Trending Now

ഹരിവരാസനം പുരസ്‌കാരം വീരമണി രാജുവിന് സമ്മാനിച്ചു

 

അയ്യപ്പ ഭക്തരെ സാക്ഷിനിര്‍ത്തി ശബരിമല സന്നിധാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗായകന്‍ വീരമണി രാജുവിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു. സംഗീത ലോകത്തെ പ്രഗത്ഭര്‍ക്കു നല്‍കുന്ന പുരസ്‌കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

ചടങ്ങില്‍ രാജു എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.എസ്. രവി, പി.എം. തങ്കപ്പന്‍, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ശബരിമല സ്പെഷല്‍ കമ്മീഷണര്‍ എം. മനോജ്, എഡിജിപി എസ്. ശ്രീജിത്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ ബി.എസ്. തിരുമേനി തുടങ്ങിയവര്‍ സംസാരിച്ചു. പുരസ്‌കാര ജേതാവ് വീരമണി രാജു മറുപടി പറഞ്ഞു.

2012 ലാണ് സംസ്ഥാന സര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് ഹരിവരാസനം പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഗാന ഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസിനായിരുന്നു ആദ്യ പുരസ്‌കാരം. കെ.ജി. ജയന്‍, പി. ജയചന്ദ്രന്‍, എസ്.പി. ബാലസുബ്രഹ്മണ്യം, എം.ജി. ശ്രീകുമാര്‍, ഗംഗൈ അമരന്‍,
കെ.എസ്. ചിത്ര, പി. സുശീല, ഇളയരാജ തുടങ്ങിയവര്‍ തുടര്‍ വര്‍ഷങ്ങളില്‍ ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങിയിട്ടുണ്ട്.

വീരമണിയുടെ പാട്ടില്‍ അലിഞ്ഞ് സന്നിധാനം

പത്ത് ഓസ്‌കാറിനു തുല്യം ഹരിവരാസനം പുരസ്‌കാരം: വീരമണി രാജു

പത്ത് ഓസ്‌കാറിനേക്കാള്‍ തനിക്കു വലുതാണ് മകരവിളക്കു ദിവസം ലഭിച്ച ഹരിവരാസനം പുരസ്‌കാരമെന്നും ഇതു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്നും വീരമണി രാജു. ഹരിവരാസനം പുരസ്‌കാരമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്‌കാര ചടങ്ങിനെ തുടര്‍ന്ന് ലോക പ്രസിദ്ധ അയ്യപ്പഭക്തി ഗാനമായ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക് ‘ തുടങ്ങി ഒട്ടേറെ ഭക്തിഗാനങ്ങള്‍ പാടി വീരമണി ശബരീശ സന്നിധിയെ ഭക്ത നിര്‍വൃതിയില്‍ ആറാടിച്ചു.
മറുപടി പ്രസംഗത്തില്‍, നിരവധി പുരസ്‌കാരങ്ങള്‍ തനിക്കു ലഭിച്ചിട്ടുണ്ടെങ്കിലും ഹരിവരാസനം പുരസ്‌കാരത്തെ തന്റെ മനസില്‍ ചേര്‍ത്തു പിടിക്കുന്നുവെന്ന് പറഞ്ഞാണ് വീരമണി ഗാനസപര്യ തുടങ്ങിയത്. പിതാവായ സോമുവും ചിറ്റപ്പയായ വീരമണിയും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ലോകപ്രശസ്തമായ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനം 1957 ല്‍ ഇരുവരും ശബരിമല സന്ദര്‍ശിച്ചപ്പോള്‍ പിറന്നതാണെന്നും കാനനപാതയിലൂടെ അന്നുനടന്നതിന്റെ അനുഭവമാണ് ‘കല്ലും മുള്ളും കാല്ക്ക് മെത്തൈ’ എന്ന പാട്ടിലെ വരിയായി ചേര്‍ത്തിരിക്കുന്നതെന്നും വീരമണി ഓര്‍ത്തെടുത്തു. അന്ന് തന്റെ നാട്ടുകാര്‍ക്ക് ശബരിമലയെ കുറിച്ച് പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളൂവെന്നും ഈ പാട്ടിലൂടെ ഏറെ ഭക്തര്‍ അയ്യപ്പ സന്നിധിയില്‍ എത്തിയെന്നത് അഭിമാനമായി കാണുന്നതായും വീരമണി രാജു പറഞ്ഞു.
ഭക്തിഗാനമേളയില്‍ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനത്തെ കൂടാതെ അന്നദാന പ്രഭുവേ ശരണം അയ്യപ്പാ, മരുതമലൈ മാമുനിയെ മുരകയ്യാ, ശബരിമലയില്‍ തങ്ക സൂര്യോദയം തുടങ്ങിയ ഭക്തിഗാനങ്ങളും വീരമണി ആലപിച്ചപ്പോള്‍ സദസ് കരഘോഷ മുഖരിതമായി.

error: Content is protected !!