Trending Now

ആഴക്കടൽ മത്സ്യബന്ധനം; ധാരണാപത്രം റദ്ദാക്കി

 

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇ എം സി സിയുമായുള്ള വിവാദ ധാരണാപത്രം റദ്ദാക്കി. വിവിധ മേഖലകളിൽ നിന്നും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ധാരണാപത്രം റദ്ദാക്കിയത്.

400 ട്രോളറുകൾ നിർമ്മിക്കാനായിരുന്നു ധാരണാപത്രം. കെ എസ്‌ ഐ എൻ സി എംഡി പ്രശാന്താണ് ധാരണാ പത്രം ഒപ്പിട്ടിരുന്നത്. ധാരണാപത്രം ഒപ്പിടാൻ ഇടയായ സാഹചര്യം അന്വേഷിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ആഭ്യന്തര അഡീഷണൽ സെക്രട്ടറി ടി കെ ജോസിനാണ് അന്വേഷണ ചുമതല. ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് സെക്രട്ടറി കൂടിയാണ് ടി കെ ജോസ്. സർക്കാർ നയങ്ങൾക്ക് വിരുദ്ധമാണ് ധാരണാ പത്രമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ധാരണാ പത്രം റദ്ദാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

വ്യവസായ സംരംഭകരെ ആകർഷിക്കാനായി കൊച്ചിയിൽ നടത്തിയ അസന്റ് 2020 ലാണ് ചട്ടങ്ങൾ ലംഘിച്ച് കേരളതീരത്ത് മത്സ്യ ബന്ധനത്തിനായുള്ള 5000 കോടി രൂപയുടെ പദ്ധതിയ്ക്ക് യുഎസ് ആസ്ഥാനമായ ഇ എം സി സിയുമായി ധാരണാപത്രത്തിൽ ഏർപ്പെട്ടത്. ഒരാഴ്ച്ചയിലധികം ആഴക്കടലിൽ തങ്ങി മീൻ പിടിക്കാൻ കഴിയുന്ന ചെറുകപ്പലുകൾ നിർമ്മിക്കാനും പിടിക്കുന്ന മത്സ്യം സംസ്‌കരിച്ച് കയറ്റി അയക്കാനുമായിരുന്നു കമ്പനിയുടെ പദ്ധതി.

ആഴക്കടൽ മത്സ്യബന്ധനത്തിന് സംസ്ഥാന സർക്കാരോ ഏതെങ്കിലും വകുപ്പുകളോ അനുമതി നൽകുകയോ ധാരണാ പത്രം ഒപ്പിടുകയോ ചെയ്തിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ മുഖ്യമന്ത്രിയുടെ വാക്കുകൾ കളവായിരുന്നുവെന്നാണ് പുതിയ നീക്കത്തിലൂടെ വ്യക്തമാകുന്നത്. വിഷയം സർക്കാരിന്റെ പരിഗണനയിൽ വന്നിട്ടില്ലെന്നും മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന നടപടിയൊന്നും സ്വീകരിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്തുവന്നാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ഭയത്തിലാണ് തിടുക്കപ്പെട്ട് ധാരണാപത്രം റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചത്.

 

error: Content is protected !!