Trending Now

മാരാമണ്‍ കണ്‍വന്‍ഷന് സര്‍ക്കാര്‍തല ക്രമീകരണങ്ങളായി

 

കോന്നി വാര്‍ത്ത : ഫെബ്രുവരി 14ന് ആരംഭിക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനില്‍ ഒരു സെഷനില്‍ പരമാവധി 200 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിന് അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പേടുത്തേണ്ട ക്രമീകരണങ്ങള്‍ തീരുമാനിക്കുന്നതിന് വീണാ ജോര്‍ജ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡ പ്രകാരം പുറമേ നടത്തുന്ന പരിപാടികളില്‍ പരമാവധി 200 പേരേ മാത്രമേ അനുവദിക്കൂ എന്നതിനെ അടിസ്ഥാനമാക്കിയാണ് തീരുമാനം. 65 വയസിന് മുകളില്‍ പ്രായമുള്ളവരേയും, 10 വയസില്‍ താഴെ പ്രായമുള്ളവരേയും കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കും.

മാരാമണ്‍ ഭാഗത്തുള്ള നദിയുടെ വശം കെട്ടി സംരക്ഷിക്കുന്നതിന് പ്രപ്പോസല്‍ നല്‍കുമെന്നും കോഴഞ്ചേരി ഭാഗത്തുള്ള നദിയുടെ വശം കെട്ടുന്നതിന് പ്രപ്പോസല്‍ നല്‍കിയെന്നും പുതിയ പാലം പണി നടക്കുന്ന സ്ഥലത്തു കൂടെ ജനങ്ങള്‍ക്ക് സമ്മേളന നഗരിയില്‍ എത്താനുള്ള വഴി പിഡബ്ല്യുഡി ക്രമീകരിക്കണമെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.
പമ്പയിലെ ജലനിരപ്പ് കണ്‍വന്‍ഷന് തടസമുണ്ടാകാത്ത രീതിയില്‍ നിയന്ത്രിക്കുന്നതിന് വൈദ്യുതി വകുപ്പും പമ്പ ഇറിഗേഷന്‍ പ്രോജക്ടും ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും. ആരോഗ്യ വകുപ്പ് കണ്‍വന്‍ഷന്‍ നഗറില്‍ പ്രഥമ ശുശ്രൂഷയ്ക്കുള്ള മെഡിക്കല്‍ ടീമിനെ സജ്ജമാക്കും. കെ.എസ്.ആര്‍.ടി.സി കണ്‍വന്‍ഷന് എത്തുന്നവരുടെ സൗകര്യാര്‍ഥം ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ നടത്തും. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും തെരുവ് വിളക്കുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും അടിയന്തരമായി പൂര്‍ത്തിയാക്കും. കണ്‍വന്‍ഷന്‍ നഗറിലും പരിസര പ്രദേശങ്ങളിലും യാചക നിരോധനം ഏര്‍പ്പെടുത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് പഞ്ചായത്തുതല സ്‌ക്വാഡുകള്‍ പരിശോധന നടത്തും.
പൊതുമരാമത്ത് കെട്ടിട വിഭാഗം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നീ വകുപ്പുകള്‍ പന്തല്‍, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പരിശോധിച്ച് ആവശ്യമായ അനുമതി നല്‍കും. വാട്ടര്‍ അതോറിറ്റി കണ്‍വന്‍ഷന്‍ സ്ഥലത്തും പരിസര പ്രദേശങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. പോലീസ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ് വകുപ്പുകള്‍ കണ്‍വന്‍ഷന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മുന്‍വര്‍ഷങ്ങളിലേതുപോലെ ഏര്‍പ്പെടുത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിലുള്ള ക്രമീകരണങ്ങള്‍ അടൂര്‍ ആര്‍ഡിഒ ഏകോപിപ്പിക്കും. തിരുവല്ല, കോഴഞ്ചേരി തഹസില്‍ദാര്‍മാരെ കോ-ഓര്‍ഡിനേറ്ററായും നിയോഗിച്ചു.
യോഗത്തില്‍ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി ഫാ.ജോര്‍ജ് എബ്രഹാം, ലേഖക സെക്രട്ടറി സി.വി. വര്‍ഗീസ്, ട്രഷറാര്‍ അനില്‍ മാരാമണ്‍, സഭാ ട്രസ്റ്റി പി.പി.അച്ചന്‍കുഞ്ഞ്, മാനേജിംഗ് കമ്മിറ്റി അംഗവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അനീഷ് കുന്നപ്പുഴ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ ഭരണ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!