കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15, 16, 18 ദിവസങ്ങളില്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി (ഫെബ്രുവരി 9).
ഇതുവരെ അക്ഷയ മുഖേന ഓണ്‍ലൈനായി 2781 ഉം കളക്ടറേറ്റില്‍ നേരിട്ട് ലഭിച്ച 117 ഉം ഉള്‍പ്പടെ 2898 അപേക്ഷകളാണ് ആകെ ലഭിച്ചത്.
സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് അപേക്ഷിക്കുന്നതിനായി ജില്ലയിലെ ആദിവാസി ജനവിഭാഗങ്ങളെ സഹായിക്കുന്നതിനായി തിങ്കളാഴ്ച വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പ് സംഘടിപ്പിച്ചതില്‍ 86 അപേക്ഷകള്‍ ലഭിച്ചു. റാന്നി പെരുനാട് പഞ്ചായത്തിലെ അട്ടത്തോട് ഇഡിസി കമ്മ്യൂണിറ്റി ഹാളില്‍ 14 ഉം, ളാഹ മഞ്ഞത്തോട് ഓണ്‍ലൈന്‍ പഠന കേന്ദ്രത്തില്‍ 22 ഉം, അരുവാപ്പുലം പഞ്ചായത്തിലെ അരുവാപ്പുലം ഗവ. എല്‍പി സ്‌കൂളില്‍ 10 ഉം, നാറാണംമൂഴി പഞ്ചായത്തിലെ അടിച്ചിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ 40 ഉം അപേക്ഷകളാണ് ലഭിച്ചത്.
www.cmo.kerala.gov.in എന്ന വെബ് സൈറ്റില്‍ പരാതികള്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം. പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം വഹിക്കും.
അദാലത്ത് നടക്കുന്ന കേന്ദ്രങ്ങളില്‍ നേരിട്ടു പരാതി നല്‍കാനും അവസരമുണ്ടാകും. ഇങ്ങനെയുള്ളവ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യിപ്പിച്ച് ഏഴു ദിവസത്തിനകം തീരുമാനമെടുക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കുന്നവരും ചികിത്സാ ധനസഹായ അപേക്ഷകള്‍ സമര്‍പ്പിക്കുന്നവരും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും, ചികിത്സാ ചിലവുകള്‍ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റും, റേഷന്‍ കാര്‍ഡ്, മറ്റ് അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.