ഐഎൻടിയുസി പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജി വെച്ചു : എല്‍ ഡി എഫില്‍ പ്രവര്‍ത്തിക്കും

 

കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് ഐഎൻടിയുസി ജില്ലാ സെക്രട്ടറി കോൺഗ്രസ് വിട്ടു. മൈലപ്രയിൽ നിന്നുള്ള ഐഎൻടിയുസി ജില്ലാ സെക്രട്ടറി പി.കെ പീതാംബരനാണ് കോൺഗ്രസ് വിട്ടത് . കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ മോഹൻരാജിനെ പരാജയപ്പെടുത്താൻ നേതൃത്വം നൽകി റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു രാജി.

പാർട്ടി നിശ്ചയിച്ചയാളെ തോൽപ്പിക്കാൻ കൂട്ടുനിന്നവർക്ക് വേണ്ടി പ്രവർത്തിക്കാൻ തനിക്കാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റായിരുന്ന പീതാംബരൻ മൈലപ്ര മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഗോപിയുടെ സഹോദരനാണ്.

കഴിഞ്ഞ ദിവസം കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഡ്വ. അലക്സാണ്ടർ മാത്യു സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഐഎൻടിയുസി ജില്ലാ സെക്രട്ടറിയും പാർട്ടി വിട്ട് ഇടത് പക്ഷത്തെത്തിയത്. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതൽ കോൺഗ്രസ് പ്രവർത്തകർ പാർട്ടി വിടുമെന്ന് അലക്സാണ്ടർ മാത്യു നേരത്തെ പറഞ്ഞിരുന്നു.

അമ്പത് വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണയറിയിച്ച് മൈലപ്രയിലെ സ്വീകരണ വേദിയിലെത്തിയ പീതാംബരനെ എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ അഡ്വ.കെ.യു ജനീഷ് കുമാർ മാലയണിയിച്ച് സ്വീകരിച്ചു. ജനീഷ് കുമാറിന്‍റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും പീതാംബരൻ പറഞ്ഞു.

 

ചിന്തിക്കുന്നവർക്ക് കോൺഗ്രസിൽ തുടരാൻ കഴിയില്ലെന്നും ഗ്രൂപ്പ് കളി കോൺഗ്രസിനെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ എൽഡിഎഫ് മൈലപ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മാത്യു സി ജോർജ്, കൺവീനർ പി.സി ജോൺ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ആർ ഭാർഗവൻ, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക സുനിൽ,
വാർഡ് അംഗം സാജു മണിദാസ്, ജെറി ഈശോ ഉമ്മൻ, ക്യാപ്റ്റൻ സി.വി വർഗീസ്, മലയാലപ്പുഴ മോഹനൻ, രാജേഷ് ആക്ലേത്ത് തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!