Trending Now

അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡിന് 87.65 കോടി; നിര്‍മ്മാണ അനുമതിയായി

 

കോന്നി വാര്‍ത്ത : മലയോര മേഖലയുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡ് യാഥാര്‍ഥ്യമാകുന്നു. അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡിന് 87.65 കോടി അനുവദിച്ച് നിര്‍മാണാനുമതിയായതായി അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ അറിയിച്ചു.

തമിഴ്നാട്ടില്‍ നിന്നെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഈ റോഡിന് നാല് റീച്ചുകളാണുള്ളത്. അച്ചകോവിലില്‍ നിന്ന് ആരംഭിക്കുന്ന റോഡ് കല്ലേലി, തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട് എന്നിവടങ്ങളിലൂടെ കടന്നാണ് പ്ലാപ്പള്ളിയില്‍ എത്തുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ നിലവില്‍ ചെങ്കോട്ടയില്‍ നിന്ന് ശബരിമലയിലെത്താന്‍ പുനലൂര്‍-കോന്നി റോഡിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ അച്ചന്‍കോവില്‍ പ്ലാപ്പള്ളി റോഡ് വികസനം യാഥാര്‍ത്ഥ്യമാകുന്നതോടെ തീര്‍ഥാടകര്‍ക്ക് ചെങ്കോട്ടയില്‍ നിന്ന് അച്ചന്‍കോവില്‍ വഴി എളുപ്പമാര്‍ഗം എത്തിച്ചേരാന്‍ സാധിക്കും.

40 കിലോമീറ്റര്‍ ദൂരം തീര്‍ഥാടകര്‍ക്ക് ലാഭിക്കാന്‍ കഴിയുമെന്നതും അച്ചന്‍കോവില്‍ പ്ലാപ്പള്ളി റോഡിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നുണ്ട്.മലയോര മേഖലയുടെയും ശബരിമല തീര്‍ഥാടകരുടെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. കോന്നി മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സ ഉള്‍പ്പെടെ ആരംഭിച്ചതോടെ കൊല്ലത്തുനിന്നും തമിഴ്നാട്ടിലെ തെങ്കാശി ജില്ലയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് എത്തുന്നവര്‍ ഉപയോഗിക്കുന്ന പ്രധാനപാതയായും ഇത് മാറും.

ഐരവണ്‍ പാലം കൂടി യാഥാര്‍ഥ്യമാകുന്നതോട് കൂടി ഈ മേഖലയിലുള്ളവര്‍ക്ക് എളുപ്പത്തില്‍ മെഡിക്കല്‍ കോളജില്‍ എത്താന്‍ കഴിയും. ഉന്നതനിലവാരത്തില്‍ നിര്‍മ്മിക്കുന്ന റോഡ് പ്രധാന ഭാഗങ്ങളില്‍ പരമാവധി വീതിയിലാകും നിര്‍മിക്കുക.
ഓരോ റീച്ചിലും കലുങ്ക്, ഓട, ഐറിഷ് ഡ്രെയിന്‍, കാല്‍നടയാത്രക്കാര്‍ക്കു വേണ്ടി പ്രധാന ജംഗ്ഷനുകളില്‍ ഫുട്പാത്ത്, ട്രാഫിക് സേഫ്റ്റിയുടെ ഭാഗമായി സംരക്ഷണ ഭിത്തി, റോഡില്‍ അപകടം കുറയ്ക്കുന്നതിനായി ക്രാഷ് ബാരിയറുകള്‍, സീബ്രാലൈനുകളും സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കും. കൂടാതെ രാത്രികാല അപകടം കുറയ്ക്കുന്നതിനായി റോഡ് സ്റ്റഡുകളും സ്ഥാപിക്കും.

ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ റബര്‍ ചേര്‍ത്ത് ബിറ്റുമിനും പ്ലാസ്റ്റിക്കും ഉപയോഗിച്ചാകും റോഡ് ടാറിംഗ് പൂര്‍ത്തിയാക്കുക. ഒന്നാം റീച്ചില്‍ അമ്പത് കലുങ്കുകളാണ് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി സജ്ജമാക്കുക. രണ്ടാം റീച്ചില്‍ അഞ്ച് കലുങ്കുകളും മൂന്നാം റീച്ചില്‍ എട്ടും നാലാം റീച്ചില്‍ 14 കലുങ്കുകളും നിര്‍മിക്കും. കൂടാതെ റോഡ് വികസനത്തിന്റെ ഭാഗമായി സീതത്തോട് പാലം പുനര്‍നിര്‍മിക്കുമെന്നും എംഎല്‍എ അറിയിച്ചു. നിലവില്‍ വീതികുറഞ്ഞ പാലമാണിവിടെ ഉള്ളത്. ഇത് പൊളിച്ച് മാറ്റിയാകും ഗതാഗത തടസം ഉണ്ടാകാത്ത രീതിയില്‍ പാലം പുനര്‍നിര്‍മിക്കുക. 13.5 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിക്കുന്നത്.

പാലത്തിന്റെ വീതി കുറവ് സീതത്തോട് ടൗണിന്റെ വികസനത്തിന് പ്രധാന തടസമായിരുന്നു. കൂടാതെ, മേഖലയില്‍ നിരന്തരം ഗതാഗത തടസമുണ്ടാക്കുന്നതിനും പാലത്തിന്റെ വീതി കുറവ് കാരണമായിട്ടുണ്ട്. എന്നാല്‍, റോഡ് വികസനത്തിന്റെ ഭാഗമായി പാലം വീതി കൂട്ടി പുനര്‍നിര്‍മിക്കുന്നതോടെ ഗതാഗതക്കുരുക്കില്‍ നിന്ന് സീതത്തോടിന് ശാപമോക്ഷം ലഭിക്കും. സീതത്തോടിന്റെ മുഖച്ഛായ മാറ്റുന്ന പ്രധാന പദ്ധതിയായി പാലം നിര്‍മാണം മാറും.

പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് റോഡ് വികസനത്തിന്റെ ഭാഗമായി നടപ്പാകുന്നത്. പൊതുജനങ്ങള്‍ക്കും മലയോര മേഖലയുടെ വികസനത്തിനും വഴിയൊരുക്കുന്ന റോഡിന്റെയും സീതത്തോട് പാലത്തിന്റെയും നിര്‍മാണം കാലതാമസം കൂടാതെ, ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും എംഎല്‍എ പറഞ്ഞു.