കോതമംഗലം സീറ്റിനെച്ചൊല്ലി കേരള കോണ്‍ഗ്രസിലും യു ഡി എഫിലും പെയ്‌മെന്റ് സീറ്റ് വിവാദം കൊഴുക്കുന്നു. സര്‍ക്കാര്‍ ഭൂമികൈയ്യേറ്റവും ഒട്ടനവധി സാമ്പത്തിക ആരോപണങ്ങളും നേരിടുന്ന ആദായനികുതി വകുപ്പിന്റെ കണ്ണിലെ കരടായ വ്യക്തിയെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെയാണ് മുന്നണിക്കുള്ളില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉയരുന്നത്.
എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് യു ഡി എഫ് ജില്ലാ കണ്‍വീനറും എന്റെ നാട് കോതമംഗല’ ത്തിന്റെ നടത്തിപ്പുകാരനുമായ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തെ സ്ഥാനാര്‍ഥിയാക്കാനുള്ള പി ജെ ജോസഫിന്റെ നീക്കമാണ് വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുന്നത്.
പ്രമുഖ സാമ്പത്തിക ധനകാര്യസ്ഥാപനത്തിന്റെ ഉടമ കൂടിയായ ഷിബുവിനെ എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രാദേശിക നേതൃത്വത്തിന്റെയും എതിര്‍പ്പ് അവഗണിച്ച് സ്ഥാനാര്‍ഥിയാക്കുന്നതിന് പിന്നില്‍ പി ജെ ജോസഫിന് വന്‍ സാമ്പത്തിക നേട്ടങ്ങളുണ്ടെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.
ജോസഫിന്റെ മകന്‍ അപ്പു ജോസഫുമായുള്ള ഇടപാടുകളും മാനിസിക അടുപ്പവുമാണ് വിവാദങ്ങള്‍ക്കിടെയും ഷിബുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചിരിക്കുന്ന മുഖ്യഘടകം.
കോതമംഗലം മുനിസിപ്പാലിറ്റി പതിനേഴാം വാര്‍ഡില്‍ ഷിബുവിന്റെ വീടിനോട് ചേര്‍ന്നുള്ള 18 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറി മതിലുകെട്ടി തിരിച്ചത് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് അടുത്തിടെയാണ് റവന്യൂവകുപ്പ് പൊളിച്ചുമാറ്റിയത്. കയ്യേറിയ ഭൂമിയുടെ മതില്‍ ജെ സി ബി ഉപയോഗിച്ച് മതില്‍ നീക്കിയ ശേഷം അതിര്‍ത്തിയില്‍ കോതമംഗലം നഗരസഭയുടെ ബോര്‍ഡും സ്ഥാപിച്ചു.
എറണാകുളം ജില്ലയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍ എന്ന നിലയില്‍ നിരവധി നിക്ഷേപകര്‍ സ്ഥാപന മേധാവികള്‍ക്കെതിരെ നല്‍കിയിരിക്കുന്ന കേസുകളിലും ഷിബു തെക്കുംപുറം കക്ഷിയാണ്.
പോപ്പുലര്‍ ഫിനാന്‍സിന്റെ തകര്‍ച്ചയോടെ സാമ്പത്തികമായി പ്രതിസന്ധിയിലായ സംസ്ഥാനത്തെ ധനകാര്യസ്ഥാപനങ്ങള്‍ക്കെതിരെ നിരവധി പരാതികളാണ് ഓരോ ദിവസവും വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ഷിബു തെക്കുംപുറത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന പി ജെ ജോസഫിന്റെ പിടിവാശിക്ക് പിന്നില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാമെന്നാണ് ജില്ലയിലെ പ്രമുഖനായ കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടുന്നത്.
വിവാദ നായകനും ആദായ നികുതി വകുപ്പിന്റെ അന്വേഷണം നേരിടുന്ന വ്യക്തിയെ കോതമംഗലം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയാല്‍ സമീപ മണ്ഡലങ്ങളിലെ യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പും കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിനെ ധരിപ്പിച്ചുകഴിഞ്ഞു. മുന്‍ എം എല്‍ എ കൂടിയായ ടി യു കുരുവിള പ്രായാധിക്യം കാരണം മത്സരിക്കാനില്ലെന്ന് ജോസഫിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിവാദ നായകനായ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിന് നറുക്ക് വീണിരിക്കുന്നത്.
ഗൃഹോപകരണങ്ങള്‍ തവണ വ്യവസ്ഥയില്‍ വീടുകളിലെത്തിച്ചു നല്‍കിക്കൊണ്ടാണ് കെ എല്‍ എം ഗ്രൂപ്പിന്റെ മുഖ്യ ചുമതലക്കാരനായ ഷിബു തെക്കുംപുറം കോതമംഗലത്ത് ചുവടുറപ്പിച്ചത്. ഹോം ഷൈന്‍ അപ്ലൈയിന്‍സസ് എന്ന പേരില്‍ ആരംഭിച്ച ഈ സ്ഥാപനം ക്ലിക്കായതോടെയാണ് അല്ലറചില്ലറ രാഷ്ട്രീയം കളിച്ച് നടന്നിരുന്ന ഷിബു തവണ വ്യവസ്ഥയില്‍ വാഹനങ്ങള്‍ നല്‍കുന്ന പുതിയ പദ്ധതിയുമായി രംഗപ്രവേശം ചെയ്തത്. ഇത് ഹൈറേഞ്ച് മേഖലയില്‍ നല്ല ചലനമുണ്ടാക്കി കൂടുതലും ഓട്ടോറിക്ഷകള്‍ക്കാണ് ലോണ്‍ നല്‍കിയത്. ഒരുപരിധിവരെ ഇത് സാധാരണക്കാര്‍ക്ക് ഗുണകരമായിരൂന്നു. വര്‍ഷങ്ങള്‍ പിന്നിട്ടതോ പല കാരണങ്ങളാല്‍ തിരിച്ചടവ് മുടങ്ങിയവര്‍ക്കെതിരെ കോടതി നടപടികളുമായി കെ എല്‍ എം പിടിമുറുക്കി.
കേരള കോണ്‍ഗ്രസ് എമ്മിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു വരെ ഷിബു തെക്കുംപുറം എത്തി. ഇതിനിടെയാണ് കെഎല്‍എം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡുണ്ടായത്. ഇവിടെ പണം നിക്ഷേപിച്ചവരില്‍ ഏറിയപങ്കും കള്ളപ്പണക്കാരാണ് എന്ന് സംശയത്തെ തുടര്‍ന്നായിരുന്നു റെയ്ഡ് നടത്തിയത്. കെ.എല്‍.എം.ഫിനാന്‍സ്, ഹോം ഷൈന്‍ അപ്പ്‌ളൈന്‍സ്, കെ.എല്‍.എം.ഫിന്‍ കോര്‍പ്പ്, ടിയാന ഗോള്‍ഡ് തുടങ്ങി സ്ഥാപനങ്ങളിലും ഇവയുടെ ശാഖകളിലുമാണ് റെയ്ഡ് നടന്നത്്. ഇതോടെ ഷിബു തെക്കുപ്പുറം വിവാദ പുരുഷനുമായി.