Trending Now

പ്രഖ്യാപനങ്ങള്‍ പാഴ്വാക്കല്ലെന്ന് സര്‍ക്കാര്‍ തെളിയിച്ചു: മുഖ്യമന്ത്രി

 

80 അംബേദ്കര്‍ ഗ്രാമങ്ങള്‍ ഉദ്ഘാടനം ചെയ്തു

പാര്‍ശ്വവത്കരിക്കപ്പെടുന്നവരോട് ചേര്‍ന്ന് നില്‍ക്കുകയും അവരെ മുഖ്യധാരയില്‍ എത്തിക്കുകയുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ പൂര്‍ത്തീകരണമാണ് അംബ്ദേകര്‍ ഗ്രാമങ്ങളിലൂടെ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 80 അംബേദ്കര്‍ ഗ്രാമങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രഖ്യാപനം പാഴ്വാക്കല്ലെന്ന് തെളിയിക്കുകയാണ് സര്‍ക്കാര്‍. അംബേദ്കര്‍ ഗ്രാമ പദ്ധതി പട്ടികജാതി, പട്ടികവര്‍ഗ കോളനികളുടെ മുഖച്ഛായ മാറ്റി. 117 പട്ടികജാതി കോളനികളുടെയും 60 പട്ടികവര്‍ഗ കോളനികളുടെയും നിര്‍മാണം പൂര്‍ത്തിയായി. സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ കോളനികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനാണ് അംബേദ്കര്‍ ഗ്രാമം പദ്ധതി ആവിഷ്‌കരിച്ചത്. ഒരു കോടി രൂപ വീതമാണ് പദ്ധതിക്ക് സര്‍ക്കാര്‍ അനുവദിച്ചത്.
വീടുകളുടെ അറ്റകുറ്റപ്പണി, നടപ്പാത, റോഡ് നിര്‍മാണം, കുടിവെള്ള ശൃംഖല സ്ഥാപിക്കല്‍, അങ്കണവാടി, കമ്മ്യൂണിറ്റി ഹാള്‍ നിര്‍മാണം എന്നിവ പദ്ധതിയുടെ ഭാഗമായി നടത്തി. അതത് പ്രദേശത്തെ എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിയാണ് കോളനികളുടെ മുന്‍ഗണനാ ക്രമം നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി, പട്ടിക വര്‍ഗ, പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പേരങ്ങാട് മെയ്ക്കുന്നില്‍ പട്ടികജാതി കോളനിയുടെ
നവീകരണ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

പ്രളയത്തില്‍ക്കെടുതി മൂലം നാശനഷ്ടം സംഭവിച്ച ആറന്മുള മണ്ഡലത്തിലെ പേരങ്ങാട് മെയ്ക്കുന്നില്‍ പട്ടികജാതി കോളനിയുടെ നവീകരണ പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിച്ചു. വീണാ ജോര്‍ജ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
ആറന്മുള നിയോജക മണ്ഡലത്തിലെ പേരങ്ങാട് മെയ്ക്കുന്ന് പട്ടിക ജാതി കോളനിയില്‍ 35 വീടുകളുടെ നിര്‍മ്മാണത്തോടൊപ്പം 27 കിണറുകളുടെ മെയിന്റനന്‍സ്, 43 ടോയ്‌ലറ്റ് മെയിന്റനന്‍സ്, കോളനിയിലെ റോഡിന്റെ ഭിത്തി കെട്ടല്‍, സംരക്ഷണ ഭിത്തികെട്ടല്‍, റോഡ് പുനര്‍നിര്‍മ്മാണം എന്നിവയാണു നിര്‍മിതി കേന്ദ്രത്തിന്റെ നിര്‍മാണ ചുമതലയില്‍ പൂര്‍ത്തിയായത്. പേരങ്ങാട്ട് മെയ്ക്കുന്ന് കോളനി നവീകരണ പ്രവര്‍ത്തികള്‍ക്കായി 82,16,794 രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടന്നത്.
പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, പഞ്ചായത്ത് അംഗം ഷീജ പ്രമോദ്,
ജില്ലാ ഉപദേശക സമിതി അംഗം കെ.എം ഗോപി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ.രാജു ഉളനാട്, രാജശേഖരന്‍ നായര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.എസ് ബീന, പന്തളം ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസര്‍ ജി.എസ് ബിജി, എസ്.സി പ്രമോട്ടര്‍ പി.സി ആതിര, നിര്‍മിതി പ്രോജക്ട് മാനേജര്‍ വിശ്വനാഥ്, ഷൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

