട ജില്ലയില്‍ 10,54,100 സമ്മതിദായകരാണുള്ളത്. അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നിന്നായി 5,53,930 സ്ത്രീകളും 5,00,163 പുരുഷന്‍മാരും ഏഴ് ട്രാന്‍സ്ജന്‍ഡറുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ആറന്മുള നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. റാന്നി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. ആറന്മുളയില്‍ 1,24,922 സ്ത്രീകളും 1,12,428 പുരുഷന്മാരും ഒരു ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പടെ 2,37,351 വോട്ടര്‍മാരാണുള്ളത്. തിരുവല്ല നിയോജക മണ്ഡലത്തില്‍ 1,11,030 സ്ത്രീകളും 1,01,257 പുരുഷന്‍മാരും ഒരു ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പടെ 2,12,288 വോട്ടര്‍മാരുണ്ട്. അടൂര്‍ നിയോജക മണ്ഡലത്തില്‍ 1,10,802 സ്ത്രീകളും, 97,294 പുരുഷന്‍മാരും മൂന്ന് ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടെ 2,08,099 വോട്ടര്‍മാര്‍ ഉണ്ട്. കോന്നി നിയോജക മണ്ഡലത്തില്‍ 1,07,106 സ്ത്രീകളും 95,622 പുരുഷന്‍മാരും ഉള്‍പ്പടെ 2,02,728 വോട്ടര്‍മാരും റാന്നി നിയോജക മണ്ഡലത്തില്‍ 1,00,070 സ്ത്രീകളും 93,562 പുരുഷന്‍മാരും രണ്ട് ട്രാന്‍സ്ജന്‍ഡറുകളും ഉള്‍പ്പെടെ 1,93,634 വോട്ടര്‍മാരാണുള്ളത്.
വോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം മറ്റ് ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ട ജില്ലയില്‍ വളരെ കുറവാണ്. ഇരട്ടിപ്പ് വന്നിട്ടുള്ള വ്യക്തികളുടെ വിവരങ്ങള്‍ ബൂത്ത് തലത്തില്‍ പ്രത്യേകം എഎസ്ഡി ലിസ്റ്റ് തയാറാക്കി പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ വോട്ട് ചെയ്യാന്‍ വരുമ്പോള്‍ സമര്‍പ്പിക്കേണ്ട സത്യവാങ് മൂലം, വിരലടയാളം, ഫോട്ടോ എന്നിവ സൂക്ഷിക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് മതിയായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഈ തെരഞ്ഞെടുപ്പില്‍ 80 വയസിനുമേല്‍ പ്രായമുള്ളവരും, ശാരീരിക വെല്ലുവിളി നേരിടുന്നവരും, തങ്ങളുടെ വീടുകളില്‍ തന്നെ ഇരുന്ന് വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രത്യേകസൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവരുടെ വീടുകളില്‍ ചെന്ന് വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ് സര്‍വര്‍, പോലീസ് ഉദ്യോഗസ്ഥന്‍, ബി എല്‍ ഒ, വീഡിയോഗ്രാഫര്‍ എന്നിവര്‍ അടങ്ങിയ 221 ടീമുകള്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്നു.
നിലവില്‍ അബ്‌സന്റീ വോട്ടര്‍മാരുടെ പട്ടികയില്‍ ജില്ലയില്‍ 80 വയസിന് മുകളിലുള്ള 38,514 പേരും, ഭിന്നശേഷിക്കാരായ 16,833 പേരും പട്ടികയില്‍ ഉള്‍പ്പെടുന്നു. നിലവില്‍ 1880 പേരാണ് കോവിഡ് രോഗികളായും, ക്വാറന്റൈനിലായും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അവശ്യ സര്‍വീസിലുള്ള 471 പേരും പോളിംഗ് ഉദ്യോഗസ്ഥരായ 3555 പേരും, സര്‍വീസ് വോട്ടര്‍മാരായ 3938 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍
തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കായി ജില്ലയില്‍ 1896 ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 2037 വിവിപാറ്റ് മെഷീനുകളും ക്രമീകരിക്കുകയും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.

