Trending Now

നാമനിർദേശ പത്രിക സമർപ്പണം നാളെ മുതൽ

 

നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം പുറപ്പെടുവിക്കുന്ന നാളെ (മാർച്ച് 12) മുതൽ സ്ഥാനാര്‍ഥികള്‍ക്ക് നാമനിർദേശപത്രിക സമർപ്പിക്കാം. മാര്‍ച്ച് 19 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ അതത് വരണാധികാരികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ ആണ് പത്രിക നല്‍കേണ്ടത്.

പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 20ന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്.

നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി തയ്യാറാക്കുന്നതിനുള്ള സൗകര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സുവിധ പോര്‍ട്ടലില്‍ (suvidha.eci.gov.in) ലഭ്യമാണ്. ഓണ്‍ലൈനില്‍ തയ്യാറാക്കുന്ന നാമനിര്‍ദേശ പത്രികയുടെ പ്രിന്‍റ് എടുത്ത് സമര്‍പ്പിക്കാം. ഓണ്‍ലൈനില്‍ പത്രിക സമര്‍പ്പിക്കാന്‍ സാധ്യമല്ല. സ്ഥാനാർത്ഥികളുടെ സത്യപ്രസ്താവന ഈ പോർട്ടലിലൂടെ പൊതുജനങ്ങൾക്കും കാണാന്‍ സാധിക്കും.

 

സ്ഥാനാര്‍ഥിയും കൂടെ എത്തുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ ഉപയോഗിക്കണം. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ശാരീരിക അകലം കര്‍ശനമായി പാലിക്കണം.

 

പത്രിക സമര്‍പ്പണം (മാര്‍ച്ച് 12) മുതല്‍ ആരംഭിക്കും:
പത്രിക നല്‍കുമ്പോള്‍ മൂന്ന് പേര്‍ മാത്രം

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക  (മാര്‍ച്ച് 12) മുതല്‍ സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ട് പേര്‍ മാത്രമേ പാടുള്ളൂ. ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലേയും വരണാധികാരികള്‍ക്കാണ് പത്രിക സമര്‍പ്പിക്കേണ്ടത്. മണ്ഡലത്തിലെ ഉപവരണാധികാരികള്‍ക്കും പത്രിക സ്വീകരിക്കാന്‍ അനുമതിയുണ്ട്. പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി മാര്‍ച്ച് 19 ഉം സൂക്ഷ്മ പരിശോധന 20 നും പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 22 നുമാണ്.

വിജ്ഞാപനം രാവിലെ 11ന്
രാവിലെ 11ന് അകം വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ കാര്യാലയങ്ങളില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിക്കും. വിജ്ഞാപനം പുറപ്പെടുവിച്ചത് മുതല്‍ വൈകുന്നേരം മൂന്നുവരെ പത്രികകള്‍ നല്‍കാം. തിരഞ്ഞെടുപ്പിന്റെ പേര്, പത്രിക സമര്‍പ്പണത്തിനുള്ള സ്ഥലം, പത്രിക, സമര്‍പ്പണത്തിനുള്ള അവസാന തീയതി, സമയം, സൂക്ഷ്മ പരിശോധന കേന്ദ്രം, പോളിംഗ് തീയതി, സമയം എന്നിവ അടങ്ങിയതാവും വിജ്ഞാപനം.

പൊതു അവധിദിനത്തില്‍ സമര്‍പ്പണമില്ല
നിയമസഭ തെരഞ്ഞെടുപ്പിനായി കമ്മീഷന്റെ രണ്ട്-ബി ഫോറത്തിലാണ് സ്ഥനാര്‍ഥികള്‍ പത്രിക സമര്‍പ്പിക്കേണ്ടത്. പൊതു അവധി ദിനത്തില്‍ പത്രിക സമര്‍പ്പിക്കാനാവില്ല. വിജ്ഞാപനം വരുന്ന അന്നു മുതല്‍ പത്രിക സമര്‍പ്പിക്കാം. വരണാധികാരിയോ നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിയോ മാത്രമേ പത്രിക സ്വീകരിക്കൂ. സ്ഥാനാര്‍ഥിക്കോ നിര്‍ദേശകനോ പത്രിക സമര്‍പ്പിക്കാം. തപാലിലോ മറ്റാരെങ്കിലും മുഖേനയോ അയയ്ക്കുന്ന പത്രികകള്‍ സ്വീകരിക്കില്ല.

