കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഒപ്പം കള്ളപ്പണവും പിടികൂടി. 20 ലക്ഷം രൂപയിലേറെ വില വരുന്ന 721 എല്‍എസ്ഡി സ്റ്റാമ്പും എട്ട് ലക്ഷം രൂപയുമാണ് സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്
വടുതല സ്വദേശികളായ നാല് പേര്‍ പിടിയിലായി. പച്ചാളം സ്വദേശി കോമരോത്ത് കെ ജെ അമല്‍ (22), അയ്യപ്പന്‍കാവ് സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ അക്ഷയ് (22), വടുതല സ്വദേശി നെവിന്‍ അഗസ്റ്റിന്‍(28),അയ്യപ്പന്‍കാവ് ഇലഞ്ഞിക്കല്‍ വീട്ടില്‍ ലെവിന്‍ ലോറന്‍സ് (28)എന്നിവരെയാണ് നാര്‍കോട്ടിക് സെല്‍ എസിപി കെ എ തോമസിന്റെ നേതൃത്വത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫ് റെയ്ഡ് നടത്തി പിടികൂടിയത്.
പാലാരിവട്ടം, തൃപ്പൂണിത്തുറ, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
721 എല്‍എസ്ഡി. സ്റ്റാമ്പുകള്‍, 1.08 ഗ്രാം ഹാഷിഷ്, 20 ഗ്രാം കഞ്ചാവ്, 804500 രൂപ എന്നിവയാണ് ഇവരിനിന്നും പോലീസ് പിടികൂടിയത്. കൊച്ചി നഗരത്തില്‍ ആദ്യമായിട്ടാണ് ഇത്ര വലിയ അളവില്‍ എല്‍എസ്ഡി സ്റ്റാമ്പുകള്‍ ഒരുമിച്ച് പിടികൂടുന്നത്.
ഡാര്‍ക്ക്വെബ്ബ് വഴി ബിറ്റ് കോയിന്‍ ഇടപാടിലൂടെ ആണ് എല്‍എസ്ഡി സ്റ്റാമ്പ് ഓര്‍ഡര്‍ ചെയ്യുന്നത്. ഇവ പിന്നീട് കൊറിയറായി എറണാകുളത്ത് ‘എത്തും. ഒരു ഡോളര്‍ മുതല്‍ മൂന്ന് ഡോളര്‍ വരെ വിലയ്ക്ക് വാങ്ങുന്ന എല്‍എസ്ഡി സ്റ്റാമ്പ് 1300 രൂപ മുതല്‍ 1500 രൂപ നിരക്കില്‍ ആണ് വില്‍പ്പന നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു.