പുല്‍മേട്, പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ മേഖലകളില്‍ മകരവിളക്ക് ദര്‍ശനത്തിനായി ആരേയും തങ്ങാന്‍ അനുവദിക്കില്ല
കോവിഡിന്റെ പരിമിതികള്‍ക്കിടയിലും ശബരിമല തീര്‍ഥാടനം കുറ്റമറ്റതായി മാറ്റാനായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍.വാസു. മണ്ഡല- മകരവിളക്ക് കാലത്തെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന യോഗത്തിനു ശേഷം ശബരിമല സന്നിധാനത്ത് സംസാരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.
കോവിഡ് മഹാമാരിയുടെ കാലത്ത് നടക്കുന്ന തീര്‍ഥാടന കാലമായതിനാല്‍ തന്നെ ഏറെ ശ്രമകരമായ ദൗത്യമായിരുന്നു മണ്ഡല-മകര വിളക്ക് കാലം. എന്നാല്‍, ദേവസ്വം ജീവനക്കാരുടേയും, പോലീസ്, ആരോഗ്യം തുടങ്ങി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായി പ്രതിസന്ധികളെ മറികടക്കാനായി. കോവിഡിന്റെ ബുദ്ധിമുട്ടുകളെ അവഗണിച്ചാണ് പല ജീവനക്കാരും ജോലിയില്‍ ഏര്‍പ്പെട്ടത്. മറ്റ് തീര്‍ഥാടന കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കോവിഡ് പശ്ചാത്തലത്തില്‍ ഭക്തരെ നിയന്ത്രിച്ചിരുന്നതിനാല്‍ വരുമാനത്തിലും ഇത് പ്രതിഫലിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 1,16,706 പേരാണ് വെര്‍ച്ച്വല്‍ ക്യൂ സംവിധാനത്തില്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയത്. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 14,11,36,447 രൂപയാണ് മണ്ഡല-മകരവിളക്ക് കാലത്തെ ശബരിമലയിലെ വരുമാനം. തീര്‍ഥാടന കാലത്ത് ബോര്‍ഡ് വഹിക്കേണ്ടുന്ന ചെലവിനെ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ ഈ വരുമാനം മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടും പ്രര്യാപ്തമല്ല. സര്‍ക്കാരിനോട് കൂടുതല്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ശബരിമല തീര്‍ഥാടനത്തിനായി നല്‍കിയ 40 കോടി രൂപ ഉള്‍പ്പെടെ 70 കോടി രൂപയാണ് സര്‍ക്കാരില്‍ നിന്നും ബോര്‍ഡിന് സഹായമായി ലഭിച്ചതെന്നും, തീര്‍ഥാടന കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉദാരമായ സമീപനമാണ് ഉണ്ടായതെന്നും പ്രസിഡന്റ് പറഞ്ഞു.
മകരവിളക്ക് നാളിലെ ദര്‍ശനം പൂര്‍ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാവും നടത്തുക. ജനുവരി 14 ന് മകരവിളക്ക് ദര്‍ശനത്തിനായി മുന്‍കൂട്ടി ബുക്ക് ചെയ്ത് എത്തുന്ന 5000 പേര്‍ക്ക് മാത്രമേ സന്നിധാനത്ത് സൗകര്യമുണ്ടാവുകയുള്ളു. പുല്‍മേട്, പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ മേഖലകളില്‍ മകരവിളക്ക് ദര്‍ശനത്തിനായി ആരേയും തങ്ങാന്‍ അനുവദിക്കില്ല. മകരവിളക്ക് നാളില്‍ രാവിലെ 8.14 ന് മകരസംക്രമ പൂജ നടക്കും. വൈകിട്ട് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. ജനുവരി 19 ന് മാളികപ്പുറത്ത് ഗുരുതിയും നടത്തി 20 ന് രാവിലെ മകരവിളക്ക് കാലത്തെ തീര്‍ഥാടനത്തിന് സമാപനം കുറിച്ച് നട അടയ്ക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.