പത്രികകള്‍ നാലെണ്ണം വരെ
ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി നാലു പത്രികകള്‍ വരെ സമര്‍പ്പിക്കാം. പത്രികയ്‌ക്കൊപ്പം 26-ാം നമ്പര്‍ ഫോറത്തിലുള്ള സത്യവാങ്മൂലവും സ്ഥാനാര്‍ഥി പൂരിപ്പിച്ച് നല്‍കണം. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ പത്രികകള്‍ സമര്‍പ്പിക്കാം. സ്ഥാനാര്‍ഥിയോ നിര്‍ദേശകനോ വൈകുന്നേരം മൂന്നിന് വരണാധികാരിയുടേയോ, ഉപരണാധികാരിയുടേയോ കാര്യാലയത്തില്‍ ഹാജരാണെങ്കില്‍ അവര്‍ വൈകുന്നേരം മൂന്നിന് എത്തിയതായി പരിഗണിക്കും.
പത്രിക സമര്‍പ്പണവേളയില്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ടു പേര്‍ മാത്രമേ വരണാധികാരിയുടെ കാര്യാലയത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളു. പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട് വരണാധികാരി, ഉപവരണാധികാരി കാര്യാലയങ്ങളുടെ നൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ രണ്ടു വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. പത്രിക നല്‍കുമ്പോള്‍ ഹാജരാക്കുന്ന രേഖകളില്‍ ഒന്ന് അസല്‍ രേഖയായിരിക്കണം.

പ്രാഥമിക പരിശോധന
വരണാധികാരി, ഉപവരണാധികാരി കാര്യാലയങ്ങളില്‍ പത്രികയില്‍ സാങ്കേതിക വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും. എന്നാല്‍ ഇത് സൂക്ഷ്മ പരിശോധനയല്ല. വോട്ടര്‍ പട്ടികയിലെ സ്ഥാനക്രമം, പേരെഴുതിയതിലെ തകരാര്‍ തുടങ്ങിയവ ഈ ഘട്ടത്തില്‍ പരിശോധിച്ച് തെറ്റ് തിരുത്താന്‍ സ്ഥാനാര്‍ഥിക്ക് അവസരം നല്‍കും.

ആറിനം രേഖകള്‍ കരുതണം
പത്രിക സമര്‍പ്പണവേളയില്‍ സ്ഥാനാര്‍ഥി ആറിനം രേഖകള്‍ ഹാജരാക്കണം. ഫോം 26ല്‍ നല്‍കുന്ന സത്യവാങ് മൂലം, വോട്ടര്‍പട്ടികയിലെ സ്ഥാനക്രമം സംബന്ധിച്ച സാക്ഷ്യപത്രം, രാഷ്ട്രീയകക്ഷി സ്ഥാനാര്‍ഥിയെങ്കില്‍ ഫോം എയും ബിയും, പട്ടിക വിഭാഗമെന്ന് അവകാശപ്പെടുന്നവരുടെ ജാതി സര്‍ട്ടിഫിക്കറ്റ്, നിക്ഷേപതുക, പ്രതിജ്ഞ എന്നിവയാണിവ.

തെരഞ്ഞെടുപ്പ് ചെലവിന് പ്രത്യേകം അക്കൗണ്ട്
തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് മാത്രമായി സ്ഥാനാര്‍ഥി ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം. പത്രിക സമര്‍പ്പണത്തിന് ഒരുദിവസം മുന്‍പെങ്കിലും ഈ അക്കൗണ്ട് തുടങ്ങിയിരിക്കണം. തെരഞ്ഞെടുപ്പ് ചെലവിനായി പ്രത്യേക അക്കൗണ്ട് തുറന്നില്ലെങ്കില്‍ ഉണ്ടാകുന്ന എല്ലാ വരവ് ചെലവുകളും കമ്മീഷന്‍ നിഷ്‌കര്‍ഷിച്ച രീതിയിലല്ല കൈകാര്യം ചെയ്യുന്നതെന്ന നിഗമനത്തില്‍ നടപടി സ്വീകരിക്കും.

