നിയമസഭാ തെരഞ്ഞെടുപ്പ്: നിരീക്ഷണം ശക്തമാക്കി എംസിഎംസി മീഡിയ റൂം
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷണം ശക്തമാക്കാന്‍ പത്തനംതിട്ട ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി(എംസിഎംസി) മീഡിയ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും കമ്മിറ്റി ചെയര്‍മാനുമായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി മീഡിയ റൂം ഉദ്ഘാടനം ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍, നിരീക്ഷണം, പെയ്ഡ് ന്യൂസ് മോണിറ്ററിംഗ്, അച്ചടി മാധ്യമങ്ങള്‍, ഇലക്ട്രോണിക്ക് മാധ്യമങ്ങള്‍, കേബിള്‍ ടിവി, ഇന്റര്‍നെറ്റ്, സാമൂഹിക മാധ്യമങ്ങള്‍, മൊബൈല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പു സംബന്ധമായ പരാതികളുടെ പരിശോധനയ്ക്കായാണ് എംസിഎംസി മീഡിയ റൂം രൂപീകരിച്ചത്.
ഇതുമായി ബന്ധപ്പെട്ട് പ്രതിദിന റിപ്പോര്‍ട്ട് കമ്മിറ്റി അക്കൗണ്ടിംഗ് ടീമിന് സമര്‍പ്പിക്കും. ഇതിനായി ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മെമ്പര്‍ സെക്രട്ടറി. മുഴുവന്‍ തെരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാകുന്നതുവരെ സമിതി പ്രവര്‍ത്തിക്കും.
എഡിഎം ഇ. മുഹമ്മദ് സഫീര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് ബോബി എബ്രഹാം, പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തയാറെടുപ്പുകള്‍ പുരോഗമിക്കുന്നു; താത്കാലിക ബൂത്തുകള്‍ 15 മുന്‍പ് സജ്ജമാകും
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ പത്തനംതിട്ട ജില്ലയില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ അതിവേഗം പുരോഗമിക്കുകയാണ്. ജില്ലയിലെ 453 ഓക്സിലറി പോളിംഗ് ബൂത്തുകളില്‍ ഏഴ് എണ്ണം താത്കാലികമായി സജ്ജമാക്കേണ്ടവയാണ്. ഇവയുടെ നിര്‍മാണം മാര്‍ച്ച് 15 ഓടെ പൂര്‍ത്തിയാകും. പുതിയ ബൂത്തുകള്‍ വോട്ടര്‍മാര്‍ക്ക് പരിചിതമാകുന്നതിന് വേണ്ടിവരുന്ന സമയം കൂടി കണക്കിലെടുത്താണ് ഇവ നേരത്തെ തയാറാക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങള്‍
റാമ്പുകള്‍, ടോയ്ലറ്റുകള്‍, വൈദ്യുതി, വെള്ളം, സൈനേജുകള്‍, പ്രവേശിക്കുന്നതിനും മടങ്ങുന്നതിനും പ്രത്യേക കവാടങ്ങള്‍, ആവശ്യമായ ഫര്‍ണീച്ചറുകള്‍, ഹെല്‍പ്പ് ഡസ്‌ക്ക് എന്നിവ ബൂത്തുകളില്‍ സജ്ജമാക്കണമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനു പുറമെ മാസ്‌ക്, ഗ്ലൗസ് കോര്‍ണറുകളും ഒരുക്കേണ്ടതുണ്ട്. റാമ്പുകള്‍ ആവശ്യമുള്ള ബൂത്തുകളില്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ രണ്ടു ദിവസം മുന്‍പ് ഹെല്‍പ്പ് ഡസ്‌കും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
വേണ്ടത് 10 ബയോ ടോയ്ലറ്റുകള്‍
ജില്ലയിലെ പോളിംഗ് ബൂത്തുകളോട് അനുബന്ധിച്ച് 10 ബയോ ടോയ്ലറ്റുകള്‍ വേണ്ടതുണ്ട്. ജില്ലാ ശുചിത്വ മിഷന്‍ മുഖേനയാണ് ഇവ സജ്ജീകരിക്കുക. വോട്ടെടുപ്പിന് മുന്‍പ് എല്ലാ പോളിംഗ് കേന്ദ്രങ്ങളും അണുവിമുക്തമാക്കുകയും ടോയ്ലറ്റുകള്‍ ശുചീകരിക്കുകയും ചെയ്യും.
ആള്‍ക്കൂട്ട നിയന്ത്രണത്തിന് പ്രത്യേക ക്രമീകരണം
കൂടുതല്‍ പോളിംഗ് ബൂത്തുകളുള്ള കേന്ദ്രങ്ങളില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി എന്‍.സി.സി, എന്‍.എസ്.എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെയും വോളണ്ടിയര്‍മാരുടെയും സേവനം പ്രയോജനപ്പെടുത്തും.
