ജെസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു

 

ജെസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു. കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് ഉത്തരവ്. ജെസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജോണ്‍, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് കേസ് ഡയറി എത്രയും വേഗം സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സാധ്യമായ രീതിയില്‍ അന്വേഷണം നടത്തിയെങ്കിലും ജെസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണത്തിലുള്ള പ്രതീക്ഷ അവസാനിച്ചുവെന്നും കേസ് ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. 2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജെയിംസിനെ കാണാതാകുന്നത്.