ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു

 

ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാര്‍ക്കായി ഏകദിന പരിശീലന ക്ലാസ് നടത്തി. ജില്ലാ പോലീസ് ആസ്ഥാനത്തെ ഡി എച്ച് ക്യൂ സഭാ ഹാളില്‍ ജില്ലാ സി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശീലനപരിപാടി ജനമൈത്രി പദ്ധതി ജില്ലാ നോഡല്‍ ഓഫീസറും സി ബ്രാഞ്ച് ഡിവൈഎസ്പി യുമായ ആര്‍.പ്രതാപന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എസ്.ഐ:എ.ബിനു സ്വാഗതം പറഞ്ഞു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ബീറ്റ് ഓഫീസര്‍മാര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

ജനങ്ങളുമായി ഏറ്റവുമധികം ഇടപഴകുന്ന പോലീസ് വിഭാഗമായ ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുംവിധം ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ പറഞ്ഞു. കോവിഡ് കാലത്ത് ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ മനസിലാക്കി സഹായങ്ങളുമായി എത്തിയതിലൂടെ ജനമൈത്രി പോലീസ് സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യമായി മാറിയ അനുഭവം ബീറ്റ് ഓഫീസര്‍മാര്‍ക്ക് ആവേശം പകര്‍ന്നുനല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം, കുട്ടികളെ ഇന്റര്‍നെറ്റ് ചതിക്കുഴികളില്‍പ്പെടുത്തുന്നത് തുടങ്ങിയവ സംബന്ധിച്ച് സൈബര്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ അരവിന്ദാക്ഷന്‍ നായര്‍ ക്ലാസെടുക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

ഉച്ചയ്ക്കുശേഷമുള്ള സെഷനില്‍ പ്രകൃതി ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് പത്തനംതിട്ട ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എസ്.സുജാതന്‍, അരുണ്‍ കൃഷ്ണന്‍ എന്നിവര്‍ ക്ലാസെടുത്തു. 2018 ലെ പ്രളയത്തില്‍ ഏറ്റവുമധികം ബാധിക്കപ്പെട്ട ജില്ല എന്ന പശ്ചാത്തലത്തില്‍, ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നേരിടേണ്ടത് എങ്ങനെയെന്നതിനെപ്പറ്റിയും മറ്റും വിശദമാക്കി.