നിര്‍ദേശകനും പത്രിക നല്‍കാം
സ്ഥാനാര്‍ഥി മുദ്രവെച്ച പത്രിക വേണമെങ്കില്‍ വരണാധികാരി മുമ്പാകെ നിര്‍ദേശകനും സമര്‍പ്പിക്കാം. ദേശീയ, സംസ്ഥാനതല അംഗീകൃത രാഷ്ട്രീയ കക്ഷി സ്ഥാനാര്‍ഥികള്‍ക്ക് ഒരു നാമനിര്‍ദേശകനും മറ്റുള്ളവര്‍ക്ക് പത്ത് നിര്‍ദേശകര്‍ വരെയും വേണം. നാമനിര്‍ദേശകന്‍ ആ മണ്ഡലത്തിലെ വോട്ടര്‍ ആയിരിക്കണം. നാമനിര്‍ദേശകന്‍ നിരക്ഷരനാണെങ്കില്‍ അവരുടെ വിരലടയാളം വരണാധികാരിയോ കമ്മീഷന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരോ സാക്ഷ്യപ്പെടുത്തണം. പത്രികയില്‍ വിരലടയാളം വരണാധികാരിക്ക് മുമ്പിലെ പതിക്കാവു.

പത്രിക സമര്‍പ്പണം വീഡിയോയില്‍
നാമനിര്‍ദേശ പത്രിക സമര്‍പ്പണം വീഡിയോയില്‍ പകര്‍ത്തും. എല്ലാ ദിവസവും വൈകുന്നേരം മൂന്നിനു ശേഷം വരണാധികാരിയുടെ കാര്യാലയത്തിലും ഉപവരണാധികാരിയുടെ കാര്യാലയത്തിലും അതത് ദിവസത്തെ പത്രിക സമര്‍പ്പണ വിവരം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.

നിക്ഷേപതുക നല്‍കണം
നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി കെട്ടി വയ്‌ക്കേണ്ടത് 10,000 രൂപയാണ്. പട്ടിക വിഭാഗക്കാര്‍ക്ക് 5,000 രൂപയുമാണ്. ഒരു സ്ഥാനാര്‍ഥിക്ക് നാലു സെറ്റ് പത്രിക വരെ നല്‍കാമെങ്കിലും നിക്ഷേപത്തുക ഒന്നു മതി.