തപാല്‍ വോട്ട് അപേക്ഷാ ഫോറം വിതരണം തുടങ്ങി
ഭിന്നശേഷിക്കാര്‍ക്കും എണ്‍പതു വയസിനു മുകളിലുള്ളവര്‍ക്കും കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള 12 ഡി ഫോറത്തിന്റെ വിതരണം ആരംഭിച്ചു. ഭിന്നശേഷി, കോവിഡ് പോസിറ്റീവ്, ക്വാറന്റൈന്‍ വിഭാഗങ്ങളില്‍ പെടുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മുന്‍കൂട്ടി വാങ്ങിവയ്ക്കണം. തപാല്‍ വോട്ടിന് അര്‍ഹരെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കുന്നവര്‍ക്കു മാത്രമാണ് ബി.എല്‍.ഒമാര്‍ 12 ഡി ഫോറം നല്‍കുക. പൂര്‍ണമായും പൂരിപ്പിച്ച 12 ഡി ഫോറം തിരിച്ചു നല്‍കുന്നവരുടെ പേരിനൊപ്പം വോട്ടര്‍ പട്ടികയില്‍ തപാല്‍ വോട്ട് എന്ന് മാര്‍ക്കു ചെയ്യും. ഇവര്‍ക്ക് പിന്നീട് പോളിംഗ് ബൂത്തില്‍ പോയി വോട്ടു ചെയ്യാനാവില്ല.
ജില്ലയില്‍ ക്രിട്ടിക്കല്‍, വള്‍നറബിള്‍ ബൂത്തുകള്‍ 31
പത്തനംതിട്ട ജില്ലയില്‍ പ്രശ്ന സാധ്യതയുള്ള ക്രിട്ടിക്കല്‍, വര്‍നറബിള്‍ വിഭാഗത്തിലുള്ള 31 ബൂത്തുകളാണുള്ളത്. ഇവ ഉള്‍പ്പെടെ ജില്ലയിലെ 765 ബൂത്തുകളിലെ പോളിംഗ് നടപടിക്രമങ്ങള്‍ വെബ്കാസ്റ്റിംഗ് നടത്തും. പോളിംഗ് ഉദ്യോഗസ്ഥര്‍ ബൂത്തുകളില്‍ എത്തുന്നതു മുതലുള്ള നടപടികള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കാണാന്‍ കഴിയും വിധമുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. വെബ് കാസ്റ്റിംഗ് സാധ്യമല്ലാത്ത ബൂത്തുകളില്‍ റെക്കോര്‍ഡിംഗ് ഉള്ള സിസിടിവി സജ്ജമാക്കും.
കന്നി വോട്ടര്‍മാരുമായി ജില്ലാ കളക്ടര്‍ സംവദിച്ചു
നമ്മുടെ ഭാവി തീരുമാനിക്കുന്നത് നമ്മള്‍ തന്നെ;
ഓരോ വോട്ടും വിലപ്പെട്ടത്- ജില്ലാ കളക്ടര്‍
നമ്മുടെ ഭാവി നമ്മള്‍ തന്നെയാണ് തീരുമാനിക്കുന്നതെന്നും ഓരോ വോട്ടും വിലപ്പെട്ടതാണെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വീപ് വോട്ടര്‍ ബോധവത്ക്കരണത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ കോളജ് വിദ്യാര്‍ഥികളായ കന്നി വോട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. പഠന ശേഷം ജോലി ലഭിക്കണമെങ്കില്‍ നാട്ടില്‍ വികസനം ഉണ്ടാകണം. പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും പ്രാധാന്യം നല്‍കണം. പഠനം മാത്രമല്ല ഒരു മനുഷ്യന്റെ വളര്‍ച്ച. പരീക്ഷകളില്‍ മാര്‍ക്കിനായി മാത്രം പഠിക്കരുത്. പൊതുവേദികളില്‍ സംസാരിക്കാനും പരിപാടികള്‍ സംഘടിപ്പിക്കാനും ഓരോ വിദ്യാര്‍ഥിക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടിന്റെ പ്രാധാന്യത്തെ കുറിച്ച് ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ കളക്ടറോട് ചോദിച്ചു. ഓരോ ചോദ്യത്തിനും കൃത്യമായ മറുപടി കളക്ടര്‍ നല്‍കി. ചര്‍ച്ചയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് മെഷീന്‍ എന്നിവ പരിചയപ്പെടുത്തി. സ്വീപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പരുമല പമ്പാ ദേവസ്വം ബോര്‍ഡ് കോളജ് വിദ്യാര്‍ഥിനി അനഘ അനിലിന് മൊമന്റോയും സര്‍ട്ടിഫിക്കറ്റും കളക്ടര്‍ നല്‍കി. സ്വീപ്പിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ കാമ്പയിനും കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യുവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ കാമ്പയിനും ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു.
കോഴഞ്ചേരി സെന്റ് തോമസ് കോളജ്, പത്തനംതിട്ട കാതോലിക്കറ്റ് കോളജ്, പരുമല പമ്പാ ദേവസ്വം ബോര്‍ഡ് കോളജ്, തുരുത്തിക്കാട് ബിഎഎം കോളജ്, കോന്നി എസ്എഎസ് എസ്എന്‍ഡിപി കോളജ്, കടമ്മനിട്ട മൗണ്ട് സിയോണ്‍ എന്‍ജിനിയറിംഗ് കോളജ് എന്നിവയെ പ്രതിനിധീകരിച്ചെത്തിയ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, സ്വീപ് ജില്ലാ നോഡല്‍ ഓഫീസര്‍ ബി. ശ്രീബാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ജില്ലയില്‍ നിയമിച്ച ജീവനക്കാരുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ കളക്ടറേറ്റില്‍ നടന്നു. ജില്ലാ കളക്ടറും തെരഞ്ഞെടുപ്പ് വരണാധികാരിയുമായ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്.
ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ 4136 പേരെയാണ് നിയോഗിച്ച് ഉത്തരവായത്. 2068 പ്രിസൈഡിംഗ് ഓഫീസര്‍മാരേയും, 2068 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരെയുമാണ് ആദ്യ റാന്‍ഡമൈസേഷനില്‍ നിയോഗിച്ചത്. ഇവര്‍ക്ക് താലൂക്ക് തലത്തില്‍ ഈ മാസം 17, 18, 19, 20 തീയതികളില്‍ പരിശീലനം നല്‍കും. 40 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ചാണ് പരിശീലനം നല്‍കുക. രാവിലെ 9.30 മുതല്‍ ഒരു മണി വരെയും, ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെയുമാണ് പരിശീലനം.
തിരുവല്ല താലൂക്കിലെ പരിശീലനം 17, 18,19 ദിവസങ്ങളില്‍ തിരുവല്ല ഡയറ്റ് ഹാളിലും, റാന്നി താലൂക്കിലേത് 17, 18 തീയതികളില്‍ സിറ്റാഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും, കോഴഞ്ചേരി താലൂക്കിലേത് 17,18,19,20 തീയതികളില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലും, കോന്നി താലൂക്കിലേത് 17, 18 തീയതികളില്‍ മാരങ്ങാട് എസ്.എന്‍ പബ്ലിക് സ്‌കൂളിലും അടൂര്‍ താലൂക്കിലേത് 17, 18, 19 തീയതികളില്‍ ഓള്‍ സെയിന്റ്‌സ് പബ്ലിക് സ്‌കൂളിലും നടക്കും.
ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, എച്ച്എസ് ബീന എസ്. ഹനീഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
തിരഞ്ഞെടുപ്പും മാധ്യമങ്ങളും ശില്‍പശാല മാര്‍ച്ച് 15ന്
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പും മാധ്യമങ്ങളും എന്ന വിഷയത്തില്‍ മാര്‍ച്ച് 15ന് ശില്‍പശാല സംഘടിപ്പിക്കും. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും പത്തനംതിട്ട പ്രസ് ക്ലബ്ബും ചേര്‍ന്നു നടത്തുന്ന പരിപാടി പ്രസ് ക്ലബ് ഹാളില്‍ രാവിലെ 11.30 ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്യും.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബോബി ഏബ്രഹാം അധ്യക്ഷത വഹിക്കും. എഡിഎം ഇ. മുഹമ്മദ് സഫീര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍ ആശംസാ പ്രസംഗം നടത്തും. എംസിഎംസി, സോഷ്യല്‍ മീഡിയാ, പെയ്ഡ് ന്യൂസ് സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍ സ്മൃതി മുരളീധര്‍ വിഷയം അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ നന്ദിയും പറയും.
