![](https://www.konnivartha.com/wp-content/uploads/2021/01/Untitled-27-3.jpg)
ജോലിയിൽനിന്ന് പിരിച്ചുവിട്ട സ്വകാര്യ സ്കൂൾ ജീവനക്കാരൻ ഓട്ടോറിക്ഷയ്ക്കുള്ളിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സ്കൂൾ ബസ് ഡ്രൈവർ മരതൂർ സ്വദേശി ശ്രീകുമാറാണ് മരിച്ചത്. ഓട്ടോയിൽ തീകത്തുന്നതു കണ്ടു നാട്ടുകാർ അഗ്നിശമനസേനയെ വിളിച്ചുവരുത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വർഷങ്ങളായി കരിയത്തെ ചെമ്പക സ്കൂളിൽ ജോലി ചെയ്യുകയായിരുന്നു ശ്രീകുമാർ. ഇതേ സ്കൂളിൽ ആയയാണ് ശ്രീകുമാറിന്റെ ഭാര്യ. കൊവിഡിനെത്തുടർന്ന് 86 ഓളം പേരെ സ്കൂൾ അധികൃതർ പിരിച്ചുവിട്ടിരുന്നു. ഇതോടെ ഇരുവർക്കും ജോലി നഷ്ടമായി.
ജീവനക്കാർ സമരം നടത്തിയതിനെത്തുടർന്ന് തിരിച്ചെടുക്കാമെന്ന് സ്കൂൾ അധികൃതർ ഉറപ്പു നൽകിയിരുന്നു. ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയായിരുന്നു തീരുമാനം. എന്നാൽ സ്കൂൾ തുറന്നപ്പോൾ ജോലിക്കായി എത്തിയെങ്കിലും മാനേജ്മെന്റ്
നിലപാട് മാറ്റി. ഇതിൽ മനംനൊന്താണ് ശ്രീകുമാര്‍ ആത്മഹത്യ ചെയ്തതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.