ഗതാഗത സൗകര്യം
തെരഞ്ഞെടുപ്പ് ദിവസം തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി ഉദ്യോഗസ്ഥര്‍, സെക്ടര്‍ ഓഫീസര്‍മാര്‍, ക്വിക്ക് റെസ്‌പോണ്‍സ് ടീം എന്നിവര്‍ക്കായി പ്രത്യേകം വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 681 വാഹനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

പോളിംഗ് ഉദ്യോഗസ്ഥര്‍ / മറ്റ് അനുബന്ധ ക്രമീകരണങ്ങള്‍
ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ 1530 പോളിംഗ് ബൂത്തുകളിലേക്ക് 7420 പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. കൂടാതെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനും ഉറപ്പ് വരുത്തുന്നതിനുമായും ഓരോ പോളിംഗ് സ്റ്റേഷനുകളിലേക്കും സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ എന്നിവ ഉപയോഗിക്കുന്നതിന് പ്രത്യേകം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനായും വോട്ടര്‍മാരെ സഹായിക്കുന്നതിനുമായി 194 വോളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
പ്രായമായവര്‍ക്കും നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്കും പോളിംഗ് സ്റ്റേഷനുകളില്‍ വീല്‍ ചെയര്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പോളിംഗ് പ്രക്രിയകളുടെ സുഗമവും സുരക്ഷിതവുമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി മൂന്ന് കമ്പനി കേന്ദ്രസേനയെ ജില്ലയിലെ ക്രമസമാധാന പാലനത്തിനായി നിയോഗിച്ചിട്ടുണ്ട്.

മോഡല്‍, വനിതാ പോളിംഗ് സ്റ്റേഷനുകള്‍
ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലുമായി 25 മോഡല്‍ പോളിംഗ് സ്റ്റേഷനുകളും, അഞ്ച് വനിത പോളിംഗ് സ്റ്റേഷനുകളും ക്രമീകരിച്ചിട്ടുണ്ട്. അഞ്ച് വനിത പോളിംഗ് സ്റ്റേഷനുകളിലും തെരഞ്ഞെടുക്കപ്പെട്ട മറ്റ് അഞ്ച് പോളിംഗ് സ്റ്റേഷനുകളിലും ഓട്ടോമാറ്റിക് തെര്‍മല്‍ സ്‌കാനര്‍ സ്ഥാപിച്ചിട്ടുണ്ട്.

ക്രിട്ടിക്കല്‍ ബൂത്തുകള്‍
ജില്ലയില്‍ വിവിധ മണ്ഡലങ്ങളിലായി എട്ട് ബൂത്തുകളെ ക്രിട്ടിക്കല്‍ ബൂത്തുകളായും ഏഴ് ബൂത്തുകളെ വള്‍ണറബിള്‍ ബൂത്തുകളായും നിര്‍ണയിച്ചിട്ടുണ്ട്. ജില്ലയിലെ 716 പോളിംഗ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങള്‍ വെബ്കാസ്റ്റ് ചെയ്യുന്നതിനും ചിലയിടങ്ങളില്‍ സിസിടിവി സ്ഥാപിക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പോളിംഗ് ദിനത്തിലെ നടപടിക്രമങ്ങള്‍
പോളിംഗ് ദിനത്തില്‍ രാവിലെ 5.30 നു മുന്‍പായി എല്ലാ പോളിംഗ് ഏജന്റുമാരും പോളിംഗ് സ്റ്റേഷനില്‍ ഹാജരാകണം. കൃത്യം 5.30 ന് തന്നെ മോക് പോള്‍ ആരംഭിക്കും. പോളിംഗ് സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയാണ്. വിവിപാറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നതിനാലാണ് പോളിംഗ് സമയം നീട്ടിയിട്ടുള്ളത്. വൈകിട്ട് ആറു മുതല്‍ ഏഴു വരെ കോവിഡ് രോഗികള്‍ക്കും, ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ട് ചെയ്യാം. ബൂത്തിലുള്ള സാധാരണ വോട്ടര്‍മാരെല്ലാം വോട്ടുചെയ്തു മടങ്ങിയതിന് ശേഷം മാത്രമേ ഇവര്‍ക്ക് വോട്ടിംഗ് സൗകര്യം അനുവദിക്കുകയുള്ളു.