പ്രചാരണ സാമഗ്രികളുടെ അച്ചടിക്ക് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍
നിയമസഭാ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും നോട്ടീസുകളും മറ്റ് അച്ചടി സാധനങ്ങളും അച്ചടിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശമായി. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 127 എ വകുപ്പ് അനുശാസിക്കുന്ന ചട്ടങ്ങള്‍ പ്രകാരമായിരിക്കണം ഇവ അച്ചടിക്കേണ്ടത്. അച്ചടി ജോലി ഏറ്റെടുക്കുന്നതിനു മുമ്പായി ഈ നിയമത്തിലെ ചട്ടം 127 എ(2) പ്രകാരമുളള നിര്‍ദിഷ്ട മാതൃകയില്‍, പ്രസിദ്ധീകരിക്കുന്ന വ്യക്തി ഒപ്പിട്ടതും രണ്ടുപേര്‍ സാക്ഷ്യപ്പെടുത്തിയതുമായ സത്യവാങ്മൂലത്തിന്റെ രണ്ടു പകര്‍പ്പുകള്‍ പ്രസ് ഉടമകള്‍ വാങ്ങേണ്ടതാണ്.
പ്രിന്റ് ചെയ്തതിന്റെ ഒരു പകര്‍പ്പും സത്യവാങ്മൂലവും അച്ചടി കഴിഞ്ഞ് മൂന്നു ദിവസത്തിനകം വരവ് ചെലവ് കണക്ക് സമര്‍പ്പിക്കുന്ന കമ്മിറ്റിയുടെ നോഡല്‍ ഓഫീസറായ ഫിനാന്‍സ് ഓഫീസര്‍ മുമ്പാകെ ഹാജരാക്കണം. പ്രിന്ററുടേയും പബ്ലിഷറുടെയും പേരും മേല്‍വിലാസവും അച്ചടിക്കുന്ന പ്രിന്റിന്റെ എണ്ണവും വെളിപ്പെടുത്താതെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും മറ്റ് അച്ചടി സാമഗ്രികളും പ്രിന്റ് ചെയ്യാനോ പ്രസിദ്ധീകരിക്കാനോ പാടില്ല. ഈ വ്യവസ്ഥ ലംഘിക്കുന്നപക്ഷം മേല്‍നിയമം അനുശാസിക്കുന്ന പിഴയോ തടവോ രണ്ടും കൂടിയോ ലഭിക്കും.
നിയമസഭാ തെരഞ്ഞെടുപ്പ്: അനുമതികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വിവിധ അനുമതികള്‍ക്കായി suvidha.eci.gov.in എന്ന പോര്‍ട്ടലിലൂടെ അപേക്ഷിക്കണം.
യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നതിനും വാഹന പ്രചാരണം നടത്തുന്നതിനും താത്ക്കാലികമായി പാര്‍ട്ടി ഓഫീസ് തുറക്കുന്നതിനും വാഹനങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നതിനും അനുമതി വേണ്ടതുണ്ട്.
സ്ഥാനാര്‍ഥികള്‍ക്കോ പ്രതിനിധികള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കോ അപേക്ഷിക്കാം. ഒരു തവണ അപേക്ഷ നല്‍കുന്നതിന് ഉപയോഗിച്ച പ്രൊഫൈല്‍ തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്. അനുമതി ആവശ്യമുള്ള ദിവസത്തിന് 48 മണിക്കൂര്‍ മുന്‍പെങ്കിലും അപേക്ഷ നല്‍കണം. അപേക്ഷ ലഭിക്കുന്നതിന്റെ മുന്‍ഗണനാക്രമത്തില്‍ വരണാധികാരിയാണ് അനുമതി നല്‍കുക.
ആറന്മുള നിയോജക മണ്ഡലത്തില്‍
മാതൃകാ പോളിംഗ് ബൂത്തിന്റെ ഉദ്ഘാടനം ചെയ്തു
ആറന്മുള നിയോജക മണ്ഡലത്തില്‍ സ്വീപ് ബോധവത്ക്കരണത്തിന്റെ ഭാഗമായി സജ്ജമാക്കിയ മാതൃകാ പോളിംഗ് ബൂത്തിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനി നിര്‍വഹിച്ചു.
കോഴഞ്ചേരി താലൂക്ക് ഓഫീസില്‍ നടന്ന പരിപാടിയില്‍ ആറന്മുള നിയോജക മണ്ഡലം വരണാധികാരിയായ ഡെപ്യുട്ടി കളക്ടര്‍ ജെസിക്കുട്ടി മാത്യൃ അധ്യക്ഷതവഹിച്ചു. കോഴഞ്ചേരി തഹസില്‍ദാര്‍ കെ.മധുസൂദനന്‍, തഹസില്‍ദാര്‍(ഭൂരേഖ) മിനി കെ തോമസ്, ഡെപ്യുട്ടി തഹസില്‍ദാര്‍മാരായ കെ.ജയ്ദീപ്, സാദത്ത്, സാം പി തോമസ്, ബി ബാബുലാല്‍ എന്നിവര്‍ സംസാരിച്ചു.