നാമനിര്‍ദേശ പത്രിക വിവരവും സത്യവാങ്മൂലവും പ്രദര്‍ശിപ്പിക്കും
സ്ഥാനാര്‍ഥി നല്‍കുന്ന പത്രികയുടെ പകര്‍പ്പും സത്യവാങ്മൂലത്തിന്റെ പകര്‍പ്പും അതത് ദിവസം വരണാധികാരിയുടെയും ഉപവരണാധികാരിയുടെയും കാര്യാലയത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കണം. പത്രിക സ്വീകരിച്ച് ഇരുപത്തിനാലു മണിക്കൂറിനകം ഇവ കമ്മീഷന്‍ വെബ്‌സൈറ്റിലും ലഭ്യമാക്കും. മണ്ഡല പരിധിക്ക് വെളിയിലാണ് വരണാധികാരിയുടെയും സഹവരണാധികാരിയുടെയും ഓഫീസെങ്കില്‍ മണ്ഡല പരിധിയിലെ പൊതു സ്ഥലത്ത് ഇത് പ്രദര്‍ശിപ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദേശപത്രിക തയാറാക്കാം
നിയമസഭ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദേശ പത്രിക തയാറാക്കാം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ വെബ്‌സൈറ്റ് വഴിയാണിത്. http://suvidha.eci.gov.in എന്ന വെബ്‌സൈറ്റില്‍ കയറി ആദ്യം കാണുന്ന പേജില്‍ നിയമസഭ ഇലക്ഷന്‍ സെലക്ട് ചെയ്യണം. തുടര്‍ന്ന് വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി മൊബൈലില്‍ ലഭിക്കുന്ന വണ്‍ടൈം പാസ്വേര്‍ഡ് സൈറ്റില്‍ രേഖപ്പെടുത്തണം. ശേഷം സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍, തിരഞ്ഞെടുപ്പ് ഏജന്റ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എന്നീ ഓപ്ഷനുകളില്‍ നിന്നും സ്ഥാനാര്‍ഥിയെന്നത് തെരഞ്ഞെടുത്ത് നെക്സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് വരുന്ന പേജില്‍ സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഈ പേജില്‍ സ്ഥാനാര്‍ഥിയുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട കോളങ്ങളില്‍ സ്വമേധയാ വരും. തുടര്‍ന്ന് ഈ പേജില്‍ ഇമെയില്‍ വിലാസം നല്‍കി ഇ മെയിലില്‍ ലഭിക്കുന്ന വണ്‍ടൈം പാസ്വേര്‍ഡ് സൈറ്റില്‍ നല്‍കണം. ഇവിടെ കാറ്റഗറി (എസ്.സി/ എസ്.റ്റി/ ജനറല്‍) രേഖപ്പെടുത്തണം. ശേഷം പേജിലെ സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യണം.
തുടര്‍ന്നുള്ള പേജില്‍ നോമിനേഷന്‍, അഫിഡവിറ്റ്, പെര്‍മിഷന്‍ എന്നിങ്ങനെ മൂന്ന് ടാബുകള്‍ കാണാം. ഇതില്‍ അഫിഡവിറ്റ് ടാബ് സെലക്ട് ചെയ്ത് എല്ലാ അഫിഡവിറ്റുകളും പൂരിപ്പിച്ച് ഏറ്റവും അവസാന പേജിലെ പ്രിവ്യൂ ആന്‍ഡ് ഫൈനലൈയ്‌സ് ടാബില്‍ ക്ലിക് ചെയ്ത് അവ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം കണ്‍ഫര്‍മേഷന്‍ നല്‍കണം. തുടര്‍ന്നുള്ള പേജില്‍ തെരഞ്ഞെടുപ്പ് വിവരം, സംസ്ഥാനത്തിന്റെ പേര്, നിയമസഭാമണ്ഡലം എന്നിവ തിരഞ്ഞെടുത്ത് സേവ് ചെയ്യണം.
തുടര്‍ന്നു വരുന്ന പേജ് ഫോം 2 ബി നോമിനേഷന്‍ പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്ത്, സംസ്ഥാനം, നിയമസഭാ മണ്ഡലം, എന്നിവ തിരഞ്ഞെടുത്ത് സ്ഥാനാര്‍ഥിയുടെയും പിന്താങ്ങുന്ന വ്യക്തിയുടേയും തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ നല്‍കണം. അടുത്ത പേജ് (നോമിനേഷന്‍ പേപ്പര്‍) 2 ബി പാര്‍ട്ട് മൂന്നില്‍ ഡിക്ലറേഷനും ഫോമില്‍ ആവശ്യപ്പെടുന്ന മറ്റു വിവരങ്ങളും നല്‍കണം. തുടര്‍ന്നുള്ള പേജ് (ഫോം 2 ബി) പാര്‍ട്ട് മൂന്നില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയതിന് ശേഷം മുന്‍പ് പൂരിപ്പിച്ച അഫിഡവിറ്റ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി വീണ്ടും അപ്‌ലോഡ് ചെയ്ത് പ്രോസീഡ് ബട്ടണ്‍ അമര്‍ത്തിയ ശേഷം കണ്‍ഫര്‍മേഷന്‍ നല്‍കണം.
അടുത്ത പേജില്‍ സ്ഥാനാര്‍ഥികള്‍ക്ക് റിട്ടണിംഗ് ഓഫീസര്‍ മുമ്പാകെ നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള തീയതി, സമയം, എന്നിവ തെരഞ്ഞെടുക്കാം. തുടര്‍ന്ന് പണമടയ്ക്കാനുള്ള പേജിലെത്തി പണമടച്ചതിന്റെ ചെലാന്‍ വിവരങ്ങള്‍ നല്‍കുകയോ പണം നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനൊപ്പമോ നല്‍കാം എന്ന് സമ്മതിക്കുകയോ ചെയ്യണം. തുടര്‍ന്ന് കണ്‍ഫര്‍മേഷന്‍ നല്‍കിയതിന് ശേഷം നോമിനേഷന്റേയും അഫിഡവിറ്റിന്റേയും പ്രിന്റ് എടുക്കാം.
സ്ഥാനാര്‍ഥികള്‍ തങ്ങള്‍ക്ക് അനുവദിച്ച തീയതിയില്‍ അനുവദിച്ച സമയത്ത് നോമിനേഷന്‍, അഫിഡവിറ്റ് എന്നിവ പ്രിന്റ് ചെയ്ത് വരണാധികാരി മുമ്പാകെ സമര്‍പ്പിക്കണം. ഓണ്‍ലൈനില്‍ പത്രിക സമര്‍പ്പിക്കാന്‍ സാധ്യമല്ല. സ്ഥാനാര്‍ഥികളുടെ സത്യപ്രസ്താവന ഈ പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്കും കാണാന്‍ സാധിക്കും.
ഇന്ന് (മാര്‍ച്ച് 12) മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ അതത് വരണാധികാരികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ ആണ് പത്രിക നല്‍കേണ്ടത്. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 20ന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥിക്കൊപ്പം പരമാവധി രണ്ടു പേര്‍ മാത്രമെ ഉണ്ടാകാന്‍ പാടുള്ളൂ. പത്രികാ സമര്‍പ്പണത്തിന് എത്തുന്നവര്‍ രണ്ടു വാഹനങ്ങളില്‍ അധികം ഉപയോഗിക്കാന്‍ പാടില്ല. സ്ഥാനാര്‍ഥിയും കൂടെ എത്തുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ ഉപയോഗിക്കണം. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ശാരീരിക അകലം കര്‍ശനമായി പാലിക്കണം.

