പുള്ളിപ്പുലിയെ അടിമാലി മാങ്കുളത്ത് വേട്ടയാടി കൊന്നു ഭക്ഷിച്ച അഞ്ചുപേരെ വനപാലകർ പിടികൂടി. മാങ്കുളം മുനിപ്പാറ സ്വദേശികളായ പുള്ളികുട്ടിയിൽ പി കെ വിനോദ്, വി പി കുര്യാക്കോസ്, സി എസ് ബിനു, സലിൻ, വിൻസെന്റ് എന്നിവരെയാണ് മുനിപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ വിനോദ് സ്വന്തം കൃഷിയിടത്തിൽ കെണി ഒരുക്കിയാണ് കഴിഞ്ഞദിവസം പുള്ളിപ്പുലിയെ വേട്ടയാടി പിടിച്ചത്.
അമ്പത് കിലോയിലധികം വരുന്ന ആൺപുലിയെ കൊന്ന് പാകംചെയ്യാൻ മറ്റു പ്രതികളുടെ സഹായം തേടുകയായിരുന്നു. പുലിയുടെ തോലും നഖവും പല്ലും വിൽപ്പനയ്ക്കായി മാറ്റി. വനപാലകർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. മാങ്കുളം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഉദയസൂര്യന്റെ നേതൃത്വത്തിലുള്ള വനപാലകസംഘമാണ് പ്രതികളെ പിടിച്ചത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ അജയഘോഷ്, ദിലീപ് ഖാൻ, അബ്ബാസ്, ജോമോൻ, അഖിൽ, ആൽവിൻ എന്നിവർ വനപാലകരും സംഘത്തിലുണ്ടായിരുന്നു.