Trending Now

മൂന്നു ദിവസങ്ങളിലായി പത്തനംതിട്ട ജില്ലയില്‍ ലഭിച്ചത് 7593 പരാതികള്‍; മുക്കാല്‍ കോടി രൂപ ധനസഹായം നല്‍കി

സാന്ത്വന സ്പര്‍ശം അദാലത്ത്;

മൂന്നു ദിവസങ്ങളിലായി പത്തനംതിട്ട ജില്ലയില്‍ ലഭിച്ചത്
7593 പരാതികള്‍; മുക്കാല്‍ കോടി രൂപ ധനസഹായം നല്‍കി

സാന്ത്വന സ്പര്‍ശത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ മൂന്നു ദിവസങ്ങളിലായി മൂന്നു കേന്ദ്രങ്ങളില്‍ നടത്തിയ അദാലത്തില്‍ ആകെ ലഭിച്ചത് 7593 പരാതികള്‍. അദാലത്തിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 74,18,000 രൂപയുടെ ധനസഹായവും വിതരണം ചെയ്തു. മൂന്നു ദിവസങ്ങളിലായി ലഭിച്ച പരാതിയില്‍ 4914 പരാതികള്‍ പരിഹരിച്ചു. ചില പരാതികള്‍ നയപരമായും ചട്ടത്തില്‍ മാറ്റം വരുത്തി ചെയ്യേണ്ട പരാതികളുമാണ്. അങ്ങനെയുള്ള 2679 പരാതികള്‍ ബാക്കിയുണ്ട്. ഇവയും പരിഗണിക്കും. വ്യക്തമായ രേഖകള്‍ ഇല്ലാതെ വന്ന പരാതികളില്‍ രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്കും പരിഹരിക്കും.

മൂന്നു ദിവസങ്ങളിലായി ജില്ലയിലെ ആറു താലൂക്കുകളിലെ 60 പട്ടയങ്ങളും 351 റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തു. കോഴഞ്ചേരി താലൂക്കില്‍ 41, അടൂര്‍ താലൂക്കില്‍ 114, കോന്നി താലൂക്കില്‍ 90, റാന്നി താലൂക്കില്‍ 7, തിരുവല്ല താലൂക്കില്‍ 57, മല്ലപ്പള്ളി താലൂക്കില്‍ 42 ഉം റേഷന്‍ കാര്‍ഡുകളാണ് വിതരണം ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോഴഞ്ചേരി താലൂക്കില്‍ 11,80,000 രൂപയും, അടൂര്‍ താലൂക്കില്‍ 16,92,000 രൂപയും, കോന്നി താലൂക്കില്‍ 12,29,500 രൂപയും, റാന്നി താലൂക്കില്‍ 5,71,500 രൂപയും, തിരുവല്ല താലൂക്കില്‍ 20,23,500 രൂപയും, മല്ലപ്പള്ളി താലൂക്കില്‍ 7,21,500 രൂപയും ലഭ്യമാക്കി.
മൂന്നു ദിവസങ്ങളിലായി നടന്ന അദാലത്തില്‍ പരമാവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സാധിച്ചതായി മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. പരാതിയുമായി എത്തിയ എല്ലാവരിലും സംതൃപ്തി ദര്‍ശിച്ചു. സമാശ്വാസത്തിന്റെ വാക്കുകള്‍ പറയാന്‍, കൊച്ചു കൊച്ചു പരാതികള്‍ കേള്‍ക്കാന്‍, മനുഷ്യത്വപരമായി പെരുമാറാന്‍ എല്ലാം അദാലത്തിലൂടെ സാധിച്ചു. സര്‍ക്കാര്‍ സേവനത്തിലെ ധന്യമുഹൂര്‍ത്തമാണിതെന്നും മന്ത്രി പറഞ്ഞു.
മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മ, എ.കെ ശശീന്ദ്രന്‍ എന്നിവരും അദാലത്തില്‍ ഉണ്ടായിരുന്നു. ആന്റോ ആന്റണി എം.പിയും ഒരു ദിവസം പങ്കെടുത്തു. ജില്ലയിലെ എംഎല്‍എ മാരായ അഡ്വ. മാത്യു ടി തോമസ്, രാജു എബ്രഹാം, വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍, കെ.യു ജനീഷ് കുമാര്‍ എന്നിവരും അദാലത്തുകളില്‍ പങ്കെടുത്തു. സര്‍ക്കാര്‍ സെക്രട്ടറി പി.വേണുഗോപാല്‍ മൂന്നു ദിവസവും പങ്കെടുത്തു. ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഡി, എഡിഎം ഇ മുഹമ്മദ് സഫീര്‍, അടൂര്‍ ആര്‍ഡിഒ:എസ്.ഹരികുമാര്‍, തിരുവല്ല ആര്‍ഡിഒ: പി.സുരേഷ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍ മുതല്‍ താഴെവരെയുള്ള എല്ലാ ഉദ്യോഗസ്ഥരും മികച്ച രീതിയില്‍ സഹകരിച്ചു എന്നും മന്ത്രി പറഞ്ഞു. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

അദാലത്തിലെ ചില പ്രത്യേക കേസുകള്‍ വല്ലാതെ സ്പര്‍ശിച്ചു. പട്ടയം ലഭ്യമായ പ്രശ്‌നങ്ങള്‍, ദുരിതാശ്വാസം ലഭിച്ച പരാതികള്‍, കെഎസ്ഇബിയില്‍ നിന്നും ധനസഹായം ലഭിച്ച കേസ് തുടങ്ങി മനസ്സില്‍ തട്ടിയ നിരവധി പരാതികള്‍ ഉണ്ടായതായും മന്ത്രി പറഞ്ഞു.
അഡ്വ.മാത്യു ടി തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഡി, എഡിഎം: ഇ.മുഹമ്മദ് സഫീര്‍, അടൂര്‍ ആര്‍ഡിഒ:എസ്.ഹരികുമാര്‍, തിരുവല്ല ആര്‍ഡിഒ:പി.സുരേഷ്, തിരുവല്ല തഹസീല്‍ദാര്‍ ഡി.സി ദിലീപ് കുമാര്‍, മല്ലപ്പള്ളി തഹസില്‍ദാര്‍ എം.ടി ജയിംസ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.