കോന്നി ഗവ മെഡിക്കല്‍ കോളജ് ഐപി വിഭാഗം ഉദ്ഘാടനം ബുധനാഴ്ച നടക്കും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഐപി വിഭാഗം (കിടത്തി ചികിത്സ) നാളെ ( ബുധനാഴ്ച, 10) വൈകിട്ട് 6.30 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കിയോസ്‌കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും ഉദ്ഘാടന പരിപാടി നടത്തുക. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കിടത്തി ചികിത്സ 100 കിടക്കകളോടു കൂടിയാണ് ആരംഭിക്കുന്നത്. തുടര്‍ന്ന് 500 കിടക്കയായി വര്‍ധിപ്പിക്കും. ചികിത്സയ്ക്കായി എത്തുന്നവര്‍ക്ക് വാര്‍ഡുകളില്‍ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്തുതന്നെ ആദ്യമായി പേഷ്യന്റ് അലാം സംവിധാനം ഉള്‍പ്പെടെയുള്ളവ രോഗികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

കൂട്ടിരുപ്പുകാര്‍ക്കും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിശ്രമിക്കാനുളള കൂടുതല്‍ കസേരകളും സജ്ജമാക്കിയിട്ടുണ്ട്. കിടത്തി ചികിത്സ ആരംഭിക്കുന്നതോടുകൂടി കൂടുതല്‍ ഗതാഗത സൗകര്യങ്ങള്‍ മെഡിക്കല്‍ കോളജിലേക്ക് ഏര്‍പ്പെടുത്തും.

മെഡിക്കല്‍ കോളജില്‍ 108 ഡോക്ടര്‍മാരുടെ തസ്തികയാണ് ലഭ്യമായിട്ടുളളത്. 285 ഇതര ജീവനക്കാരുടേയും തസ്തിക അനുവദിച്ചിട്ടുണ്ട്. കിടത്തി ചികിത്സ ആരംഭിക്കുന്നതി നായി 26 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 286 തസ്തികകളാണ് ഇപ്പോള്‍ പുതിയതായി അനുവദിച്ച് കിട്ടിയത്. ഇവരുടെ നിയമനങ്ങള്‍ നടന്നു വരികയാണ്.

മെഡിക്കല്‍ കോളജ് രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 241.01 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചതിന്റെ ടെന്‍ഡര്‍ നടപടികള്‍ നടന്നു വരികയാണ്. ഉദ്ഘാടന ദിവസം ടെന്‍ഡര്‍ തുറന്ന് കരാര്‍ ഉറപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഈ മാസം തന്നെ തറക്കല്ലിട്ട് രണ്ടാംഘട്ട നിര്‍മാണം ആരംഭിക്കാന്‍ കഴിയും. 200 കിട ക്കകളുള്ള പുതിയ ആശുപത്രി മന്ദിരം, 11 നിലകളുളള ക്വാര്‍ട്ടേഴ്‌സ് ഫ്‌ളാറ്റ് സമുച്ചയം, രണ്ടു നിലകളുള്ള അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, ആറു നിലകളുള്ള വനിതാ ഹോസ്റ്റല്‍, അഞ്ച് നിലകളുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍, മോര്‍ച്ചറി, ഓഡിറ്റോറിയം ഉള്‍പ്പെടെയുള്ള പുതിയ നിര്‍മാണങ്ങളാണ് രണ്ടാംഘട്ടത്തിന്റെ ഭാഗമായി നടത്തുന്നത്.

മെഡിക്കല്‍ കോളജില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ കോളജിനോടു ചേര്‍ന്നുള്ള ഒന്നര കിലോമീറ്റര്‍ റോഡ് നാല് വരിപാതയായി നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുരിങ്ങമംഗലം മുതല്‍ വട്ടമണ്‍ വരെയുള്ള 2.3 കി.മീ ഭാഗം രണ്ടാംഘട്ടമായി ഏഴുകോടി രൂപ മുടക്കി ഉടന്‍തന്നെ നിര്‍മാണം ആരംഭിക്കും. പയ്യനാമണ്ണില്‍ നിന്നും വട്ടമണ്ണിലേക്കുള്ള റോഡിന്റെ വികസനം മൂന്നാം ഘട്ടമായി നടത്തും. ഇവിടെ സ്ഥലം ഏറ്റെടുക്കുന്നതിനായി 14 കോടി രൂപയും സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ചു നല്‍കിയിട്ടുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മികച്ച ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനമായി കോന്നി മെഡിക്കല്‍ കോളജിനെ മാറ്റുകയാണ് ലക്ഷ്യമെന്നും എംഎല്‍എ പറഞ്ഞു.

ഒപി പ്രവര്‍ത്തനം കഴിഞ്ഞ അഞ്ചു മാസമായി മികച്ച നിലയില്‍ നടന്നു വരികയാണ്. (പ്രതിദിനം മുന്നൂറോളം രോഗികള്‍ ചികിത്സയ്ക്കായി ഒപിയില്‍ എത്തിച്ചേരുന്നുണ്ട്. മെഡിസിന്‍, സര്‍ജറി, ശിശുരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ഇഎന്റ്റി, നേത്രരോഗ വിഭാഗം, സൈക്കാട്രി എന്നീ ഒപി വിഭാഗങ്ങളാണ് നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഇന്നലെ മുതല്‍ ഗൈനക്കോളജി, ദന്തല്‍ ഒപി വിഭാഗങ്ങളും പ്രവര്‍ത്തനം ആരംഭിച്ചു.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.എസ്. വിക്രമന്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സജിത്ത്കുമാര്‍, എച്ച്.എല്‍.എല്‍. ചീഫ് പ്രാജക്ട് മാനേജര്‍ ആര്‍. രതീഷ്‌കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

error: Content is protected !!