കോന്നി വാര്‍ത്ത : ഇന്‍റര്‍നെറ്റിന്‍റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാനുള്ള ”സത്യമേവ ജയതേ’ എന്ന ഡിജിറ്റൽ മീഡിയാ ലിറ്ററസി ക്യാമ്പെയിനിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ഇന്റർനെറ്റിൽ നിന്ന് യഥാർത്ഥ ഉള്ളടക്കങ്ങൾ കണ്ടെത്താനും ക്രിയാത്മകമായി വിവര സാങ്കേതിക വിദ്യയെ വിനിയോഗിക്കാൻ പരിശീലിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷനായിരുന്നു. ക്യാമ്പെയിൻ രണ്ടു ഘട്ടങ്ങളായാണ് നടത്തുന്നത്.
ഒന്നാം ഘട്ടത്തിൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ ഒന്നു മുതൽ പതിനൊന്ന് വരെ ക്ലാസുകളിലെ (പത്താം ക്ലാസ് ഒഴികെ) കുട്ടികൾക്കുള്ള പ്രത്യേക ക്ലാസുകളുടെ സംപ്രേഷണമാണ്. ഫസ്റ്റ്‌ബെൽ ക്ലാസുകളിൽ ഓരോ ക്ലാസുകൾക്കും പ്രത്യേകമായി അവർക്കനുവദിച്ച പീരിയഡിൽ ക്ലാസുകൾ സംപ്രേഷണം ചെയ്യും. ഫെബ്രുവരി മാസം രണ്ട് മൊഡ്യൂളുകളും മാർച്ചിൽ രണ്ട് മൊഡ്യൂളുകളുമാണ് സംപ്രേഷണം ചെയ്യുന്നത്. എല്ലാ ക്ലാസുകളും കൈറ്റ് വിക്ടേഴ്‌സ് പോർട്ടലിലും ലഭ്യമാക്കും.
വിപുലമായ പരിശീലന പദ്ധതിയാണ് രണ്ടാം ഘട്ടം. സ്‌കൂളുകളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സ്ഥാപിച്ചിട്ടുള്ള ‘ലിറ്റിൽ കൈറ്റ്‌സ്’ യൂണിറ്റുകളെ ഉപയോഗിച്ചായിരിക്കും ഏകദേശം മൂന്നുമണിക്കൂറോളം ദൈർഘ്യമുള്ള മൊഡ്യൂൾ ഉപയോഗിച്ചുള്ള പരിശീലനം. ഇതിനായി സംസ്ഥാനത്ത് അധ്യാപകരായിട്ടുള്ള 5000 കൈറ്റ് മാസ്റ്റർമാരെ ട്രെയിനർമാരായി സജ്ജമാക്കും. ഇതോടൊപ്പം 1.2 ലക്ഷം ലിറ്റിൽ കൈറ്റ്‌സ് കുട്ടികളും പരിശീലകരാകും.
ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിൽ വിന്യസിച്ചിട്ടുള്ള ഐടി ഉപകരണങ്ങൾ കൂടി ഇതിനായി പ്രയോജനപ്പെടുത്തും. ഇങ്ങനെ കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടെ 50 ലക്ഷം പേർക്ക് നേരിട്ടുള്ള മീഡിയാ ലിറ്ററസി പരിശീലനം നൽകാൻ കൈറ്റ് പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് വിഡിയോകൾ നിർമിച്ചത്. സി ഡിറ്റ് ആണ് നിർവഹണം. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സത്യമേവ ജയതേ നടപ്പിലാക്കുന്നത്. പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.