കോന്നി വാര്‍ത്ത : അടൂര്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നടന്നത് സമാനതകള്‍ ഇല്ലാത്ത വികസന നേട്ടങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതികള്‍, നാലു മിഷനുകളിലൂടെ ഉണ്ടായ വികസന പദ്ധതികളും നേട്ടങ്ങളും, വിവിധ വകുപ്പുകളുടെ പദ്ധതികള്‍, ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതി തുടങ്ങിയവ സമന്വയിപ്പിച്ചാണു വികസന മുന്നേറ്റം സാധ്യമാക്കിയത്.
1000 കോടി രൂപാ ചെലവില്‍ റോഡുകളുടെ
നിര്‍മ്മാണവും പുരോഗമിക്കുന്നു
മണ്ഡലത്തില്‍ 1000 കോടി രൂപാ ചെലവില്‍ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി അടൂരിന്റെ വികസന സ്വപ്നങ്ങള്‍ക്ക് വേഗം കൂട്ടുന്ന റോഡുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട റോഡാണ് ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്ന ആനയടി- കൂടല്‍ റോഡ്. 110 കോടി രൂപയാണ് നിര്‍മ്മാണ ചിലവ്. ഏഴംകുളം -കൈപ്പട്ടൂര്‍ റോഡിന് 54.41 കോടി രൂപയും അടൂര്‍- തുമ്പമണ്‍- കോഴഞ്ചേരി റോഡിന് 103.30 കോടി രൂപയും വിനിയോഗിച്ചാണ് ഉന്നതനിലവാരത്തില്‍ വികസിപ്പിക്കുന്നത്. അടൂര്‍ ടൗണിന്റെ മുഖഛായമാറ്റുന്ന ഇരട്ടപ്പാലത്തിന്റെ പണികള്‍ അതിവേഗം പുരോഗമിക്കുകയാണ്. കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിലവിലുള്ള പാലത്തിനു സമാന്തരമായാണ് ഇരട്ടപ്പാല നിര്‍മ്മാണം. 11.10 കോടി രൂപയാണ് നിര്‍മാണ ചെലവ്. ഈ പാലം വരുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും.
ആര്‍ദ്രം പദ്ധതിയില്‍ അടൂര്‍ ജനറല്‍ ആശുപത്രി
വികസനത്തിന്റെ പാതയില്‍
അത്യാധുനിക സംവിധാനങ്ങളോടെ സാധാരണക്കാര്‍ക്കും മികച്ച ചികിത്സാസൗകര്യം ലക്ഷ്യമിട്ട് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി അടൂര്‍ ജനറല്‍ ആശുപത്രി വികസനത്തിന്റെ പാതയിലാണ്. ആശുപത്രിയില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് 5.15 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്. ഡയാലിസിസ് യൂണിറ്റില്‍ ആറു യൂണിറ്റുകളിലായി നാലു ഷിഫിറ്റില്‍ 24 രോഗികള്‍ക്ക് ഒരുദിവസം ഡയാലിസിസ് നടത്താനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. അത്യാഹിത തിയേറ്റര്‍ ഫെസിലിറ്റിക്കൊപ്പം 10 കിടക്കകളോടുകൂടിയ ട്രോമാ കെയര്‍, 12 കിടക്കകളോട് കൂടിയ ഐ.സി.യു എന്നിവയും നിര്‍മ്മാണത്തിന്റെ അവസാന പാതയിലാണ്. ഇതിനുപുറമേ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും അടൂര്‍ ജനറല്‍ ആശുപത്രിക്ക് 40 ലക്ഷം രൂപ ചിലവില്‍ രണ്ടു പുതിയ ആംബുലന്‍സുകള്‍ കൂടി ലഭ്യമാക്കിയിട്ടുണ്ട്. അടൂര്‍ മണ്ഡലത്തില്‍ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി. ഇത്തരത്തില്‍ ഒന്‍പത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണു കുടുംബാരോഗ്യ കേന്ദങ്ങളായി മാറിയത്.
ലൈഫ് ഭവന പദ്ധതിയിലൂടെ ആയിരങ്ങള്‍ക്ക് വീട്
സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് ഭവന പദ്ധതിയിലൂടെ അടൂരില്‍ 1059 ഗുണഭോക്താക്കളാണ് നിലവിലുള്ളത്. ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിലൂടെ ഏഴംകുളം ഏനാത്ത് 56 ഉം പന്തളം മുടിയൂര്‍ക്കോണത്ത് 44ഉം കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മാണം വേഗത്തില്‍ പുരോഗമിക്കുന്നു. പ്രകൃതി ദുരന്തങ്ങളില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിച്ച റീബില്‍ഡ് കേരള പദ്ധതിയിലൂടെ അടൂര്‍ താലൂക്കില്‍ 68 വീടുകളാണു നിര്‍മ്മിച്ചത്.
കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയം യഥാര്‍ഥ്യത്തിലേക്ക്
കിഫ്ബി പദ്ധതിയിലൂടെ അന്താരാഷ്ട്ര നിലവാരത്തില്‍ പൂര്‍ത്തിയാകുകയാണ് കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയം. അഞ്ചര ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അത്യാധുനിക നിലവാരത്തിലുള്ള സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ ഗ്രൗണ്ട്, ബാസ്‌ക്കറ്റ്ബോള്‍, വോളിബോള്‍ തുടങ്ങിയ കോര്‍ട്ടുകള്‍, 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, കളിക്കാര്‍ക്കുള്ള വിശ്രമമുറികള്‍, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, പാര്‍ക്കിംഗ് സൗകര്യം, ടോയ്ലറ്റുകള്‍, ചുറ്റുമതില്‍, ഫ്ളഡ്ലൈറ്റ് സംവിധാനം, മഴപെയ്താല്‍ വെള്ളം വാര്‍ന്നു പോകാനുള്ള സംവിധാനം, ജിം, ഗാലറി തുടങ്ങിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 15 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 95% ശതമാനവും പൂര്‍ത്തീകരിച്ചുകഴിഞ്ഞു.
അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
8 കോടി രൂപ ചിലവില്‍ മികവിന്റെ കേന്ദ്രമാകും
മണ്ഡലത്തില്‍ മികവിന്റെ കേന്ദ്രമാക്കുന്ന അടൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടു കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണു നടക്കുന്നത്. അഞ്ചു കോടി കിഫ്ബിയും മൂന്നുകോടി എംഎല്‍എ ഫണ്ടുമാണ്. ഹയര്‍ സെക്കന്ററി വിഭാഗത്തിനായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ 14 ക്ലാസ് മുറികള്‍, ആറു ലാബുകള്‍, 2000 പേര്‍ക്ക് ഇരിക്കാവുന്ന ഹാള്‍, വിശ്രമമുറി എന്നിവ ഉള്‍പ്പെടും. കൂടാതെ അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പന്തളം തോട്ടക്കോണം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പെരിങ്ങനാട് ടിഎംജിഎച്ച്എസ്എസ്, കിഴക്കുപുറം സ്‌കൂള്‍ എന്നിവ കിഫ്ബിയില്‍നിന്ന് മൂന്നു കോടി രൂപ വീതം വിനിയോഗിച്ച് മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
എല്‍.പി സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കന്ററിതലംവരെ സ്മാര്‍ട്ട് ക്ലാസ്‌റൂം
മണ്ഡലത്തില്‍ എല്‍.പി സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കന്ററിതലംവരെ സ്മാര്‍ട്ട് ക്ലാസ്‌റൂം സംവിധാനം ലഭ്യമാക്കി. നെല്ലിമുകള്‍ ഗവ.എല്‍.പി.എസ്, അടൂര്‍ ഗവണ്‍മെന്റ് എല്‍.പി.എസ്, അടൂര്‍ ഗവണ്‍മെന്റ് യു.പിസ്, ചൂരക്കോട് ഗവ.എല്‍.പി.എസ്, ഏഴംകുളം എല്‍.പി.എസ്, കൊടുമണ്‍ എസ്.ഇ.വി എല്‍.പി.എസ,് പന്തളം പൂഴിക്കാട് ഗവണ്‍മെന്റ് യു.പി.എസ് എന്നീ ഏഴ് സ്‌കൂളുകളാണ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സമ്പൂര്‍ണമായി ഹൈടെക്കായത്.
ജനസൗഹൃദപരവും ആധുനീകവും സുതാര്യവുമായി അടൂര്‍ നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍ മാറുകയാണ്. ഏനാത്ത്, തുമ്പമണ്‍, കുരംമ്പാല എന്നീ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടായിക്കഴിഞ്ഞു. പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ പണികള്‍ പൂര്‍ത്തിയായി. കൊടുമണ്‍, അങ്ങാടിക്കല്‍ എന്നിവയുടെ നിര്‍മാണവും നടന്നുവരുന്നു.
അടൂരില്‍ 10 കോടി രൂപ ചിലവില്‍ കോടതി സമുച്ചയം ഉയരുന്നു
മണ്ണടിയില്‍ വേലുത്തമ്പി ദളവ സ്മാരത്തോടനുബന്ധിച്ച് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപാ ചിലവില്‍ ലൈബ്രറി കെട്ടിടത്തിന്റെ പണി അവസാന ഘട്ടത്തിലാണ്. അടൂര്‍ ടൗണില്‍ നിന്നും ഏകദേശം 500 മീറ്റര്‍ മാറി പഴയ കോടതിയുടെ സ്ഥലത്താണ് 10 കോടി രൂപാ ഗവണ്‍മെന്റ് ഫണ്ടില്‍ കോടതി സമുച്ചയം ഉയരുന്നത്. നാല് നിലകളിലായാണ് ഇപ്പോള്‍ നിര്‍മാണം നടക്കുക. ആറ് നില കെട്ടിടത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
സംസ്ഥാനസര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്ക് രുചികരവും ഗുണമേന്‍മയുള്ളതുമായ ഉച്ചഭക്ഷണം സാധാരണക്കാരന് ലഭിക്കുന്ന എട്ട് ജനകീയ ഹോട്ടലുകളാണ് അടൂര്‍ നിയോജക മണ്ഡലത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ളത്.
വെറ്ററിനറി വകുപ്പുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് വെറ്ററിനറി പോളിക്ലിനിക്കുകളാണ് അടൂര്‍, കൊടുമണ്‍ എന്നിവിടങ്ങളിലായി ഒരുക്കിയിട്ടുള്ളത്.
പഴയ കുടിവെള്ള പൈപ്പുകള്‍
മാറ്റിസ്ഥാപിക്കുന്നതിന് നാലുകോടി രൂപ
കുടിവെള്ള ക്ഷാമം നേരിടുന്ന മണ്ഡലത്തില്‍ കുടിവെള്ള വിതരണ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനായി കാലഹരണപെട്ട പൈപ്പുകള്‍ മാറ്റി പുതിയവ ഇടുന്നതിനുള്ള പ്രവര്‍ത്തന നടപടികള്‍ തുടരുന്നു. നാലുകോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. കൂടാതെ മണ്ഡലത്തിലെ സമഗ്ര മേഖലയ്ക്കും പുത്തനുണര്‍വ് കൈവരിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 2021-22 ബജറ്റില്‍ അടൂരില്‍ 70.20 കോടി രൂപയുടെ ബജറ്റ് നിര്‍ദേശങ്ങള്‍ ആണ് അംഗീകരിച്ചത്.