Trending Now

പോപ്പുലറിന് സമാനമായ തട്ടിപ്പ് : പ്രതികള്‍ പിടിയില്‍

 

കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഗ്രൂപ്പ് ഉടമകള്‍ നടത്തിയ നിക്ഷേപക തട്ടിപ്പിന് പിന്നാലേ കേരളത്തില്‍ ചിട്ടി തട്ടിപ്പ് നടത്തിയ പ്രതികള്‍ പിടിയില്‍ . തൃശൂര്‍ കൊടുങ്ങല്ലൂരില്‍ 14 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവിലായിരുന്ന കമ്പനി ഉടമകള്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ തെക്കേനടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫിന്‍സിയര്‍ ഇന്‍ഷൂറന്‍സ് കണ്‍സള്‍ട്ടന്‍സിയുടെ ഡയറക്ടര്‍മാരായ ശ്രീനാരായണപുരം അഞ്ചങ്ങാടി കൊണ്ടിയാറ ബിനു, പുല്ലൂറ്റ് ഇല്ലത്തു പറമ്പില്‍ മുരളീധരന്‍, ശ്രീനാരായണപുരം തേര്‍പുരക്കല്‍ സുധീര്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഫിന്‍സിയര്‍ ചിട്ടി കമ്പനി അഞ്ച് വര്‍ഷം സ്ഥിര നിക്ഷേപം നടത്തി കാലാവധി പൂര്‍ത്തിയായാല്‍ ഇരട്ടി തുക ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകര്‍ഷിച്ചത്. കൂടാതെ 1000 മുതല്‍ ലക്ഷങ്ങള്‍ വരെയുള്ള ചിട്ടികളും ഫിന്‍സിയര്‍ നടത്തിയിരുന്നു.കഴിഞ്ഞ നവംബര്‍ 30ന് സ്ഥാപനം അടച്ചു പൂട്ടിയതോടെയാണ് ഇടപാടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്.

തൃശൂരിലും കോഴിക്കോടുമായി 2000ത്തോളം പരാതികളാണ് ഫിന്‍സിയര്‍ കമ്പനിക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. 13 കോടി രൂപയുടെ തട്ടിപ്പ് പ്രതികള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ചിട്ടി തട്ടിപ്പ് നടത്തി ഒളിവില്‍ പോയ പ്രതികള്‍ തമിഴ്‌നാട്ടില്‍ താമസിക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന പണം തീര്‍ന്നതിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ ഇവരെ കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷനില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെ കൊടുങ്ങല്ലൂര്‍ സിഐ പി.കെ പത്മരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

error: Content is protected !!