നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീകൊളുത്തി മരിക്കാനിടയായ ഭൂമി ഉടമ വസന്തയിൽ നിന്ന് വിലകൊടുത്ത് വാങ്ങി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ. ദമ്പതികളുടെ മക്കൾക്ക് ഇവിടെത്തന്നെ ബോബി വീട് വെച്ചു നൽകും. കുട്ടികളെ തത്കാലം തൻ്റെ വീട്ടിൽ താമസിപ്പിക്കുമെന്നും വീട് പണി പൂർത്തിയായാൽ അവരെ തിരികെ കൊണ്ടുവരുമെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു.
തിരുവനന്തപുരം ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അംഗങ്ങൾ അറിയിച്ചതു പ്രകാരം താൻ തിരുവനന്തപുരത്ത് എത്തിയെന്ന് ബോബി പറയുന്നു. സ്ഥലത്തിന്റെ ഉടമയായ വസന്ത എന്ന സ്ത്രീയെ പോയി കണ്ട് അവർ അവർ പറഞ്ഞ വിലയ്ക്ക് ആ ഭൂമി വാങ്ങി. കുട്ടികളുടെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിയുടെ രേഖകൾ ഇന്ന് തന്നെ അവർക്ക് കൈമാറും. ശേഷം കുട്ടികളെ തൃശൂർ ശോഭ സിറ്റിയിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകും. കുട്ടികളുടെ സ്ഥലത്ത് വീട് പണി പൂർത്തിയായ ശേഷം അവരെ തിരിച്ചുകാണ്ടുവരും എന്നും ചെമ്മണൂർ ബ്രാൻഡ് ജനറൽ മാനേജർ അനിൽ പറഞ്ഞു. കുട്ടികൾക്ക് ബോബിയുടെ വീട്ടിലേക്ക് വരാൻ താത്പര്യമില്ലെങ്കിൽ അവിടെത്തന്നെ താത്കാലിക സൗകര്യം ഒരുക്കും
ഈ മാസം 22നാണ് നെയ്യാറ്റിൻകരയിൽ രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തർക്കമാണ് കേസിലേക്ക് എത്തിച്ചത്. തുടർന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവായി. ഇതിന് പിന്നാലെ പൊലീസ് എത്തിയതോടെ പൊലീസിനെ പിൻതിരിപ്പിക്കാൻ രാജൻ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെ തീ പടർന്നുപിടിച്ച് ഇരുവരും മരണപ്പെടുകയായിരുന്നു.
വ്യവസായി ബോബി ചെമ്മണ്ണൂർ വാങ്ങി നൽകുന്ന സ്ഥലം വാങ്ങാൻ കഴിയില്ലെന്ന് നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കൾ. നിയമപരമായി വാങ്ങാനോ വിൽക്കാനോ കഴിയാത്ത ഭൂമിയാണ് ഇതെന്നും സർക്കാർ പട്ടയം നൽകാമെന്ന് പറഞ്ഞതിനാൽ അങ്ങനെയേ ഭൂമി സ്വീകരിക്കൂ എന്നും കുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞു.
ഭൂമിയുടെ അവകാശി എന്നവകാശപ്പെടുന്ന വസന്തയുടെ കൈവശം ഭൂമി അവരുടേതാണെന്ന് തെളിയിക്കുന്ന രേഖകൾ ഇല്ലെന്ന വിവരാവകാശ രേഖ കയ്യിലുണ്ട് . അവരുടെ പേരിൽ പട്ടയം ഇല്ല. അതുകൊണ്ട് തന്നെ ഈ ഭൂമി അവർക്ക് കൈകാര്യം ചെയ്യാൻ കഴിയില്ല. ബോബി ചെമ്മണ്ണൂർ ഇതുവരെ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. സാമ്പത്തിക സഹായങ്ങൾ സ്വീകരിക്കും. ഇവിടെ ഒരു വീടൊരുക്കണം. വസന്ത എന്ന സ്ത്രീ ബോബി ചെമ്മണ്ണൂരിനെ തെറ്റിദ്ധരിപ്പിച്ചാണ് സ്ഥലം കച്ചവടം ചെയ്തിരിക്കുന്നത്. അദ്ദേഹത്തോട് ഇക്കാരങ്ങൾ അറിയിക്കുമെന്നും കുട്ടികൾ പറഞ്ഞു.