കോന്നി വാര്‍ത്ത : നിര്‍മാണം പൂര്‍ത്തിയാക്കിയ പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി ഒന്‍പതിന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. പമ്പാനദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടം കേന്ദ്രമാക്കി നടപ്പാക്കിയ ബ്രഹത്തായ ടൂറിസം പദ്ധതിയാണ് പെരുന്തേനരുവി ടൂറിസം പദ്ധതി. അഞ്ച് കോടിയോളം രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്.
പെരുന്തേനരുവി വെള്ളച്ചാട്ടം കാണാന്‍ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വിനോദ സഞ്ചാര വകുപ്പിന്റെ വിവിധ സൗകര്യങ്ങളോടുകൂടിയ സമുച്ചയ നിര്‍മാണം പൂര്‍ത്തിയായി. മൂന്ന് നിലകളോടുകൂടിയ കെട്ടിടമാണു പൂര്‍ത്തിയായത്. താഴത്തെ നിലയില്‍ റെസ്റ്റോറന്റ് പോലെ ഉപയോഗിക്കാവുന്ന ഇടവും ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റും, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ടോയ്‌ലറ്റുകളും നിര്‍മിച്ചിട്ടുണ്ട്. രണ്ടാം നിലയില്‍ 250 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ ഒരുക്കിയിട്ടുണ്ട്. എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള കോണ്‍ഫറന്‍സ് ഹാളാണ് നിര്‍മിച്ചിരിക്കുന്നത്. കോണ്‍ഫറന്‍സ് ഹാളിനോടു ചേര്‍ന്ന് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ശുചിമുറികളും ഒരുക്കിയിട്ടുണ്ട്.
ഏറ്റവും മുകളിലത്തെ നിലയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം ഡോര്‍മെറ്ററിയും പ്രത്യേക ശുചിമുറികളും നിര്‍മിച്ചിട്ടുണ്ട്. ഡോര്‍മെറ്ററിയില്‍ മൂന്ന് ഡക്ക് കട്ടില്‍ 15 എണ്ണം വീതം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ഒരുക്കിയിട്ടുണ്ട്. 2018 ആദ്യമാസങ്ങളിലാണ് പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപത്തായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിംഗ് ലിമിറ്റഡ് ( കെല്‍) ആണ് നിര്‍മാണം നടത്തുന്നത്.
2017 ലാണ് വിനോദ സഞ്ചാര വകുപ്പ് ഫണ്ടില്‍ നിന്നും 3,22,52574 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. ഇതില്‍ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് താഴേക്ക് ഇറങ്ങാന്‍ റാമ്പ് സൗകര്യം ഒരുക്കുന്നതിനുള്ള തുകയും ഉള്‍പ്പെടുന്നു. റാമ്പ് നിര്‍മാണം നടന്നുവരുന്നു. സമുച്ചയത്തിന്റെ ശേഷിക്കുന്ന പണികള്‍ പൂര്‍ത്തീകരിച്ച് കാലതാമസമില്ലാതെ വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.