കുമ്പഴ ചന്ത മൈതാനം അളന്നു തിട്ടപ്പെടുത്തണം : കയ്യേറ്റം ഒഴിപ്പിക്കണം

 

konnivartha.com/പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള പതിനഞ്ചാം വാര്‍ഡിലെ കുമ്പഴ ചന്ത മൈതാനം (ഇപ്പോള്‍ ഓപ്പണ്‍ സ്റ്റേജ്, ഹെല്‍ത്ത് സെന്റര്‍ ഇരിക്കുന്ന സ്ഥലം) നിയമപരമായി അളന്ന് തിട്ടപ്പെടുത്തണമെന്നും കയ്യേറ്റം ഉണ്ടെങ്കില്‍ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നഗരസഭാ സെക്രട്ടറിക്ക് പരാതി . നഗരസഭയിലെ താമസക്കാരനായ കുമ്പഴ ഇഞ്ചത്താനം വീട്ടില്‍ പ്രകാശ്‌ ആണ് പരാതിക്കാരന്‍ .

നഗരസഭയുടെ വസ്തുവകകളും സ്വത്തുക്കളും പലരീതിയിലും അന്യാധീനപ്പെട്ടു പോകുകയോ ചില സ്വകാര്യ വ്യക്തികള്‍ കയ്യേറുകയോ ചെയ്തിട്ടുണ്ടെന്നും  ഇപ്രകാരം നഗരസഭയ്ക്ക് നഷ്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തന്‍റെ കൂടി നഷ്ടം ആണെന്നും പരാതിക്കാരന്‍ പറയുന്നു.

പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലും തീറാധാരത്തിലും കരം തീരുവയിലും ഉള്ളതാണ് പതിനഞ്ചാം വാര്‍ഡില്‍ കുമ്പഴ ജംഗ്ഷനില്‍ മലയാലപ്പുഴ റോഡിന് അഭിമുഖമായുള്ള ചന്ത മൈതാനം. മുമ്പ് ഇവിടം വോളിബോള്‍ കോര്‍ട്ട് ആയി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ഇവിടെ നഗരസഭയുടെ ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ അടുത്തകാലത്ത്‌ ഹെല്‍ത്ത് സെന്റര്‍ കെട്ടിടവും വഴിയോരം പദ്ധതിയുടെ ഭാഗമായി ഒരു ചെറിയ കെട്ടിടവും പണിതിട്ടുണ്ട്. മുമ്പ് വളരെയധികം വിസ്ത്രുതിയുള്ള മൈതാനമായിരുന്നു ഇത്. എന്നാല്‍ ഇന്ന് മുമ്പുണ്ടായിരുന്നതിന്റെ പകുതിപോലും സ്ഥലമില്ല എന്നത് പ്രത്യക്ഷ നോട്ടത്തില്‍ തന്നെ വ്യക്തമാണെന്നും സമീപത്തുള്ള സ്വകാര്യ വ്യക്തികള്‍ നഗരസഭയുടെ സ്ഥലം കയ്യേറിയാണ് ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നു സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു.

ഈ സംശയം മുമ്പ് പലരും പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ നാളുകള്‍ക്കു മുമ്പ് തന്നെ നഗരസഭയുടെ വിവിധ കൌണ്‍സിലര്‍മാരോടും നഗരസഭയിലെ ഉത്തരവാദിത്വപ്പെട്ട ജീവനക്കാരോടും പറഞ്ഞിരുന്നുവെന്നും എന്നാല്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. വിവരാവകാശ അപേക്ഷയിലൂടെ ഈ വസ്തുവിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഈ വസ്തുവിന്റെ രേഖകളും നിലവിലുള്ള അവസ്ഥകളും മൂടിവെക്കുകയായിരുന്നു.

കോടികള്‍ വിലമതിക്കുന്നതാണ് ഈ സ്ഥലം. നഗരസഭയുടെ വസ്തുവകകള്‍ ആരെങ്കിലും കയ്യേറിയിട്ടുണ്ടെങ്കില്‍ അത് കര്‍ശന നടപടികളിലൂടെ ഒഴിപ്പിക്കുകയും വസ്തു നഗരസഭയുടെ കൈവശത്തില്‍ ആക്കുകയും വേണം. ആയതിന് ആദ്യമായി ചെയ്യേണ്ടത്, മുകളില്‍ പ്രതിപാദിച്ചിരിക്കുന്ന വസ്തുവിന്റെ യഥാര്‍ഥ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കുകയും കൈയേറ്റം സംശയിക്കുന്ന ഈ വസ്തു റവന്യു വകുപ്പിനെക്കൊണ്ട് അളന്നു തിരിക്കുകയുമാണ്. കൂടാതെ നഗരസഭാ കൌണ്‍സിലില്‍ ഈ പരാതി ഒരു പ്രധാന അജണ്ടയായി നിശ്ചയിച്ച് ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.

നിയമവിരുദ്ധമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കുമെതിരെ സമീപകാലത്തുണ്ടായ സുപ്രീംകോടതി വിധി ഏറെ കോളിളക്കം സൃഷ്ടിച്ചതാണല്ലോ. മരടിലെ അനധികൃത നിര്‍മ്മാണങ്ങളും ആലപ്പുഴയിലെ കാപികോ റിസോര്‍ട്ടുകളും പൊളിച്ചുനീക്കുവാന്‍ സുപ്രീംകോടതി നല്‍കിയത് ശക്തവും വ്യക്തവുമായ ഉത്തരവാണ്. കയ്യേറ്റങ്ങള്‍ക്കെതിരെ പരാതിയില്ലാതെ തന്നെ നടപടി സ്വീകരിക്കുവാന്‍ നഗരസഭാ സെക്രട്ടറി എന്ന നിലയില്‍ അങ്ങേക്ക് അധികാരമുണ്ട്‌. സംശയമുള്ള വസ്തു പൊതുജനങ്ങളുടെ സാന്നിധ്യത്തില്‍ അളന്നുതിട്ടപ്പെടുത്തുകയും ചെയ്യാം. എന്നാല്‍ നാളിതുവരെ ഇത്തരം നടപടികള്‍ ഒന്നും സ്വീകരിക്കാത്തതിനാല്‍ എന്റെ രേഖാമൂലമുള്ള ഈ പരാതി സ്വീകരിച്ച് ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും, ഇപ്രകാരം സ്വീകരിച്ച നടപടികള്‍ പരാതിക്കാരനായ എന്നെ രേഖാമൂലം അറിയിക്കണമെന്നും ആവശ്യപ്പെട്ടുള്ള പരാതി ഇങ്ങനെയാണ് അവസാനിക്കുന്നത്

error: Content is protected !!