Trending Now

നിയമസഭ തെരഞ്ഞെടുപ്പ്: കോവിഡ് പ്രതിരോധത്തില്‍ ചട്ടലംഘനം കണ്ടാല്‍ നടപടി

 

കോവിഡ് സേഫ് ഇലക്ഷന്‍ യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിലേക്ക് രൂപീകരിച്ചിട്ടുള്ള അഞ്ചംഗ സമിതി ഏപ്രില്‍ എട്ട് വരെ എല്ലാ ദിവസവും ചേരണമെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും തൊട്ടടുത്ത ദിവസത്തേക്കുള്ള എന്‍ഫോഴ്‌സ്‌മെന്റ് ആക്ഷന്‍ പ്ലാന്‍ ആവിഷ്‌കരിച്ച് ഡി.ഡി.എം.എയ്ക്ക് നല്‍കണമെന്നും യോഗം തീരുമാനിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിലേക്കായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ് എന്നിവരെ വിന്യസിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉള്‍പ്പടെയുള്ള ചട്ടലംഘനങ്ങള്‍ കണ്ടാല്‍ അടിയന്തര നടപടി സ്വീകരിക്കും. പൊതുയോഗങ്ങള്‍, മീറ്റിംഗുകള്‍ നടക്കുന്നിടങ്ങളില്‍ മാസ്‌ക്കുകള്‍ ശരിയായ രീതിയില്‍ ധരിക്കുന്നതിനും മതിയായ തോതില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് സംബന്ധിച്ച് അനൗണ്‍സ്‌മെന്റുകള്‍ നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തും. റാലികള്‍, മീറ്റിംഗുകള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും സിറ്റുകള്‍ ക്രമീകരിക്കുന്നത് അത്തരത്തിലാണെന്നും ഉറപ്പുവരുത്തും. രോഗവ്യാപന സാധ്യത കൂടുതലുള്ള പ്രദേശങ്ങളായ അടൂര്‍, പന്തളം മുനിസിപ്പാലിറ്റികളിലും കോന്നി ഗ്രാമപഞ്ചായത്തിലും സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ് എന്നിവര്‍ അതീവ ജാഗ്രത പുലര്‍ത്തണം.

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് വ്യാപന സാധ്യതകള്‍ പരമാവധി കുറയ്ക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡിസാസ്റ്റര്‍ മാനേജ് മെന്റ് (എ) വകുപ്പ് പ്രകാരം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. കൂടാത ചീഫ് സെക്രട്ടറി കോര്‍ ഗ്രൂപ്പ് മീറ്റിംഗുകളില്‍ ഇതിന്റെ പുരോഗതി വിലയിരുത്തുന്നതാണെന്നും അറിയിച്ചിരുന്നു. ഈ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കോവിഡ് സേഫ് ഇലക്ഷന്‍ നടത്തുന്നതിനായി യോഗം ചേര്‍ന്നത്.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഇ.മുഹമ്മദ് സഫീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.എം.ഒ ഡോ.എ.എല്‍ ഷീജ, ഡിസിആര്‍ബി ഡി.വൈ.എസ്.പി, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

error: Content is protected !!