നിയമസഭാ തെരഞ്ഞെടുപ്പ്: ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ റാന്‍ഡമൈസേഷന്‍ നടത്തി

 

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് 84 ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ ഫസ്റ്റ് ലെവല്‍ ചെക്കിംഗ് പൂര്‍ത്തീകരിച്ച് റാന്‍ഡമൈസേഷന്‍ നടത്തി റിസര്‍വായി സജ്ജമാക്കി. അടൂര്‍, തിരുവല്ല, ആറന്മുള നിയോജക മണ്ഡലങ്ങളിലെ ജനറല്‍ ഒബ്‌സര്‍വര്‍ സുരേഷ് വസിഷ്ഠിന്റെയും കോന്നി, റാന്നി നിയോജക മണ്ഡലങ്ങളിലെ ജനറല്‍ ഒബ്‌സര്‍വര്‍ ഡി.ഡി കപാഡിയയുടെയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു കളക്ടറുടെ ചേമ്പറില്‍ റാന്‍ഡമൈസേഷന്‍ നടന്നത്.

ട്രെയിനിംഗിനും ബോധവല്‍ക്കരണത്തിനുമായി ഉപയോഗിച്ച കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് എന്നിവ 84 എണ്ണം വീതമാണ് റാഡമൈസേഷന്‍ നടത്തി അധികമായി കരുതിയിരിക്കുന്നത്. തിരുവല്ല, അടൂര്‍ നിയോജക മണ്ഡലങ്ങളില്‍ 12 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവയാണ് അധികമായി ക്രമീകരിച്ചിരിക്കുന്നത്. ആറന്മുള, റാന്നി, കോന്നി നിയോജക മണ്ഡലങ്ങളിലായി 20 വീതം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവ അധികമായി സജ്ജമാക്കിയിട്ടുണ്ട്. ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ റാന്‍ഡമൈസേഷനില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, റാന്നി റിട്ടേണിംഗ് ഓഫീസര്‍ ബീനാ റാണി, ആറന്മുള റിട്ടേണിംഗ് ഓഫീസര്‍ ജെസികുട്ടി മാത്യു, കോന്നി റിട്ടേണിംഗ് ഓഫീസര്‍ എസ്. സന്തോഷ്‌കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി പി.കെ. ജേക്കബ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആബ്‌സന്റീസ് വോട്ട്: ജില്ലയില്‍ 19765 പേര്‍
സ്‌പെഷ്യല്‍ ബാലറ്റ് വോട്ട് രേഖപ്പെടുത്തി

80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ തുടങ്ങിയ വിഭാഗത്തിലെ 19765 വോട്ടര്‍മാരുടെ വീട്ടിലെത്തി സ്‌പെഷ്യല്‍ ബാലറ്റ് വോട്ട് ശേഖരിച്ചു. 80 വയസിന് മുകളിലുള്ള വിഭാഗത്തില്‍ 18733 സ്‌പെഷ്യല്‍ ബാലറ്റ് വോട്ടിന് അപേക്ഷിച്ചവരില്‍ 17917പേരും, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 1885 പേരില്‍ 1802 പേരും, കോവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരുമായ 59 പേരില്‍ 46 പേരും തപാല്‍ വോട്ട് രേഖപ്പെടുത്തി.
80 വയസിന് മുകളിലുള്ള 18733 പേരും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 1885 പേരും കോവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരുമായ 59 പേരുമാണ് സ്‌പെഷ്യല്‍ ബാലറ്റ് വോട്ടിന് അര്‍ഹത നേടിയത്. മാര്‍ച്ച് 17 വരെ പ്രത്യേക തപാല്‍ വോട്ടിന് അപേക്ഷിച്ചവര്‍ക്കാണ് സൗകര്യം ഒരുക്കിയത്. പോസ്റ്റല്‍ ബാലറ്റിന് അര്‍ഹത നേടിയ 20677 പേരില്‍ 19765 പേര്‍ വോട്ട് രേഖപ്പെടുത്തി. 95.58 ശതമാനമാണിത്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ രണ്ട് വരെ തീയതികളിലാണ് സ്‌പെഷ്യല്‍ ബാലറ്റ് വോട്ട് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ശേഖരിച്ചത്.

