ഇത് രേഖ എസ് നായർ
“രേഖ സ്നേഹപ്പച്ച”
എന്ന പേരിൽ ആദിവാസി ഊരുകൾക്ക് പ്രിയപ്പെട്ടവൾ.
കാട്ടിലെ താരം,
കാട്ടിൽ അറിയപ്പെടുന്നവൾ.നാട്ടിൽ അറിയപ്പെടേണ്ടവൾ.
konnivartha.com: ഈ സുദിനത്തിൽ ഒരു സാധാരണ വീട്ടമ്മയെ പരിചയപ്പെടുത്തുകയാണ്. പൊതു പ്രവർത്തന രംഗത്തും ജീവകാരുണ്യ മേഖലയിലും ഒരു സ്ത്രീക്ക് ചെയ്യാവുന്നതിലും അപ്പുറം പ്രവർത്തിച്ചു കൊണ്ട് വ്യക്തി മുദ്ര പതിപ്പിച്ച രേഖ ഇന്ന് ആദിവാസി സഹോദരങ്ങളുടെ പ്രിയ മിത്രമാണ്. കാണാതെ പോകരുത് ഈ ചെറുപ്പക്കാരിയെ.
കുഞ്ഞുകാലം മുതലേ വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ അവർക്ക് സാന്ത്വനമേകാൻ
വല്ലാതെ കൊതിച്ചവൾ. സുഖങ്ങളും ദു:ഖങ്ങളും തന്നെക്കാൾ താഴ്ന്നവരോടൊപ്പം ചെലവിടാൻ കൊതിക്കുന്നവൾ. കാട്ടിൽ നിന്നും ഒരു കരച്ചിൽ കേട്ടാൽ വീട്ടിൽ അസ്വസ്ഥത കാട്ടുന്നവൾ.
കഴിഞ്ഞ നാലു വർഷക്കാലമായി പത്തനംതിട്ട ജില്ലയിലെ സീതത്തോട് ആങ്ങമൂഴി മൂഴിയാർ,പമ്പ , ളാഹ തുടങ്ങിയിട്ടുള്ള ആദിവാസി ഊരുകളിലെ സഹോദരങ്ങൾക്ക് കൂടെപ്പിറപ്പിനെപ്പോലെയാണ് രേഖ. തനിക്ക് കിട്ടുന്ന (സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു ) തുച്ഛമായ വരുമാനത്തിൽ നിന്നും ഒരു ഭാഗം എല്ലാമാസവും ആദിവാസികൾക്ക് വേണ്ടി മാറ്റി വെയ്ക്കും. ഭക്ഷ്യധാന്യങ്ങളും മരുന്നും വസ്ത്രങ്ങളും മധുര പലഹാരങ്ങളുമായി രേഖയും കൂട്ടരും വരുന്നതും നോക്കി ഊരുകളിൽ അവർ ഇരിക്കും. പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ. ഇന്ന് അതൊരു പതിവാണ്.
എല്ലാമാസവും വനപാലകർ അവരുടെ ക്ഷേമം അന്വേഷിക്കുന്നുണ്ടെങ്കിലും രേഖയും കൂട്ടരും വരുന്നതാണ് അവർക്ക് കൂടുതൽ സന്തോഷം. ഏകദേശം എഴുപത്തഞ്ചോളം ഊരുകളിലെ എല്ലാ അംഗങ്ങളെയും പേരിട്ടു വിളിച്ച് അവരുടെ ക്ഷേമം അന്വേഷിക്കാൻ ഇന്ന് രേഖക്ക് പകരം മറ്റൊരാളില്ല എന്നതാണ് സത്യം.
എല്ലാമാസവും ഉള്ള ഊരു സന്ദർശന വേളയിൽ ഓരോ വീടുകളിലും രേഖയുടെ ബോധവത്കരണ ക്‌ളാസുമുണ്ടാകും . അതിൽ സ്ത്രീ സുരക്ഷയും, ആരോഗ്യ സംരക്ഷണവും,വൃത്തിയുടെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യവും, സ്ത്രീകൾ നേരിടുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ എല്ലാം വിഷയമാകും.
രേഖയുടെ നിസ്വാർത്ഥമായ സേവനം കണ്ടു കേട്ടറിഞ്ഞ നിരവധി സുമനസുകൾ പിന്നീട് രേഖയോടൊപ്പം കൂടി.പാരിസ്ഥിതിക ആത്മീയാചാര്യനും വേഗവരയിൽ ലോക റിക്കോർഡ് ജേതാവുമായ ജിതേഷ്ജി ,പുരാവസ്തു ശേഖരണത്തിൽ ഏഷ്യൻ ബുക്ക് ഓഫ് റിക്കോർഡ് നേടിയ ശില സന്തോഷും എഴുത്തുകാരനായ ബിജു മുഹമ്മദും പ്രശസ്ത പരിസ്ഥിതി പ്രവർത്തക അമൃത സെബാസ്റ്റ്യൻ,മധ്യ കേരളത്തിലെ പ്രമുഖ വ്യവസായി ആയ മെഹർഖാൻ ചെന്നല്ലൂരും സാമൂഹ്യ പ്രവർത്തകരായ രാജേഷ് പട്ടാഴിയും, ആലപ്പുഴ താമരക്കുളം സര്‍ക്കാര്‍ സ്കൂളിലെ റിട്ടേർഡ് ഹെഡ്മിസ്ട്രസ് ജെ വിമലകുമാരി, തുടങ്ങി നാട്ടിലും വിദേശത്തും ഉള്ള നിരവധി സുമനസുകൾ ഇപ്പോൾ സ്നേഹപ്പച്ചയെന്ന കൂട്ടായ്മയിൽ അംഗങ്ങളാണ് .
എല്ലാ മാസവും സ്ഥിരമായി വനത്തിൽ സന്ദർശനം നടത്തുന്ന രേഖയുടെ പ്രവർത്തനങ്ങൾക്ക് വനപാലകരുടെ എല്ലാ സഹായവും ലഭിക്കുന്നുണ്ട്. ഈ സംഘടന ഇപ്പോൾ ജില്ലാ ഭരണകൂടത്തിന്റെയും മറ്റ് പൊതുസമൂഹത്തിന്റെയും പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ്.അതിപ്പോൾ സ്നേഹപ്പച്ച എന്ന ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്ത് കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് കുതിക്കുകയാണ് .
സ്നേഹപ്പച്ചയുടെ കൺവീനർ കൂടിയായ രേഖക്ക് കുടുംബത്തിന്‍റെ പരിപൂർണ പിന്തുണയുമുണ്ട്. ഭർത്താവ് സന്തോഷും രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് രേഖയുടെ കുടുംബം .
(+91 96563 55819 രേഖ എസ്സ് നായര്‍ )