കോന്നി വാര്‍ത്ത ഡോട്ട് കോം : “കൈ”വിട്ട കോട്ടയായ കോന്നി മണ്ഡലം തിരിച്ച് പിടിക്കാന്‍ ഉള്ള നീക്കം കോണ്‍ഗ്രസ് നേതാക്കള്‍ തിരുവനന്തപുരത്ത് തുടങ്ങി . കോന്നിയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കോന്നി മുന്‍ എം എല്‍ എയും നിലവിലെ ആറ്റിങ്ങല്‍ എം പി യുമായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് കണ്ടെത്തുന്ന “പേരുകാരന്‍” കോന്നിയിലെ സ്ഥാനാര്‍ഥിയാകും എന്ന് തന്നെയുള്ള നീക്കമാണ് ഉള്ളത് .
കോന്നിയില്‍ മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ ഇറക്കി മണ്ഡലം തിരിച്ച് പിടിക്കുവാന്‍ ആണ് അടൂര്‍ പ്രകാശിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും കിട്ടിയ നിര്‍ദേശം . അടൂര്‍ പ്രകാശിന് കോന്നിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതില്‍ നിര്‍ണായക സ്ഥാനം നല്‍കിയിട്ടുണ്ട് .
1996 മുതല്‍ 2019 വരെ അടൂര്‍ പ്രകാശ് കോന്നിയുടെ എം എല്‍ എയായിരുന്നു . കോന്നി മണ്ഡലത്തിലെ ഓരോ പ്രദേശത്തിലെയും ജനത്തെ കൃത്യമായി അടൂര്‍ പ്രകാശിന് അറിയാം എന്നതാണ് അടൂര്‍ പ്രകാശിന് ഉള്ള മേന്‍മ .
2016-ലെ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് 72,800 വോട്ട് പിടിച്ചിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്‍.സനല്‍കുമാറിനേക്കാള്‍ 20748 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു അടൂര്‍ പ്രകാശിന്റെ വിജയം.ആറ്റിങ്ങലില്‍ മല്‍സരിച്ച് അടൂര്‍ പ്രകാശ് എം പിയായതോടെ കോന്നിയില്‍നിയമസഭാ ഉപ തിരഞ്ഞെടുപ്പ് വേണ്ടി വന്നു . 23 വര്‍ഷത്തിന് ശേഷം ഇടത് പക്ഷം കോന്നി മണ്ഡലം പിടിച്ചെടുത്തു .കെ യു ജനീഷ് കുമാര്‍ കോന്നിയുടെ എം എല്‍ എയുമായി .
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യു.ഡി.എഫിനുള്ളിലുണ്ടായ തമ്മിലടിയും എല്‍.ഡി.എഫിന് ഗുണകരമായി.അടൂര്‍ പ്രകാശിന്റെ നോമിനിയായി അവതരിപ്പിച്ച റോബിന്‍ പീറ്ററെ പരിഗണിക്കാതിരുന്നതും എ ഗ്രൂപ്പ് പ്രതിനിധി സ്ഥാനാര്‍ത്ഥി ആയതും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ അനിഷ്ടമുണ്ടാക്കി. ഇതും മത്സരഫലത്തെ സ്വാധീനിച്ചു
കോന്നിയില്‍ 9953 വോട്ടിന്റെ ഭൂരിപക്ഷമാണ് ജനീഷ് നേടിയത്. 54099 വോട്ട് ജനീഷ് കുമാറിന്റെ അക്കൗണ്ടിലെത്തി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മോഹന്‍രാജിന് ലഭിച്ചത് 44146 വോട്ട് ആണ്.എന്‍.ഡി.എയുടെ കെ.സുരേന്ദ്രന്‍ 39786 വോട്ട് നേടി.
1965-ല്‍ രൂപം കൊണ്ട കോന്നി മണ്ഡലത്തിലെ ആദ്യ എം.എല്‍.എ കോണ്‍ഗ്രസിന്റെ പി.ജെ തോമസ് ആയിരുന്നു.പിന്നീട് മണ്ഡലം ഇടതു വലതു മുന്നണികളെ മാറിമാറി പിന്തുണച്ചു.1982 മുതല്‍ 1996 വരെ ഇതായിരുന്നു അവസ്ഥ . പക്ഷേ മുന്നണിഭേദമില്ലാതെ നിയസമഭയില്‍ എത്തിയവരെല്ലാം പ്രതിപക്ഷത്തായിരുന്നു ഇരുന്നത്. 2001-ല്‍ അടൂര്‍ പ്രകാശ് മണ്ഡലം നിലനിര്‍ത്തിയതോടെ ഇതിന് മാറ്റം വന്നു . 1996-ല്‍ സിറ്റിങ് എം.എല്‍.എ ആയിരുന്ന എ.പത്മകുമാറിനെ 806 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് അടൂര്‍ പ്രകാശ് ആദ്യമായി നിയമസഭയിലെത്തിയത്.
2001-ല്‍ ആറന്‍മുള എം.എല്‍.എയും കവിയുമായ കടമ്മനിട്ട രാമകൃഷ്ണനെ ഇറക്കി തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫ് ശ്രമിച്ചിരുന്നു. 14050 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അടൂര്‍ പ്രകാശ് കടമ്മനിട്ടയെ തോല്‍പ്പിച്ചു. 2006-ല്‍ വിആര്‍ ശിവരാജനും ( ഭൂരിപക്ഷം 14895) 2011-ല്‍ എം.എസ് രാജേന്ദ്രനും ഭൂരിപക്ഷം 7774) അടൂര്‍ പ്രകാശിന് മുന്നില്‍ തോറ്റു.
കോന്നി ഉപ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷം കോന്നി തിരികെ പിടിച്ചു . .
ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈവിട്ട കോട്ട എങ്ങനെ എങ്കിലും തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അടൂര്‍ പ്രകാശിനെ തന്നെ ചുമതല ഏല്‍പ്പിച്ചു . അടൂര്‍ പ്രകാശ് പറയുന്ന സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് അംഗീകരിക്കും .
ആ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കേണ്ട തന്ത്രം ഒരുക്കേണ്ട പൂര്‍ണ്ണ ചുമതലയും അടൂര്‍ പ്രകാശിന് നല്‍കും .
എം പിമാര്‍ നിയമസഭയിലേക്ക് മല്‍സരിക്കണം എന്ന് ഹൈക്കമാന്‍റ് നിര്‍ദ്ദേശിച്ചാല്‍ അടൂര്‍ പ്രകാശ് തന്നെ ഒരു പക്ഷേ കോന്നിയില്‍ മല്‍സരിക്കും . ഇതിനുള്ള സാധ്യതയും മുന്നില്‍ ഉണ്ട് . ജയിപ്പിക്കും എന്ന് ഉറച്ച വിശ്വാസം ഉള്ള സ്ഥാനാര്‍ഥിയെ കോന്നിയില്‍ ഇറക്കുവാന്‍ ഉള്ള നായകത്വം അടൂര്‍ പ്രകാശിന് വന്നു ചേര്‍ന്നു .
കോന്നിയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ആര് എന്നുള്ള കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകും .