ശരണംവിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ശബരിമല സന്നിധാനത്തെ മകര സംക്രമ പൂജ വ്യാഴാഴ്ച്ച രാവിലെ നടന്നു. തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. പുലര്‍ച്ചെ അഞ്ചിന് നട തുറന്ന് നിര്‍മാല്യ ദര്‍ശനത്തിനും പതിവ് അഭിഷേകത്തിനും ശേഷം 8.14 നായിരുന്നു മകരവിളക്ക് ദിവസത്തെ ഏറ്റവും പ്രധാനമായ മകര സംക്രമ പൂജ. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും കൊടുത്തുവിട്ട അയ്യപ്പ മുദ്രയിലെ നെയ്യ് തന്ത്രി കണ്ഠര് രാജീവര് അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം നടത്തി പൂജ ചെയ്തു.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, രാജു എബ്രഹാം എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍.വാസു, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. കെ.എസ്.രവി, പി.എം. തങ്കപ്പന്‍, ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ശബരിമല സ്പെഷല്‍ കമ്മീഷണര്‍ എം. മനോജ്, എ.ഡി.ജി.പി. എസ്.ശ്രീജിത്ത്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി.എസ്.തിരുമേനി തുടങ്ങിയവരും ദേവസ്വം ബോര്‍ഡിലേയും വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും ദര്‍ശനത്തിനെത്തിയ അയ്യപ്പ ഭക്തരും മകര സംക്രമ പൂജാ സമയത്ത് സോപാനത്ത് സന്നിഹിതരായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തും പരിസരങ്ങളിലും ദര്‍ശനത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.