അടൂര്‍ മണ്ഡലത്തില്‍ ആറ് പട്ടികജാതി സങ്കേതങ്ങള്‍
നവീകരിച്ചു: ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

മുട്ടം സെറ്റില്‍മെന്റ് കോളനിയുടെ നവീകരണ
പ്രവര്‍ത്തന പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി

അടൂര്‍ നിയോജക മണ്ഡലത്തില്‍ അംബേദ്കര്‍ സ്വയംപര്യാപ്തത ഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ച് ആറു പട്ടികജാതി സങ്കേതങ്ങള്‍ നവീകരിച്ചതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. പ്രളയക്കെടുതി മൂലം നാശനഷ്ടം സംഭവിച്ച അടൂര്‍ തുമ്പമണ്‍ ഗ്രാമ പഞ്ചായത്തിലെ മുട്ടം സെറ്റില്‍മെന്റ് കോളനിയുടെ നവീകരണ പ്രവര്‍ത്തന പൂര്‍ത്തീകരണ ചടങ്ങില്‍ ശിലാഫലകം അനാഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. പൂര്‍ത്തീകരണ പ്രഖ്യാപനം ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
പന്തളം ചേരിക്കല്‍ കോളനി, ഏറത്ത്, പള്ളിക്കല്‍, ഏഴംകുളം, തുമ്പമണ്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലായാണു കോളനികള്‍ നവീകരിച്ചത്. കടമ്പനാട് ഗ്രാമ പഞ്ചായത്തില്‍ കോളനിക്കായുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പട്ടികജാതി പട്ടിക വര്‍ഗ വികസനം എത്രമാത്രം സാധ്യമാക്കാന്‍ കഴിയുമെന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെയും പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക സമുദായ ക്ഷേമ നിയമ സാംസ്‌കാരിക പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്റെയും നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചതിലൂടെ മനസ്സിലാക്കാം. ഈ വിഭാഗത്തിന്റെ ഉന്നമനത്തിനുവേണ്ടി നിരവധി വികസനങ്ങളാണു സാധ്യമാക്കിയിട്ടുള്ളത്. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിനും ഭൂമിയില്ലാത്തവര്‍ക്കു ഭൂമി നല്‍കുന്നതിനും വിദ്യാഭ്യാസത്തിനു ശേഷം തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കു വിദേശ രാജ്യങ്ങളില്‍ തൊഴില്‍ നേടുന്നതായി സാമ്പത്തിക സഹായമായി ഒന്നര ലക്ഷം രൂപം നല്‍കി. നിരവധി പേര്‍ക്ക് സ്വയം തൊഴില്‍ നേടുന്നതിനായും ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഒരു മനുഷ്യന് അടിസ്ഥാന സൗകര്യമായി വേണ്ട എല്ലാം പൂര്‍ണമായും നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമ്പൂര്‍ണ വൈദ്യുതി പദ്ധതിയിലൂടെ സാധാരണക്കാര്‍ക്കെല്ലാം വീടുകളില്‍ വൈദ്യുതി ലഭ്യമാകുമെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം ജി. ശ്രീനാദേവിക്കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.രാജേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് വര്‍ഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത റാവു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.സി പവിത്രന്‍, ബീന വര്‍ഗീസ്, ജയന്‍, ഗിരീഷ് കുമാര്‍, മോനി ബാബു, മറിയാമ്മ ബിജു, കെ.കെ അമ്പിളി, ഷിനുമോള്‍ എബ്രഹാം, ഡി.ചിഞ്ചു, മുന്‍ വാര്‍ഡ് മെമ്പര്‍ റോസി മാത്യു, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.എസ് ബീന, പന്തളം ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസര്‍ ജി.എസ് ബിജി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.പി മോഹനന്‍, എ.പുരുഷോത്തമന്‍, പി.എസ് റെജി തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!