റിട്ടേണിംഗ് ഓഫീസറും ചുമതലകളും
തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ചുമതലയാണ് റിട്ടേണിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ഒരു നിയോജകമണ്ഡലത്തിലോ ചിലപ്പോള്‍ രണ്ട് നിയോജകമണ്ഡലങ്ങളിലോ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കേണ്ടത് ഒരു റിട്ടേണിംഗ് ഉദ്യോഗസ്ഥനാണ്. സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകളുമായി കൂടിയാലോചിച്ചാണ് കമ്മീഷന്‍ ഒരു നിയോജകമണ്ഡലത്തിലേക്ക് റിട്ടേണിംഗ് ഓഫീസറെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറെയും നിയമിക്കുന്നത്. ജില്ലയില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കും വരണാധികാരികളെയും ഉപവരണാധികാരികളെയും ചുമതലപ്പെടുത്തിക്കഴിഞ്ഞു.

ചുമതലകള്‍ ഇങ്ങനെ:
റിട്ടേണിംഗ് ഓഫീസറുടെ ചുമതലകളില്‍ നാമനിര്‍ദേശ ഫോമുകള്‍ സ്വീകരിക്കുകയും സൂക്ഷ്മപരിശോധന നടത്തുകയും ചെയ്യുക, സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലം പ്രസിദ്ധീകരിക്കുക, സൂക്ഷ്മപരിശോധന സമയത്ത് സ്ഥാനാര്‍ഥിയുടെ പത്രിക സ്വീകരിച്ചതോ നിരസിച്ചതോ എന്ന് അടയാളപ്പെടുത്തുക. നാമനിര്‍ദേശം ചെയ്യപ്പെട്ട സ്ഥാനാര്‍ഥികളുടെ സാധുത അടയാളപ്പെടുത്തുക, സ്ഥാനാര്‍ഥി, സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ നില പിന്‍വലിക്കല്‍ എന്ന് അടയാളപ്പെടുത്തുക.
മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നങ്ങള്‍ അനുവദിക്കുക, മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക തയാറാക്കുക, ഇവിഎമ്മുകളും വിവിപാറ്റുകളും പോളിംഗിനായി തയാറാക്കുക, പോളിംഗ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുക, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ നിശ്ചയിക്കുക, വോട്ടെണ്ണല്‍, ഫലം പ്രഖ്യാപിക്കുക.

ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും തെരഞ്ഞെടുപ്പ് പരസ്യം നല്‍കുമ്പോള്‍
മീഡിയ സര്‍ട്ടിഫിക്കേഷന്‍ സമിതിയുടെ അംഗീകാരം ഉറപ്പാക്കണം
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്വര്‍ക്കുകള്‍, റേഡിയോ, പ്രൈവറ്റ് എഫ്എം ചാനലുകള്‍, സിനിമാ തിയറ്ററുകള്‍, സമൂഹ മാധ്യമങ്ങള്‍, പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രീയ പരസ്യ വീഡിയോ പ്രദര്‍ശനങ്ങള്‍, ബള്‍ക്ക് എസ്എംഎസ്, വോയിസ് മെസേജ്, ഇ-പേപ്പറുകള്‍ എന്നിവയില്‍ നല്‍കുന്ന പരസ്യങ്ങള്‍ എന്നിവയ്ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (എംസിഎംസി മുന്‍കൂര്‍ അംഗീകാരം നേടണം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്വര്‍ക്കുകള്‍, സ്വകാര്യ എഫ്എം ചാനലുകള്‍ ഉള്‍പ്പെടെയുള്ള റേഡിയോകള്‍, സിനിമാ തിയറ്ററുകള്‍, പൊതുസ്ഥലങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ എന്നിവയില്‍ നല്‍കുന്ന പരസ്യങ്ങള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുമ്പോള്‍ അപേക്ഷ നിര്‍ദിഷ്ട മാതൃകയില്‍ തന്നെ നല്‍കണം.
ബള്‍ക്ക് എസ്എംഎസുകള്‍ക്കും വോയ്സ് മെസേജുകള്‍ക്കും പ്രീ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്. പരസ്യത്തിന്റെ ഇലക്‌ട്രോണിക് ഫോര്‍മാറ്റിലുള്ള രണ്ട് സിഡി പകര്‍പ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ സ്‌ക്രിപ്റ്റും അപേക്ഷയ്ക്കൊപ്പം നല്‍കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, പ്രക്ഷേപണം, സംപ്രേക്ഷണം ചെയ്യുന്നതിനുള്ള ചെലവ്, ഏതെങ്കിലും സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ളതാണോ പാര്‍ട്ടിക്ക് വേണ്ടിയുള്ളതാണോ തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലാണ് അപേക്ഷ നല്‍കേണ്ടത്.
ഇലക്‌ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ അംഗീകാരം ലഭിച്ചവയാണോ എന്ന് എംസിഎംസി സെല്‍ പരിശോധിക്കും. മറ്റു മാധ്യമങ്ങളിലെ പരസ്യങ്ങളും തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തും.
അച്ചടി മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും.
എംസിഎംസിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി കമ്മിറ്റി 24 മണിക്കൂറിനകം തീരുമാനമറിയിക്കും. മാതൃകാ പെരുമാറ്റച്ചട്ടം ഉള്‍പ്പടെയുള്ള നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ പരസ്യത്തിന് അനുമതി നിഷേധിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ട്. ജില്ലാതല എംസിഎംസി കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ അപേക്ഷകര്‍ക്ക് സംസ്ഥാന കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. അംഗീകാരമില്ലാത്ത ഒരു പരസ്യവും പ്രദര്‍ശിപ്പിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ പ്രക്ഷേപണം ചെയ്യുകയോ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധന.

error: Content is protected !!