Trending Now

ശബരി പാത യാഥാര്‍ത്ഥ്യമാകുന്നു:ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്റെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കിഫ്ബി മുഖേന പണം ലഭ്യമാക്കും.
1997-98 ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദര്‍ശനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്‍ കണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വെ താല്പര്യം കാണിച്ചില്ല.

പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ചെലവ് 517 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 2815 കോടി രൂപയായി ഉയര്‍ന്നു.നിര്‍മാണ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയില്‍വെ എടുത്തു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ റെയില്‍വെയുടെ ചെലവില്‍ തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല.

ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാനം തയ്യാറാകണമെന്ന നിലപാടില്‍ റെയില്‍വെ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

അങ്കമാലി-ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയില്‍വെ മന്ത്രാലയം തന്നെ നിര്‍വഹിക്കണം. പാതയില്‍ ഉള്‍പ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴി നടപ്പാക്കണം. ഇതുവഴി ലഭിക്കുന്ന വരുമാനത്തില്‍ ചെലവു കഴിച്ചുള്ള തുക സംസ്ഥാനവും റെയില്‍വെയും 50:50 അനുപാതത്തില്‍ പങ്കിടണം. ഈ വ്യവസ്ഥകളോടെയാണ് 50 ശതമാനം ചെലവു വഹിക്കാന്‍ തീരുമാനിച്ചത്.

അങ്കമാലി-ശബരി പാത കൊല്ലം ജില്ലയിലെ പുനലൂര്‍ വരെ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ഭാവിയില്‍ തമിഴ് നാട്ടിലേക്ക് നീട്ടാന്‍ കഴിയും. ഈ സാധ്യതയും സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ട്. അങ്കമാലി-എരുമേലി നിര്‍ദിഷ്ട പാതയുടെ നീളം 111 കി.മീറ്റര്‍. ഇതില്‍ ഏഴു കി.മീറ്റര്‍ മാത്രം പൂര്‍ത്തിയായി.