കോവിഡ് പ്രതിരോധം:ജനങ്ങളെ ഒപ്പം ചേര്‍ക്കാന്‍ ഒപ്പം 2 ക്യാമ്പയിന്‍

നിയമസഭാ തെരഞ്ഞെടുപ്പ് 2021:ബൂത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശം നല്‍കി. പോളിംഗ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും സുഗമമായി വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

ജില്ലയില്‍ 1379 ബൂത്തുകളില്‍ റാംപ് സൗകര്യം നിലവിലുണ്ട്. 151 ബൂത്തുകളിലാണ് പുതിയ റാംപുകള്‍ ഒരുക്കേണ്ടത്. ഇവിടെ മാര്‍ച്ച് 15 ന് മുന്‍പ് റാംപ് നിര്‍മ്മിക്കാന്‍ തദ്ദേശ സ്വയംഭരണ മേധാവികള്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
വൈദ്യുതിയില്ലാത്ത പോളിംഗ് ബൂത്തുകളില്‍ വൈദ്യുതി ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ രണ്ട് ബൂത്തുകളില്‍ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉള്ളതിനാല്‍ തൊട്ടടുത്ത കെട്ടിടത്തില്‍ നിന്നും കണ്ക്ഷന്‍ എടുക്കാന്‍ തീരുമാനിച്ചു.

കുടിവെള്ള കണക്ഷന്‍ ഇല്ലാത്ത എല്ലാ ബൂത്തുകളിലേക്കും തെരഞ്ഞെടുപ്പ് ദിവസം കുടിവെള്ളം എത്തിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ 1520 പോളിംഗ് ബൂത്തുകളിലും ടോയ്ലറ്റ് സൗകര്യം ഉണ്ട്. സൗകര്യം ഇല്ലാത്ത 10 ബൂത്തുകള്‍ മാത്രമാണു നിലവിലുള്ളത്. ഇവിടെ ഇ-ടോയ്‌ലെറ്റ് ഉള്‍പ്പടെയുള്ള സൗകര്യം ഒരുക്കാനും തീരുമാനമായി.

കോവിഡ് പ്രതിരോധം:ജനങ്ങളെ ഒപ്പം ചേര്‍ക്കാന്‍ ഒപ്പം 2 ക്യാമ്പയിന്‍

കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ് പുരോഗമിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ കോവിഡിനെതിരെയുളള അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പത്തനംതിട്ട ജില്ലയില്‍ ഒപ്പം 2 ക്യാമ്പയിന് തുടക്കമായി. ‘ജാഗ്രത, പ്രതിരോധം, അതിജീവനം’ എന്ന ടാഗ്‌ലൈനില്‍ 12 ആഴ്ച നീണ്ടുനിന്നിരുന്നു ഒപ്പം ക്യാമ്പയിന്റെ രണ്ടാം ഘട്ടമാണ് ഒപ്പം 2 ക്യാമ്പയിന്‍. പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന ഒപ്പം 2 ക്യാമ്പയിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു.

കോവിഡ് വാക്‌സിന്‍ പരമാവധി ആളുകളില്‍ എത്തിക്കുന്നതിനായി വാക്‌സിനേഷനെക്കുറിച്ചുള്ള ശരിയായ അറിവ് ജനങ്ങളില്‍ എത്തിക്കുകയും, തെറ്റിദ്ധാരണകള്‍, സംശയങ്ങള്‍ എന്നിവ ഒഴിവാക്കുക, തെരഞ്ഞെടുപ്പ് പ്രചാരണം സുരക്ഷിതമാക്കേണ്ടതിന്റെയും, അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ തുടരേണ്ടതിന്റെയും പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക, കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള അറിവ് ജനങ്ങളിലെത്തിക്കുക തുടങ്ങിയവയാണ് ഒപ്പം 2 ക്യാമ്പയിന്റെ ലക്ഷ്യം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്നിവര്‍ക്കായി ഒരു അര്‍ധദിന ഓണ്‍ലൈന്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുക, എന്‍എസ്എസ്, എസ്പിസി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് വെബിനാര്‍ സംഘടിപ്പിക്കുക, അവരിലൂടെ കുടുംബശ്രീ അംഗങ്ങള്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, മദേഴ്‌സ് മീറ്റിംഗിനെത്തുന്ന അമ്മമാര്‍ എന്നിവരിലേക്ക് അവബോധം നല്‍കുക, ഇതിനായി പവര്‍പോയിന്റ് പ്രസന്റേഷന്‍ തയ്യാറാക്കുക, വാക്‌സിന്‍ എടുത്ത പ്രമുഖ വ്യക്തികളുടെ അനുഭവം പങ്കുവയ്ക്കുന്ന വീഡിയോ ക്ലിപ്പുകള്‍ തയ്യാറാക്കി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുക

മേജര്‍ ആശുപ്രതികളിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും പോസ്റ്ററുകള്‍, ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിക്കുക, സിനിമാ തീയേറ്ററുകളില്‍ ഐഇസി സ്ലൈഡുകള്‍ പ്രദര്‍ശിപ്പിക്കുക, സുരക്ഷിതമായ ഇലക്ഷന്‍ കാലം, അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങളുടെ പ്രാധാന്യം എന്നിവ വ്യക്തമാക്കുന്ന പ്രമുഖ വ്യക്തികളുടെ സന്ദേശങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പുകള്‍, ഡിജിറ്റല്‍ പോസ്റ്ററുകള്‍ എന്നിവ തയ്യാറാക്കി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുക തുടങ്ങിയവയാണ് ഒപ്പം 2 ക്യാമ്പയിന്റെ പ്രവര്‍ത്തനങ്ങള്‍. 12 ആഴ്ച്ചയാണ് ഒപ്പം 2 ക്യാമ്പയിന്റെ പ്രവര്‍ത്തന കാലാവധി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍. ചന്ദ്രശേഖരന്‍ നായര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐഎസ്എം) ഡോ. പി.എസ് ശ്രീകുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, ഡി.ഡി.പി എസ്.ശ്രീകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ.സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!