Trending Now

കോന്നി മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതി നാളെ ഉദ്ഘാടനം ചെയ്യും

 

കോന്നി വാര്‍ത്ത : കോന്നി മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നാളെ(ജനുവരി 30 ശനി) ഉച്ചയ്ക്ക് രണ്ടിന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. നബാര്‍ഡ് ധനസഹായത്തോടെ 13.98 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. റവന്യൂ വകുപ്പ് സൗജന്യമായി ലഭ്യമാക്കിയ ഒരേക്കര്‍ സ്ഥലത്താണ് ശുദ്ധീകരണ ശാലയും ജലസംഭരണിയും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചത്.

പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളജിന് സമീപം സ്ഥാപിച്ച ശുദ്ധീകരണ ശാലയില്‍ പ്രതിദിനം 50 ലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ കഴിയും. അരുവാപ്പുലം പഞ്ചായത്ത് പരിധിയില്‍ അച്ചന്‍കോവില്‍ ആറിന്റെ തീരത്ത് മട്ടയ്ക്കല്‍ കടവില്‍ നിര്‍മിച്ച കിണറില്‍ നിന്ന് 4.52 കിലോ മീറ്റര്‍ ദൂരം 300 എംഎം വ്യാസമുള്ള ഡിഐ പമ്പിംഗ് മെയിനിലൂടെയാണു ജലം മെഡിക്കല്‍ കോളജിന് സമീപമുള്ള ശുദ്ധീകരണശാലയിലേക്ക് എത്തിക്കുന്നത്. ഇതിനായി കിണറിനോട് ചേര്‍ന്ന് 15 എച്ച്പി ശേഷിയുള്ള പമ്പ് സെറ്റാണ് സ്ഥാപിച്ചിരിക്കുന്നത്.

ശുദ്ധീകരണ പ്രക്രിയ പൂര്‍ത്തിയായ ശേഷം ഇവിടെനിന്ന് വെള്ളം ഏഴ് ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല ജലസംഭരണിയിലേക്കും അവിടെ നിന്ന് 15 എച്ച്പി ശേഷിയുള്ള പമ്പ് ഉപയോഗിച്ച് മുകളില്‍ സ്ഥാപിച്ചിട്ടുള്ള 10 ലക്ഷം ലിറ്റര്‍ ജലം ഉള്‍ക്കൊള്ളുന്ന സംഭരണിയിലേക്കും മാറ്റും. അവിടെ നിന്നാകും ശുദ്ധീകരിച്ച ജലം 350 മീറ്റര്‍ ദൂരെയുള്ള മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുക.

500 കിടക്കകളുള്ള ആശുപത്രിക്കും 500 വിദ്യാര്‍ഥികള്‍ക്കും സ്റ്റാഫുകള്‍ക്കും ഹോസ്റ്റലിനും ക്വാര്‍ട്ടേഴ്‌സിനും ആവശ്യമായ 30 ലക്ഷം ലിറ്റര്‍ ശുദ്ധജലം ഈ പദ്ധതിയിലൂടെ പ്രതിദിനം ലഭിക്കും. കൂടാതെ, അരുവാപ്പുലം പഞ്ചായത്തിലെ ഒന്ന്, രണ്ട്,14,15 വാര്‍ഡുകളിലായുള്ള 5000 ത്തോളം കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും ഇതിനായുള്ള വിതരണ ശൃംഖല സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും എംഎല്‍എ അറിയിച്ചു.

ചിത്രം : സജി @ചീഫ് റിപ്പോര്‍ട്ടര്‍ കോന്നി വാര്‍ത്ത 

 

error: Content is protected !!