പോളിംഗ് സാമഗ്രികളുടെ വിതരണം
തെരഞ്ഞെടുപ്പ് ആവശ്യത്തിന് ഫോറങ്ങളും സ്റ്റേഷനറികളും ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ അഞ്ച് വിതരണ കേന്ദ്രങ്ങള്‍ തന്നെയാണ് പോളിംഗ് സാധനങ്ങള്‍ തിരികെ വാങ്ങുന്നതിനുള്ള കേന്ദ്രമായും ക്രമീകരിച്ചിട്ടുള്ളത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം
തെരഞ്ഞെടുപ്പിന് ഒരു ദിവസം മുന്‍പ് പോളിംഗ് സ്റ്റേഷന്‍ അണുവിമുക്തമാക്കുന്നതിനുള്ള
നടപടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ പോളിംഗ് ബൂത്തിന്റേയും പ്രവേശന കവാടത്തില്‍ ശരീരോഷ്മാവ് പരിശോധിക്കുന്നതിന് തെര്‍മല്‍ സ്‌കാനര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിശ്ചിത അളവില്‍ ശരീരോഷ്മാവ് കൂടുതലാണെന്ന് കണ്ടെത്തിയാല്‍ രണ്ടു തവണ പരിശോധിക്കുകയും അപ്പോഴും ശരീരോഷ്മാവ് കൂടിയ അളവില്‍ തന്നെ തുടരുകയാണെങ്കില്‍ പ്രത്യേക ടോക്കണ്‍ നല്‍കി ഈ സമ്മതിദായകരോട് പോളിംഗിന്റെ അവസാന മണിക്കൂറില്‍ കോവിഡ് – 19 പ്രതിരോധ മാര്‍ഗങ്ങള്‍ പാലിച്ചു കൊണ്ട് വോട്ട് ചെയ്യുന്നതിനായി എത്തിച്ചേരുന്നതിന് നിര്‍ദേശം നല്‍കും.
ക്യൂവില്‍ നില്‍ക്കുന്നവര്‍ അകലം പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനായി അകലം അടയാളപ്പെടുത്തും. സുരക്ഷാ ഭീഷണിയില്ലാതെ വോട്ട് ചെയ്യുന്നതിനായി പോളിംഗ് സ്റ്റേഷനുകളില്‍ തണലുള്ള സ്ഥലത്ത് ഇരിപ്പിടങ്ങള്‍ ഉള്ള കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേകം ഒരുക്കും. എല്ലാ പോളിംഗ് സ്റ്റേഷന്റേയും പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും സാനിറ്റെസര്‍, സോപ്പ്, വെള്ളം എന്നിവ ലഭ്യമാക്കും. എല്ലാ സമ്മതിദായകരും മാസ്‌ക് ധരിച്ചു വരേണ്ടതും മാസ്‌ക് ധരിക്കാതെ വരുന്നവര്‍ക്ക് ഒറ്റ തവണ ഉപയോഗിക്കാന്‍ കഴിയുന്ന മാസ്‌ക് ലഭ്യമാക്കുന്നതുമാണ്.

മാലിന്യ നിര്‍മാര്‍ജനം
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഹരിത പരിപാലനചട്ടം പാലിച്ചുകൊണ്ട് വോട്ടിംഗ് പ്രക്രിയ നടപ്പാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകളിലെ മാലിന്യങ്ങള്‍ ജൈവം, അജൈവം, ബയോമെഡിക്കല്‍ എന്നിങ്ങനെ തരം തിരിച്ച് നിര്‍മ്മാര്‍ജനം ചെയ്യാന്‍ ഹരിതകര്‍മ്മ സേനയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കണ്‍ട്രോള്‍ റൂം
ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഈ മാസം അഞ്ച് , ആറ് തീയതികളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കണ്‍ട്രോള്‍ റൂം ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കും.