ജിതേഷ്ജി
കോന്നി വാര്‍ത്ത ഡോട്ട് കോം : Celebrating Bio- Diversity യാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്‍റെ ആപ്തവാക്യം. ജൈവ വൈവിദ്ധ്യത്തെ ആഘോഷിക്കലെന്നാൽ ജൈവ വൈവിദ്ധ്യത്തെ അടുത്തറിയലാണ് .
ബയോ ഡൈവേഴ്സിറ്റി പഠനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിലെ വനങ്ങളിലൂടെ ഞാൻ യാത്ര ചെയ്തിട്ടുമുണ്ട്. ആസ്ട്രേലിയന്‍ വനങ്ങളിലെ കോലയും ഡിങ്കോയും കങ്കാരുവും പോലെയുള്ള ജന്തുജാലങ്ങൾ…ഓരോ രാജ്യത്തിന്‍റെ വനവും വ്യത്യസ്തമായ വിസ്മയക്കാഴ്ചകളാണ് എനിക്കായി കരുതിവെച്ചത്.
വിവിധ ആട് വർഗ്ഗങ്ങൾ, വിവിധ കന്നുകാലി ഇനങ്ങൾ, പൗൾട്രി ഇനങ്ങൾ എന്നിവയെ സൂക്ഷ്മമായി പഠിക്കാൻ ശ്രമിച്ചിരുന്നു. ഏറ്റവും ഒടുവിലായി എന്‍റെ പഠനം എത്തി നിൽക്കുന്നത് വിവിധയിനം നായ വർഗ്ഗങ്ങളിലാണ് . ഇതിനിടെ ഒരു നായപ്രേമി സംശയം ചോദിച്ചു. ” #ജിതേഷ്ജീ…പണ്ട് തമിഴ് നാട്ടിലെ ചെങ്കോട്ട ഭാഗത്തും തിരുവനന്തപുരം – തമിഴ്‌നാട് ബോർഡർ ഭാഗത്തുമൊക്കെ #ചെങ്കോട്ടപ്പട്ടി* എന്ന പേരിൽ ഒരു നായ വർഗ്ഗത്തെ പണ്ടൊക്കെ കണ്ടിരുന്നു. അതിന്‍റെ ഒരു പപ്പിയെ വാങ്ങാൻ എവിടെയെങ്കിലും കിട്ടുമോ?” ഞാനും ചെങ്കോട്ടപ്പട്ടിയെന്ന ശൗര്യമേറും നായ വർഗ്ഗത്തെക്കുറിച്ചുള്ള അന്വേഷണത്തിലും പഠനത്തിലുമായിരുന്നു.
കാട്ടിലൂടെ യാത്രചെയ്യുന്നവർ പുലി വേട്ടയ്ക്കായി ഉപയോഗിച്ചിരുന്ന ബ്രീഡാണ് ഇതെന്ന് ദക്ഷിണേന്ത്യൻ സഞ്ചാരികളായ പല വിദേശികളും അവരുടെ യാത്രാവിവരണങ്ങളിൽ പ്രതിപാദിക്കുന്നു. എന്തായാലും എന്‍റെ അന്വേഷണത്തിൽ ചെങ്കോട്ടപ്പട്ടി എന്നൊരു നായവർഗ്ഗം ഇന്നിപ്പോൾ നിലവിലില്ല. എന്നാൽ ചെങ്കോട്ടപ്പട്ടിയോട് സ്വഭാവ സാദൃശ്യവും ഉശിരും ശൗര്യവും ആക്രമണോത്സുകതയും ഭയരാഹിത്യവുമുള്ള ഒരു നായവർഗ്ഗം ഇപ്പോഴും തമിഴ് നാട്ടിലുണ്ട്. “കോംബൈ” എന്നാണ് ആ ഡോഗ് ബ്രീഡിന്‍റെ പേര് .
ഏതായാലും പഴയ ചെങ്കോട്ടപ്പട്ടി ഇന്ന് ഒരിടത്തും ജീവിച്ചിരിപ്പില്ലെന്ന് ഏതാണ്ട് ഉറപ്പിച്ചുപറയാൻ കഴിയും.പൂർണ്ണമായും വംശനാശം വന്നുപോയി . പഴയ ചെങ്കോട്ടപ്പട്ടിയുടെ സാദൃശ്യമുള്ള/ രൂപാന്തരം വന്ന ബ്രീഡാണ് ഇപ്പോഴത്തെ കോംബൈ നായ എന്ന് പല തമിഴ് ഡോഗ് ബ്രീഡർമ്മാരും ഉറച്ചു വിശ്വസിക്കുന്നു.
