അമ്മയ്ക്കും മകൾക്കും തണലായി സുനിൽ ടീച്ചറും, പീറ്റർ കുളങ്ങരയും

 

കോന്നി വാര്‍ത്ത : ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 188 ാമത് സ്നേഹഭവനം, ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് പീറ്റർ കുളങ്ങരയുടെ സഹായത്താൽ,പട്ടാഴിവടക്ക് തെങ്ങമൺമഠം സോനുവിലാസത്തിൽ വിധവകളായ കുട്ടിക്കും, കുട്ടിയുടെ വിധവയായ മകൾ രതിക്കും, അവരുടെ മക്കൾക്കുമായി പുതുവത്സര സമ്മാനമായി
നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ക്ലബ്ബ് അംഗമായ തോമസ് ഇലവുങ്കലും, ലൂസി ഇലവുങ്കലും ചേർന്ന് നിർവഹിച്ചു.

 

കുട്ടിയും, മകളും, കുഞ്ഞുങ്ങളും തകർന്നു വീഴാറായ ഒറ്റമുറി ഷെഡ്ഡിൽ ആയിരുന്നു വർഷങ്ങളായി താമസിച്ചിരുന്നത്. മറ്റാരും സഹായത്തിന് ഇല്ലാതെ കഴിഞ്ഞിരുന്ന ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ, പീറ്റർ നൽകിയ മൂന്നര ലക്ഷം രൂപ ഉപയോഗിച്ച് രണ്ടു മുറികളും, അടുക്കളയും, ഹാളും, ശുചിമുറിയും, സിറ്റൗട്ടും, അടങ്ങിയ വീട്, നിർമ്മിച്ചു നൽകുകയായിരുന്നു. വീട്ടിലേക്ക് ആവശ്യമായ ഡൈനിംങ് ടേബിളും കട്ടിലും വാങ്ങി നൽകുകയും ചെയ്തു.

ചടങ്ങിൽ വാർഡ് മെമ്പർ പ്രീത, മുൻ മെമ്പറായ ലിൻസി വർഗീസ്, കെ.പി. ജയലാൽ, അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.