Trending Now

നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ ക്രമീകരണങ്ങളില്‍ കേന്ദ്ര നിരീക്ഷകര്‍ സംതൃപ്തി പ്രകടിപ്പിച്ചു

 

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പത്തനംതിട്ട ജില്ലയിലെ തയ്യാറെടുപ്പുകളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ സംതൃപ്തി പ്രകടിപ്പിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് നിരീക്ഷകര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തിരുവല്ല, ആറന്മുള, അടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പൊതുനിരീക്ഷകന്‍ സുരേഷ് കുമാര്‍ വസിഷ്ഠ് ഐഎഎസ്, റാന്നി, കോന്നി നിയമസഭാ മണ്ഡലങ്ങളിലെ പൊതുനിരീക്ഷക ഡോ. രേണു എസ്. ഫുലിയ ഐഎഎസ്, ജില്ലയിലെ പോലീസ് നിരീക്ഷകന്‍ അഷുതോഷ് കുമാര്‍ ഐപിഎസ്, ജില്ലയിലെ ചെലവ് നിരീക്ഷകന്‍ സ്വരൂപ് മന്നവ ഐആര്‍എസ് എന്നിവരാണ് ജില്ലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്തിയത്.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഗമവും സുതാര്യവുമായ പൂര്‍ത്തീകരണത്തിന് എല്ലാവരുടേയും മികച്ച സഹകരണം പ്രതീക്ഷിക്കുന്നതായി പൊതുനിരീക്ഷകന്‍ സുരേഷ് കുമാര്‍ വസിഷ്ഠ് പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരവും ആത്മവിശ്വാസം പകരുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പോലീസ് നിരീക്ഷകന്‍ അഷുതോഷ് കുമാര്‍ നിര്‍ദേശിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് ചിലവ് കണക്കാക്കുന്നതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നു ചെലവ് നിരീക്ഷകന്‍ സ്വരൂപ് മന്നവ നിര്‍ദേശിച്ചു.

ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും റിട്ടേണിംഗ് ഓഫീസര്‍മാരും നോഡല്‍ ഓഫീസര്‍മാരുമായും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി. യോഗത്തില്‍ എഡിഎം ഇ.മുഹമ്മദ് സഫീര്‍, അസി.കളക്ടര്‍ വി.ചെല്‍സാസിനി, റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസി.റിട്ടേണിംഗ് ഓഫീസര്‍മാര്‍, ഇ.ആര്‍.ഒമാര്‍, വിവിധ നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

error: Content is protected !!