എന്‍റെ വിശ്വാസവും അങ്ങനെ തന്നെയാണ് . കോബൈ ഒരു ന്യൂ ജൻ ചെങ്കോട്ടപ്പട്ടി തന്നെ. ആയതിനാൽ കോംബൈ നായയെ പുതു ചെങ്കോട്ടപ്പട്ടി എന്ന് മലയാളി നായപ്രേമികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ പേരിട്ട് വിളിക്കാനാണ് എനിക്ക് ആഗ്രഹം.
തമിഴ് നാട്ടിലെ തേനി ജില്ലയിലെ കോംബൈ എന്ന ഗ്രാമമാണ് ഉറവിടം. 5000 രൂപ 10000 രൂപ ഏകദേശ വിലയിൽ കോംബൈ നായക്കുട്ടിയെ ലഭിച്ചേക്കും. ഇന്ത്യൻ ബ്രീഡിൽ പുലിയോടും കാട്ടുപന്നിയോടും പോരടിച്ചു നിലക്കാൻ മാത്രം അഗ്രഷനും ടെമ്പർമ്മെന്റുമുള്ള ഒന്നാന്തരം ഇൻഡ്യൻ ബ്രീഡാണ് കോംബൈ. ശൗര്യത്തിലും ഉശിരിലും പേടിയില്ലായ്മയിലും റോട്‌വൈലറിനെയും വെല്ലും.
പുലിയുടെയും പൂച്ചയുടെയും നഖം പോലെ യഥേഷ്ടം ഉള്ളിലേക്ക് വലിയുകയും ആവശ്യം വരുമ്പോൾ മാത്രം പുറത്തേക്ക് നീണ്ടുവരികയും ചെയ്യുന്ന നഖശൈലിയാണ് ഒറിജിനൽ കോബൈയുടെ ലക്ഷണം.
ചെമ്മൺ നിറത്തിൽ കാണപ്പെടുന്ന കോബൈയുടെ മൂക്കിന്‍റെ ഭാഗവും കണ്ണിന്‍റെ ഭാഗവുമൊക്കെ കറുത്ത മുഖാവരണമിട്ടതുപോലെ കരിങ്കറുപ്പായിരിക്കും. മടങ്ങി തലയോടു ചേർന്നു കിടക്കുന്ന ചെവിയും കറുത്ത മോണയും കരിനിറമുള്ള നഖങ്ങളുമൊക്കെ മികച്ച #കോംബൈ നായകളുടെ പ്രത്യേകതകളാണ് .
പുലിയുടെയും പൂച്ചയുടെയും നഖം പോലെ യഥേഷ്ടം ഉള്ളിലേക്കു വലിയുകയും ആവശ്യം വരുമ്പോൾ മാത്രം പുറത്തെക്കു നീണ്ടുവരികയും ചെയ്യുന്ന നഖശൈലിയാണു ഒറിജിനൽ കോംബൈയുടെ ലക്ഷണം.
പേരുകേട്ട സൗത്ത് ആഫ്രിക്കൻ നായവർഗ്ഗമായ റൊഡേഷ്യൻ റിഡ്ജ് ബാക്കിനോട് രൂപ സാദൃശ്യമുള്ള നായവർഗ്ഗമാണ് #കോംബൈയും പഴയ ചെങ്കോട്ടപ്പട്ടിയുമൊക്കെ.
മൻ കി ബാത്തിൽ ഈയിടെ മോഡിജി ചോദിച്ച ചോദ്യം ഏറെ പ്രസക്തമാണ് ?
എന്തിനാണ് നമുക്ക് വിദേശ നായ ബ്രീഡുകൾ? വിദേശികളെ വെല്ലുന്ന കിടിലോൽക്കിടിലൻ തനത് ഡോഗ് ബ്രീഡുകൾ ഇന്ത്യയിലുള്ളപ്പോൾ?
(എക്കോ – ഫിലോസഫറും പരിസ്ഥിതി പ്രവർത്തകനും അതിവേഗ ചിത്രകാരനുമാണ് –ജിതേഷ്ജി)