സിപിഐഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

 

സിപിഐഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. പൊന്നാനി ഉള്‍പ്പെടെ പ്രതിഷേധമുണ്ടായ മണ്ഡലങ്ങളില്‍ നേരത്തെ തീരുമാനിച്ച സ്ഥാനാര്‍ത്ഥികള്‍ തന്നെയാവും മത്സരിക്കുക. ദേവികുളം അടക്കം രണ്ടോമൂന്നോ സീറ്റുകള്‍ ഒഴികെയുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ രാവിലെ 11ന് പ്രഖ്യാപിക്കും.ഇത്തവണ 85 സീറ്റുകളിലാണ് ജനവിധി തേടുന്നത്. ദേവികുളം, മഞ്ചേശ്വരം, മലപ്പുറത്തെ ഒരു സീറ്റ് എന്നിവ ഒഴികെ മറ്റെല്ലാ സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ ഇന്നുതന്നെ പ്രഖ്യാപിക്കും. എതിര്‍ സ്ഥാനാര്‍ത്ഥികളാരെന്ന് അറിഞ്ഞശേഷം ഈ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാണ് ആലോചന. രണ്ട് തവണ തുടര്‍ച്ചായി മത്സരിച്ചവരെ ഒഴിവാക്കിയുള്ള പട്ടികയ്‌ക്കെതിരെ പല മണ്ഡലങ്ങളിലും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് തരൂരില്‍ എ.കെ. ബാലന്റെ ഭാര്യയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോയി.

പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിക്കെതിരേയും കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ട് നല്‍കിയതിനെതിരേയും കടുത്ത പ്രതിഷേധം ഉണ്ടെങ്കിലും നേതൃത്വം പിന്നോട്ട് പോകില്ല. പ്രതിഷേധങ്ങള്‍ കണക്കിലെടുത്താല്‍ മറ്റിടങ്ങളിലും സമാനമായ സാഹചര്യമുണ്ടാകുമെന്നു നേതൃത്വം കണക്ക് കൂട്ടുന്നു. അരുവിക്കരയില്‍ ജില്ലാ നേതൃത്വം നിര്‍ദേശിച്ച വി.കെ.മധുവിന് പകരം ജി.സ്റ്റീഫനെയും എറണാകുളത്ത് യേശുദാസ് പറപ്പിള്ളിക്ക് പകരം ഷാജി ജോര്‍ജിനെയും സംസ്ഥാന നേതൃത്വം നിശ്ചയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ നാലുപേര്‍ക്ക് സ്ഥാനാര്‍ത്ഥികളാകാന്‍ ഇളവ് നല്കി. നിലവിലെ പട്ടികയില്‍ എന്തെങ്കിലും മാറ്റം വരണമെങ്കില്‍ പൊളിറ്റ്ബ്യൂറോയാണ് തീരുമാനിക്കേണ്ടത്. പതിനൊന്ന് വനിതകളും യുവജന സംഘടനകളില്‍ നിന്ന് 12 പേരും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.

error: Content is protected !!