തെരഞ്ഞെടുപ്പ് ദിവസം നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തവരുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ ബാലറ്റ് എത്തിച്ച് വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കുകയായിരുന്നു. ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിച്ച് വോട്ടര്‍ പട്ടികയില്‍ പോസ്റ്റല്‍ ബാലറ്റ് മാര്‍ക്ക് ചെയ്തിട്ടുള്ള വോട്ടര്‍മാര്‍ക്ക് പിന്നീട് ബൂത്തില്‍ പോയി വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഇല്ല.
പത്തനംതിട്ട ജില്ലയില്‍ ഇത്തരത്തില്‍ 221 പോളിംഗ് ടീമിനെയാണ് വോട്ട് ശേഖരിക്കുന്നതിനായി നിയോഗിച്ചത്. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകള്‍ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാരുടെ സ്‌ട്രോംഗ് റൂമില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നു.

തെരഞ്ഞെടുപ്പ് തല്‍സമയ സംപ്രേഷണം:
716 ബൂത്തുകളില്‍ ഒന്നാം ഘട്ട ട്രയല്‍ റണ്‍ നടത്തി
നിയമസഭ തെരഞ്ഞെടുപ്പ് സുതാര്യവും സുഗമവുമായി നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ 716 ബൂത്തുകളിലേക്കുള്ള തല്‍സമയ സംപ്രഷണം(വെബ് കാസ്റ്റിംഗ്) നടത്തുന്നതിന്റെ ഒന്നാംഘട്ട ട്രയല്‍ റണ്‍ പൂര്‍ത്തീകരിച്ചു. ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളിലും, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള ബൂത്തുകളിലുമാണ് സംസ്ഥാന ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ അക്ഷയ മുഖേന തെരഞ്ഞെടുപ്പ് തല്‍സമയ സംപ്രേഷണം നടത്തുന്നത്. ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ട്രയല്‍ റണ്‍ വിലയിരുത്തി.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 93 അക്ഷയകേന്ദ്രങ്ങളിലെ സംരംഭകരും, ബന്ധപ്പെട്ട ജീവനക്കാരും ഉള്‍പ്പെട്ട ടീമാണ് 716 ബൂത്തുകളിലേക്കുമുള്ള വെബ്കാസ്റ്റിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ളത്. വോട്ടര്‍മാര്‍ വോട്ടു ചെയ്യാനെത്തുന്നതും, വോട്ടു ചെയ്തതിനു ശേഷം തിരിച്ചിറങ്ങുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ തല്‍സമയ സംപ്രേക്ഷണത്തിലുടെ കാണാന്‍ സാധിക്കും. കളക്ടറേറ്റില്‍ പ്രത്യേകം ക്രമീകരിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് ജില്ലാ കളക്ടറും മറ്റ് ഉന്നത ഉദ്യേഗസ്ഥരും ബൂത്തുകളിലെ ദൃശ്യങ്ങള്‍ കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇതിലൂടെ കള്ളവോട്ടു ചെയ്യാനുള്ള സാധ്യതയും തടയാന്‍ സാധിക്കും.
പോളിംഗ് ദിവസം തല്‍സമയ സംപ്രേഷണവുമായി ബന്ധപ്പെട്ട് കണ്‍ട്രോള്‍ റൂം ജോലികള്‍ക്കായി പ്രത്യേക പരിശീലനം നല്‍കിയ 100 ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളത്. ഇവര്‍ രണ്ടു ഷിഫ്റ്റുകളായാണ് ഡ്യൂട്ടി നിര്‍വഹിക്കുക. ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി. ഐ.ടി.സെല്‍, എന്‍ഐസി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വെബ്കാസ്റ്റിംഗ് നടത്തുന്നത്. ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗമാണ് വെബ് കാസ്റ്റിംഗിനാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത്.
ജില്ലാ ഐ.ടി. സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അജിത്ത് ശ്രീനിവാസ്, ഐ.ടി.മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ഷൈന്‍ജോസ്, എന്‍ഐസി ഓഫീസര്‍ ജിജി ജോര്‍ജ്, അക്ഷയ അസി.പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിനു തുടങ്ങിയവര്‍ വെബ് കാസ്റ്റിംഗ് ട്രയല്‍റണ്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്കുള്ള പരിശീലനം പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടത്തി. 145 മൈക്രോ ഒബ്സര്‍വര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. രാവിലെ 10 മുതല്‍ 12 വരെയായിരുന്നു പരിശീലനം.
വോട്ടെടുപ്പ് സുതാര്യവും നിഷ്പക്ഷമായും കൃത്യമായും സുഗമമായും നടക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്‌സര്‍വരുടെ പ്രധാന ചുമതല. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര പൊതുമേഖല ജീവനക്കാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരെയാണ് മൈക്രോ ഒബ്സര്‍വര്‍മാരായി നിയോഗിച്ചിട്ടുളളത്.

റാന്നി, കോന്നി നിയമസഭാ മണ്ഡലങ്ങളുടെ പുതിയ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഡി.ഡി. കപാഡിയ, ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.