പാറ ഖനനത്തിനെതിരെ നിലപാടെടുത്ത് രംഗത്തു വന്ന യുവാവിനെ കോന്നിപോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മർദ്ദിച്ചു: കര്‍ശന നടപടി വേണം : എം എല്‍ എ
കോന്നി വാര്‍ത്ത :അദാനിപോര്‍ട്ടിന്‍റെ ആവശ്യത്തിന് കലഞ്ഞൂരിൽ നിന്നും പാറ ഖനനം ചെയ്യുന്നതുമായി ബന്ധപ്പെട്ട അപേക്ഷയുടെ അടിസ്ഥാനത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പബ്ലിക്ക് ഹിയറിംഗ് സ്ഥലത്ത് ഹാജരായ യുവാവിനെ അകാരണമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യ പ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.
സംഭവം അറിഞ്ഞ ഉടൻ തന്നെ ജില്ലാ പോലീസ് മേധാവിയെ ടെലഫോണിൽ ബന്ധപ്പെട്ടിരുന്നു.
പാറ ഖനനത്തിനെതിരെ നിലപാടെടുത്ത് രംഗത്തു വന്ന യുവാവിനെ പരസ്യമായി കോന്നി സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥർ മർദ്ദിക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിനു നേതൃത്വം നല്കിയ ഉദ്യോഗസ്ഥന്‍റെ താല്പര്യവും അന്വേഷണത്തിനു വിധേയമാക്കണം.
എൽ .ഡി .എഫ് സർക്കാരിന്‍റെ നയത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനെയും സർക്കാർ സംരക്ഷിക്കില്ല. എന്തു ന്യായീകരണം പറഞ്ഞാലും പോലീസ് മർദ്ദനം ഒരു കാരണവശാലും അംഗീകരിക്കില്ല. ഈ ഉദ്യോഗസ്ഥനെതിരെ വകുപ്പുതലത്തിൽ കർശന നടപടി ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എൽ.എ പറഞ്ഞു.